Connect with us

Kerala

പകര്‍ച്ചപ്പനി: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭവിട്ടിറങ്ങി. പ്രൊഫ. സി രവീന്ദ്രനാഥാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ആരോഗ്യരംഗത്തെ ഗുരുതരമായി ബാധിക്കുന്ന പ്രതിസന്ധിയെ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് സി രവീന്ദ്രനാഥ് കുറ്റപ്പെടുത്തി.18 ലക്ഷം പേര്‍ക്കാണ് പനി ബാധിച്ചത്. ആശുപത്രികളിലെ ഒ പി വിഭാഗത്തില്‍ പൂരത്തിന്റെ പ്രതീതിയും ഐ പി വിഭാഗം ദുരിതാശ്വാസ ക്യാമ്പിനെ അനുസ്മരിപ്പിക്കുന്നതുമാണ്. ഓരോ വര്‍ഷവും പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പുതിയ പേരിലുള്ള മാരകമായ പകര്‍ച്ചപ്പനികള്‍ സ്ഥിരീകരിച്ചശേഷവും പ്രതിരോധപ്രവര്‍ത്തനം നടത്താതെ ആരോഗ്യവകുപ്പ് നിസ്സംഗത തുടരുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ല. താലൂക്കാശുപത്രികളില്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നില്ല. 3,154 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 700 ആശുപത്രികളില്‍ ക്ലിനിക്കല്‍ ലാബ് സൗകര്യങ്ങളില്ല. 3,000 ഡോക്ടര്‍മാരുടെ പി എസ് സി ലിസ്റ്റ് നിലവിലുണ്ടെങ്കിലും നിയമനം മാത്രം നടക്കുന്നില്ലെന്നും രവീന്ദ്രനാഥ് കുറ്റപ്പെടുത്തി. ജനുവരിയില്‍ ആരംഭിച്ച പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പകര്‍ച്ചപ്പനി വ്യാപനം നിയന്ത്രിക്കാനായെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയ മന്ത്രി വി എസ് ശിവകുമാര്‍ വ്യക്തമാക്കി.
വിവിധ ആശുപത്രികളിലായി പുതുതായി 230 ഡോക്ടര്‍മാരെയും 88 സ്റ്റാഫ് നഴ്‌സുമാരെയും 86 ഫാര്‍മസിസ്റ്റുകളെയും ഉടന്‍ നിയമിക്കും. എല്ലാത്തരം പനിക്കും ആവശ്യമായ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. ആവശ്യത്തിനുളള മരുന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ ലഭ്യമാണ്. മരുന്നില്ലാത്ത ആശുപത്രികളില്‍ അവ ഉടനെത്തിക്കും. 30 കോടി രൂപയുടെ 206 ഇനം മരുന്നുകളാണ് മെഡിക്കല്‍ സപ്ലൈസ് കോര്‍പറേഷന്‍ ആശുപത്രികളിലെത്തിച്ചത്. എന്‍1 എച്ച്1 പനിക്കുള്ള 3,95,00 ഒസള്‍ട്ടാമിവീര്‍ കാപ്‌സ്യൂളുകളും സര്‍ക്കാര്‍- സ്വകാര്യാശുപത്രികളിലെത്തിച്ചു. ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി 1,961 ലെ ജീവനക്കാരുടെ പട്ടിക പരിഷ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. നിലവില്‍ സംസ്ഥാനത്ത് 5,345 ഡോക്ടര്‍മാരാണ് ജോലി ചെയ്യുന്നത്. 533 ഡോക്ടര്‍മാരുടെ കുറവുണ്ട്. എന്നാല്‍, ദേശീയ ആരോഗ്യദൗത്യം മുഖേനയുള്ള 796 ഉം കരാര്‍ അടിസ്ഥാനത്തിലുള്ള 165 ഉം അടക്കം 961 ഡോക്ടര്‍മാരെ അധികമായി നിയമിച്ചു. 125 പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ കൂടി ലാബ് സൗകര്യങ്ങള്‍ തുടങ്ങും. 125 പി എച്ച് സികളില്‍നിലവില്‍ ഇത് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ മറ്റു വകുപ്പുകളുടെ സഹായത്തോടെ പ്രതിരോധ ബോധവത്കരണ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.