Connect with us

National

മാഗി നശിപ്പിക്കാന്‍ നെസ്‌ലെ ചെലവഴിച്ചത് 20 കോടി രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വില്‍പ്പന നിരോധിച്ചതോടെ മാഗി പാക്കറ്റുകള്‍ നശിപ്പിക്കാന്‍ നിര്‍മാതാക്കളായ നെസ്‌ലേ ഇന്ത്യ, അംബുജ സിമന്റ്‌സിന് നല്‍കിയത് 20 കോടി രൂപ. വിപണിയില്‍ നിന്ന് പിന്‍വലിച്ച മാഗി നൂഡില്‍സ് പാക്കറ്റുകള്‍ മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലുള്ള അംബുജാ സിമന്റ്‌സിന്റെ ഫാട്കറിയില്‍ നശിപ്പിക്കുകയായിരുന്നു. പാക്കറ്റുകള്‍ കത്തിക്കാനുള്ള ഇന്ധന ചെലവും മറ്റു ചെലവുകളുമായാണ് 20 കോടി അടച്ചതെന്ന് നെസ്‌ലേ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇത്രയും തുക ചെലവിട്ടുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ നെസ്‌ലേ കമ്പനി തയ്യാറായിട്ടില്ല.

പാക്കറ്റുകള്‍ നശിപ്പിക്കുന്നതിനുള്ള ചെലവിന് പുറമേ സ്റ്റോക്ക് കമ്പോളത്തില്‍ നിന്ന് കമ്പനിയില്‍ എത്തിക്കുന്നതിനും നശിപ്പിക്കുന്ന സ്ഥലത്ത് എത്തിക്കുന്നതിനും വേറെയും തുക ചെലവായിട്ടുണ്ട്. ഉത്പന്നം വില്‍പ്പന നിര്‍ത്തിയതും പിന്‍വലിച്ചതുമായി ബന്ധപ്പെട്ടുള്ള ഇത്തരം കാണാച്ചെലവുകളെല്ലാം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നും ഉടന്‍ പുറത്തുവിടുമെന്നും ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു. 320 കോടി രൂപയുടെ മാഗി പാക്കറ്റുകള്‍ നശിപ്പിക്കുന്നതിനുള്ള പ്രക്രിയ തുടങ്ങിയെന്നാണ് കഴിഞ്ഞ മാസം കമ്പനി അറിയിച്ചത്.
കഴിഞ്ഞ മാസം അഞ്ചിനാണ് എഫ് എസ് എസ് എ ഐ മാഗി നൂഡില്‍സിന്റെ വിവിധ വകഭേദങ്ങള്‍ കമ്പോളത്തില്‍ നിന്ന് പിന്‍വലിക്കാനും ഉത്പന്നം നിരോധിക്കാനും ഉത്തരവിട്ടത്. നിരോധം നീക്കണമെന്നാവശ്യപ്പെട്ട് കമ്പനി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Latest