Connect with us

National

ഗാസയിലെ ഇസ്‌റാഈല്‍ നരനായാട്ടിന് ഒരാണ്ട്

Published

|

Last Updated

ഗാസ സിറ്റി: ഗാസയിലെ നിരപരാധികള്‍ക്ക് മേല്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ നരനായാട്ടിന് ഒരാണ്ട് തികയുന്നു. വര്‍ഷം ഒന്ന് പൂര്‍ത്തിയാകുമ്പോഴും യുദ്ധം സൃഷ്ടിച്ച കെടുതികളില്‍ നിന്ന് ഗാസക്ക് മുക്തമാകാന്‍ കഴിഞ്ഞിട്ടില്ല. 2251 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത യുദ്ധത്തെ തുടര്‍ന്ന് ഇപ്പോഴും പതിനായിരങ്ങള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സൗകര്യങ്ങള്‍ ഇല്ലാതെ പ്രയാസം നേരിടുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴും ഗാസയിലെങ്ങും. അന്താരാഷ്ട്ര സമൂഹം ഗാസയുടെ പുനര്‍നിര്‍മാണത്തിനായി വലിയ സംഭാവനകള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും വെറും വാക്കുകളില്‍ ഒതുങ്ങി. വാഗ്ദാനം ചെയ്യപ്പെട്ട ഫണ്ടിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഫലസ്തീന് ലഭിച്ചത്. പലരും ഇപ്പോഴും യു എന്‍ അഭയാര്‍ഥിക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുകയാണ്. യുദ്ധത്തില്‍ അവയവങ്ങള്‍ നഷ്ടപ്പെട്ട നൂറുകണക്കിന് പേര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ജീവിതം തള്ളിനീക്കുന്നു. ഇബ്‌റാഹിം അബ്ദുല്‍അലീം യുദ്ധത്തിനിടെ ഒരു കാല് നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുകയാണ്. “ഞാന്‍ തകര്‍ന്നുപോയി. എനിക്കെന്റെ കാലുകള്‍ നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെട്ടു. ഗാസക്ക് പുറത്തുകടക്കാന്‍ കഴിയുന്നില്ല. കാരണം എല്ലാ ഭാഗത്തുനിന്നും ഞങ്ങളെ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഇനിയുള്ള ഒരേയൊരു ആഗ്രഹം, എല്ലാവരും നടക്കുന്നത് പോലെ നടക്കാന്‍ കൃത്രിമ കാല് സംഘടിപ്പിക്കണം. അതുമാത്രമേയുള്ളൂ”. അദ്ദേഹത്തിന്റെ വാക്കുകളാണിത്.
ഗാസയിലുടനീളം നടത്തിയ വിവേചനരഹിതമായ വ്യോമാക്രമണത്തില്‍ 12,000 വീടുകള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടിരുന്നു. ഇതിന് പുറമെ ഒരു ലക്ഷത്തിലധികം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.
അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ ഗാസക്ക് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇസ്‌റാഈല്‍ തടസ്സം സൃഷ്ടിക്കുകയാണ്. ഇവിടേക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ പോലും ഇസ്‌റാഈല്‍ അനുവദിക്കുന്നില്ല.
20,000ത്തിലധികം ഫലസ്തീനികള്‍ ഇപ്പോഴും താമസിക്കുന്നത് താത്കാലിക കേന്ദ്രങ്ങളിലാണ്. മൂന്നില്‍ രണ്ട് ശതമാനം ഫലസ്തീനികളും ഇപ്പോഴും യു എന്‍ സഹായം ആവശ്യമുള്ളവരാണ്. വളരെ കുറഞ്ഞ വീടുകള്‍ പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് മാത്രമാണ് ഇപ്പോള്‍ യു എന്‍ കൈമാറിയിട്ടുള്ളത്.
76 ആശുപത്രികളും 56 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 45 ആംബുലന്‍സുകളും ഇസ്‌റാഈല്‍ നരനായാട്ടില്‍ തകര്‍ക്കപ്പെട്ടിരുന്നു. ഇതുള്‍പ്പെടെ ഗാസയുടെ ആരോഗ്യമേഖലക്ക് 50 മില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടായി.

Latest