Connect with us

Kerala

വിമാനത്താവളങ്ങളിലെ സ്വര്‍ണക്കടത്ത്: പോലീസിന് പരിമിതികളുണ്ടെന്ന് ആഭ്യന്തരമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി നടത്തുന്ന അനധികൃത സ്വര്‍ണക്കടത്ത് തടയുന്നതിന് സംസ്ഥാന പോലീസിന് പരിമിതികളുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 432 പേര്‍ പിടിയിലായിട്ടുണ്ട്. ഇക്കാലയളവില്‍ ആകെ 547.324 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായും വി ഡി സതീശന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ 51.38 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. 32 പേര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. നെടുമ്പാശ്ശേരിയില്‍ 195.959 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തതില്‍ 241 പേരാണ് പിടിയിലായത്. കരിപ്പൂരില്‍ 299.985 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 159 പേര്‍ പിടിയിലായി. സ്ത്രീകളും ഇപ്പോള്‍ സ്വര്‍ണക്കടത്തില്‍ പങ്കാളികളായിരിക്കുകയാണ്. സംസ്ഥാനത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിലും സുരക്ഷാക്രമീകരണങ്ങള്‍ക്കായി സംസ്ഥാന പോലീസിന്റെ പ്രത്യേക യൂനിറ്റ് പ്രവര്‍ത്തിക്കുന്നതിന് സൗകര്യമൊരുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടുത്തിടെ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ വ്യക്തമാക്കുന്നത് മൂന്ന് വിമാനത്താവളങ്ങളിലും സംസ്ഥാന പോലീസിന്റെ സാന്നിധ്യം അനിവാര്യമാണെന്നാണ്. ഭരണഘടനാപരമായി പോലിസിംഗ് സംസ്ഥാനസര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇന്നേറ്റവുമധികം ഇറക്കുമതി ചെയ്യപ്പെടുന്നത് എണ്ണയും സ്വര്‍ണവുമാണ്. അനധികൃത സ്വര്‍ണക്കടത്തിന് പ്രത്യേക റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. എന്നാല്‍, അന്താരാഷ്ട്രവിമാനത്താവളങ്ങളുടെ സുരക്ഷാച്ചുമതല കേന്ദ്ര ഏജന്‍സികള്‍ക്കായതിനാല്‍ സംസ്ഥാന പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനും ഇടപെടല്‍ നടത്തുന്നതിനും തടസ്സം നേരിടുകയാണ്.
വര്‍ധിച്ചുവരുന്ന സ്വര്‍ണക്കടത്ത് സുരക്ഷാപരിശോധനയിലുള്ള അപര്യാപ്തതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സ്വര്‍ണം സംസ്ഥാനത്ത് വിപണനം നടത്തുന്നവരെയും കൈമാറ്റം നടത്തുന്നവരെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് കര്‍ശന പരിശോധന നടത്താന്‍ ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

Latest