Connect with us

Thrissur

ചാവക്കാട് ഡി ഇ ഒ ഓഫീസ് പ്രവര്‍ത്തനം അവതാളത്തില്‍

Published

|

Last Updated

ചാവക്കാട്: ഡി ഇ ഒ യേയും പി എ യേയും നിരന്തരം മാറ്റുന്നതിലൂടെ ചാവക്കാട് ഡി ഇ ഒ ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. നിലവിലുണ്ടായിരുന്ന ഡി ഇ ഒ മാര്‍ച്ച് 31ന് വിരമിച്ചതോടെ ഈ വര്‍ഷം നാലാമത്തെ ഡി ഇ ഒ ആണ് ചുമതലയേറ്റത്. ഓഫീസ് ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്ന പി എ മാരുടേയും സ്ഥിതി ഇതുതന്നെ. അഞ്ചു പേരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനകം മാറിമാറി വന്നത്.
ചാവക്കാട് ചുമതലയേറ്റാല്‍ ഉടന്‍ തന്നെ സ്വന്തം തട്ടകത്തിലേക്ക് സ്ഥലംമാറ്റം വാങ്ങി പോകുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്ന് മറ്റു ജീവനക്കാര്‍ പറയുന്നു. ഇതോടെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളിലുള്ള നൂറില്‍പ്പരം സ്‌കൂളുകളിലെ ആയിരക്കണക്കിന് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമനം, ശമ്പളം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ പോലും തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലണ്. സ്പാര്‍ക്കിലൂടെ ശമ്പളം എടുക്കുന്ന സംവിധാനം വന്നതോടെ ജീവനക്കാരുടെ ഇന്‍ക്രിമെന്റ്്്, ഗ്രേഡ് തുടങ്ങിയ ആനുകൂല്യങ്ങള്‍ പാസ്സാക്കി നല്‍കാനുള്ള അധികാരം ഹെഡ്മാസ്റ്ററില്‍നിന്ന് പി എ യ്ക്കായി മാറി നല്‍കിയിരുന്നു.
എയ്ഡഡ് മേഖലയിലെ ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റ്്് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ലഭിക്കുന്നത് ജൂണ്‍ മാസത്തിലാണ്. പി എ മാരുടെ മാറ്റം മൂലം പാസാക്കി നല്‍കാത്തതിനാല്‍ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ പകുതിയോളം എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരുടെ സ്ഥിതിയും ഇതുതന്നെയാണ്.
ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ ഒരറ്റം ചെന്ത്രാപ്പിന്നിയും മറ്റൊരറ്റം പാലക്കാട്്് ജില്ലയോട് ചേര്‍ന്ന് മായന്നൂരും ആയതിനാല്‍ വളരെയേറെ യാത്രചെയ്ത് നിരവധി ആവശ്യങ്ങള്‍ക്കായി വരുന്ന സ്‌കൂള്‍ അധികൃതര്‍ക്കും ജീവനക്കാര്‍ക്കും കാര്യങ്ങള്‍ സാധിക്കാതെ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണുള്ളത്.
ഈ പ്രശ്‌നം കഴിഞ്ഞ ദിവസം ചാവക്കാട്ടെത്തിയ മന്ത്രി പി കെ അബ്ദുറബ്ബിനെ സംഘടനാപ്രതിനിധികള്‍ നേരില്‍ കണ്ട്് അറിയിക്കുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു.
ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ വിദ്യാഭ്യാസ വകുപ്പ്്് തയ്യാറാകാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കേരള എയ്ഡഡ് സ്‌കൂള്‍ ലാബ് ആന്‍ഡ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എ എ മജീദും, കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി വി മധുവും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

 

Latest