Connect with us

Articles

മക്കളേ, പാടാ പുസ്തകം...!

Published

|

Last Updated

ഭരണം
ആകെ ഞെരിപൊരി കൊള്ളുന്ന കാലമാണ്. സരിത ഒരു ഭാഗത്ത് വെളിപ്പെടുത്തലുമായി. കൂടെ ഇക്കിളിപ്പെടുത്തലും. ബാര്‍കോഴ മറുഭാഗത്ത്. ബിജു രമേശും കൂട്ടരും ആരോപണങ്ങളുടെ ലാര്‍ജുമായി. അതല്ലാതെ നൂറായിരം അലമ്പുകളും. വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി… അപ്പോഴാണ് പാഠപുസ്തകമില്ല, പാഠപുസ്തകമില്ല എന്നും പറഞ്ഞ് അലമ്പോട് അലമ്പ്. സ്‌കൂള്‍ തുറക്കുന്ന കാലത്ത് പുസ്തകം കിട്ടാറുണ്ടത്രേ. ഇക്കൊല്ലം അത് കിട്ടാക്കനി.
കുട്ടികള്‍ സമരത്തില്‍, അധ്യാപകര്‍ സമരത്തില്‍. എന്താ ചെയ്ക, ഈ ലോകം മാറിയതൊന്നും ഇക്കൂട്ടര്‍ അറിഞ്ഞില്ലേ? പുസ്തകം ഇന്റര്‍നെറ്റിലുണ്ട്. അവിടുന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക. എന്നിട്ടോ, ഫോട്ടോസ്റ്റാറ്റെടുത്ത് കുട്ടികള്‍ക്ക് കൊടുക്കുക. എന്താ പ്രശ്‌നം?

സ്‌കൂള്‍ തുറന്ന് മാസം ഒന്നായി. എന്നിട്ടെന്തായി? കുന്തായി. പുസ്തകം എവിടെ മാഷേ? എങ്ങനെയാ ക്ലാസില്‍ പോകേണ്ടത്? കുറച്ച് ഫോട്ടോസ്റ്റാറ്റ് ഉണ്ടായിരുന്നു. ഇപ്പോള്‍ അതും തീര്‍ന്നു. ഇനി?
കഥ പറഞ്ഞു കൊടുത്താലോ?
നല്ല കഥയായി. രാപകല്‍ കഥയോട് കഥ. കുട്ടികളുടെ കഥയെന്താവും?
ഫീല്‍ഡ് ട്രിപ്പ് നടത്താലോ, വല്ല കുളവും, വയലും അങ്ങനെ…
നന്നായി, കാടെവിടെ മക്കളേ, മേടെവിടെ മക്കളേ എന്നല്ലേ കവിവാക്യം. വയലും കുളവും നികന്നിട്ട് കാലമെത്രായി മാഷേ…
വായനാദിനം ഓര്‍മേണ്ടോ. എന്തൊക്കെയാണ് അന്ന് പറഞ്ഞത്? വായിക്കുക, വളരുക. പണിക്കര്‍ സര്‍ പറഞ്ഞതല്ലേ. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ച് വളര്‍ന്നാല്‍ വിളയും എന്നല്ലേ കുഞ്ഞുണ്ണി മാഷ്. നമ്മുടെ കുട്ടികള്‍ വിളയട്ടേ. അതിന് അലമാര തുറന്ന് പുസ്തകം കൊടുക്കൂ, മാഷേ
അതിന് ഇവിടെ എണ്ണിപ്പെറുക്കിയാല്‍ നല്ലത് കുറച്ചേ കാണൂ, മാഷേ…
ഇനിയെന്ത് ചെയ്യും?
ഒരു വഴിയുണ്ട്. പുസ്തക ശേഖരം, പുസ്തക ഭിക്ഷാടനം എന്നൊക്കെ പേര് നല്‍കാം. പത്തമ്പത് വീട്ടില്‍ പോയാല്‍ കുറച്ച് പുസ്തകമെങ്കിലും കിട്ടാതിരിക്കില്ല.
കുട്ടികള്‍ വീടുകളില്‍ പോയി. പുസ്തകങ്ങളുമായി വന്നു.
നല്ല വല്ലതുമുണ്ടോ എന്ന് തെരയുകയാണ്. അപ്പോഴാണ് പഴയൊരു പുസ്തകം പിടഞ്ഞെണീറ്റത്. ബാല്യകാല സഖി. മജീദും സുഹ്‌റയും അതില്‍ കിടന്ന് എത്രയോ കാലമായി കണ്ണീര്‍ വാര്‍ക്കുന്നു. ഈ പുസ്തകം സ്‌കൂളിന് നല്‍കിയ രക്ഷിതാവിനെയാണ് ആദരിക്കേണ്ടത്.
മാഷേ, ബാല്യകാല സഖിയിലെ പേജുകളില്‍ സ്‌കൂളിന്റെ സീല്.
നോക്കട്ടെ, ഇതെവിടുന്ന് കിട്ടി.
അന്വേഷണമായി.
കുട്ടികള്‍ പറഞ്ഞു. കുമാരേട്ടന്റെ വീട്ടില്‍ നിന്നാ.
സത്യമിതാണ്. കുമാരേട്ടന്‍ നാലാം ക്ലാസ് വരെ പഠിച്ചത് ഈ സ്‌കൂളിലാണ്. അന്ന് മൂപ്പര്‍ കൊണ്ടുപോയതാണ്. അതേ പുസ്തകം വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്‌കൂളിന് സംഭാവന നല്‍കുന്നു.
ഇതാണ് മാഷേ പുതിയ പാഠം

Latest