Connect with us

Gulf

വിദ്യാലയങ്ങള്‍ അടച്ചു; പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്

Published

|

Last Updated

 

ഷാര്‍ജ: വേനലവധിക്കായി വിദ്യാലയങ്ങള്‍ അടച്ചതോടെ പ്രവാസി കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്ക് യാത്ര തുടങ്ങി.
കഴിഞ്ഞ ദിവസമാണ് വിദ്യാലയങ്ങള്‍ അടച്ച് തുടങ്ങിയത്. നാളെത്തോടെ മുഴുവന്‍ വിദ്യാലയങ്ങളും പൂട്ടും. ഷാര്‍ജ അടക്കമുള്ള വടക്കന്‍ എമിറേറ്റുകളിലെ വിദ്യാലയങ്ങളാണ് വൈകി അടച്ചത്. അതേസമയം, ദുബൈയിലെ വിദ്യാലയങ്ങള്‍ നേരത്തെ അടച്ചിരുന്നു. രണ്ടു മാസത്തെ അവധിക്കുശേഷം വിദ്യാലയങ്ങള്‍ ആഗസ്ത് 30നു തുറക്കും. എങ്കിലും അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ 23നു ജോലിയില്‍ പ്രവേശിക്കണം.
പല വിദ്യാലയങ്ങളിലും പഠനം കഴിഞ്ഞ മാസം അവസാനത്തോടെ കഴിഞ്ഞിരുന്നു. രണ്ടാം പാദ പരീക്ഷക്കുശേഷമായിരുന്നു പഠനം അവസാനിപ്പിച്ചിരുന്നത്. എന്നാല്‍ വിദ്യാലയങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ ജോലിയില്‍ ഹാജരായിരുന്നു. ചില വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്കു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ശില്‍പശാലകള്‍ സംഘടിപ്പിച്ചിരുന്നു. പഠനനിലവാരവും വിദ്യാലയങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ശില്‍പശാലകള്‍. നാട്ടില്‍ നിന്നുള്ള വിദ്യാഭ്യാസ രംഗത്തെ പ്രമുഖരാണ് ക്ലാസെടുത്തത്.
ഔദ്യോഗികമായി ഷാര്‍ജ അടക്കമുള്ള സ്ഥലങ്ങളില്‍ നാളെയാണ് ഇന്ത്യന്‍ വിദ്യാലയങ്ങള്‍ പൂട്ടുക. എന്നാല്‍ അധ്യാപക-അധ്യാപകേതര ജീവനക്കാര്‍ക്ക് ഇന്നു മുതല്‍ നാട്ടിലേക്ക് യാത്രതിരിക്കാം. വെള്ളിയും, ശനിയും, വാരാന്ത്യ അവധി ദിനങ്ങളായതിനാല്‍ ഇന്നു തന്നെ പലരും നാട്ടിലേക്കു പറന്നുതുടങ്ങും. ഓപ്പണ്‍ ഹൗസുകളോടെയാണ് വിദ്യാലയങ്ങളില്‍ പലതും വേനലവധിക്കായി പൂട്ടിയത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ഓപ്പണ്‍ ഹൗസ് രക്ഷിതാക്കളുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ചില വിദ്യാലയങ്ങളില്‍ നേരത്തെ നടന്നിരുന്നു.
അടച്ചുവെങ്കിലും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം ഭാഗികമായി നടക്കും. അവധിക്കാലത്ത് വിദ്യാലയങ്ങളുടെ അറ്റകുറ്റപണികളും മറ്റും നടക്കും. അവധിക്കാലം സ്‌കൂള്‍ ബസുകള്‍ക്കു വിശ്രമകാലമാണ്. ഇനി രണ്ടു മാസക്കാലം സ്‌കൂള്‍ ബസുകള്‍ നിരത്തുകളില്‍ നിന്നു അപ്രത്യക്ഷമാകും. വിദ്യാലയങ്ങള്‍ അടച്ചതോടെ നാട്ടിലേക്കുള്ള വിമാനങ്ങള്‍ യാത്രക്കാരെ കൊണ്ടും വിമാനത്താവളങ്ങള്‍ യാത്ര അയക്കാനെത്തുന്നവരെ കൊണ്ടും നിറയും. ദുബൈ, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെല്ലാം ഇനിയുള്ള ഏതാനും നാളുകള്‍ യാത്രക്കാരെ കൊണ്ടുനിറയും.
ഭൂരിഭാഗവും ഇന്ത്യയിലേക്കുള്ള യാത്രക്കാരായിരിക്കും. അതില്‍ നല്ലൊരു ശതമാനവും മലയാളികളുമായിരിക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സാധിക്കാത്തത് യാത്രക്കാരെ ഏറെ വിഷമിപ്പിച്ചിട്ടുണ്ട്.
മലബാറിലേക്കുള്ള യാത്രക്കാരില്‍ പലരും അതുകൊണ്ടുതന്നെ കൊച്ചി, തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. മുംബൈ വഴി കേരളത്തിലേക്കുപോകുന്നവരും കുറവല്ല. കുട്ടികള്‍ക്കു പഠനം നേരത്തെ കഴിഞ്ഞതിനാല്‍ പല രക്ഷിതാക്കളും നേരത്തെ തന്നെ നാട്ടിലേക്ക് പോയിരുന്നു. തങ്ങളുടെ തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നു അവധിയെടുത്താണ് മക്കളോടൊപ്പം രക്ഷിതാക്കളും യാത്ര തിരിച്ചത്. എന്നാല്‍ മറ്റുചിലര്‍ ഓപ്പണ്‍ ഹൗസ് വരെ കാത്തിരിക്കുകയായിരുന്നു.
ഭീമമായ വിമാനയാത്രാ നിരക്കു യാത്രക്കാരെ ഏറെ വിഷമിപ്പിച്ചിരുന്നു. നിരക്ക് ഇപ്പോഴും ഉയരത്തില്‍ തന്നെയാണ്. ഈമാസാവസനംവരെയും നാട്ടിലേക്കുള്ള നിരക്കില്‍ വലിയ കുറവൊന്നും പ്രകടമല്ല. വിദ്യാലയങ്ങള്‍ അടച്ചതോടെ നിരത്തുകളില്‍ ഗതാഗത കുരുക്കു കുറഞ്ഞിട്ടുണ്ട്.

Latest