Connect with us

Malappuram

പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ; നെല്ലിക്കുത്തില്‍ ജനങ്ങള്‍ ദുരിതത്തില്‍

Published

|

Last Updated

മലപ്പുറം: നാട്ടുകാരുടെ പരാതി അടിയന്തിരമായി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് നല്‍കിയിട്ടും പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ തുടരുന്നതില്‍ ദുരൂഹത. മഞ്ചേരി നഗരസഭാ 23-ാം വാര്‍ഡ് നെല്ലിക്കുത്ത് ഗവ.പ്രൈമറി ഹെല്‍ത്ത് സെന്ററിന് സമീപത്തായി പൊതുമരാമത്ത് വകുപ്പ് അശാസ്ത്രീയമായി പണിത അഴുക്കുചാല്‍ മൂലം പ്രാന്ത പ്രദേശങ്ങളിലെ ഒട്ടേറെ വീട്ടുകാരുടെ കുടിവെള്ളം മലിനമാവുകയാണ്.
അഴുക്ക് ചാലിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം സമീപത്തെ പുരയിടങ്ങളിലേക്ക് പരന്നൊഴുകി കിണറുകള്‍ മലിനമാകുന്നതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ മണ്ണക്കംവള്ളി ഫൗസീന ഉള്‍പ്പടെയുള്ള നാട്ടുകാര്‍ ഒപ്പിട്ട പരാതി അധികൃതര്‍ക്ക് സമര്‍പ്പിച്ചത്. ഈ പരാതി അവഗണിച്ചതിനെ തുടര്‍ന്ന് ജില്ലാ കലക്ടരും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഉടന്‍ പരിഹരിക്കാമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ കലക്ടറെ അറിയിച്ചത്.
എന്നാല്‍ നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിലൂടെ പരാതി വീണ്ടും അധികൃതര്‍ക്ക് മുന്നിലെത്തി. നേരത്തെ പണിത അഴുക്ക്ചാല്‍ നേര്‍ ദിശയില്‍ 120 മീറ്റര്‍ കൂടി തുടര്‍ന്ന് പണിത് അടുത്ത മഴക്കാലത്തിന് മുമ്പായി പ്രശ്‌നം പരിഹരിക്കാമെന്നാണ് മഞ്ചേരി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. പരാതിക്കാരുടെ യോഗം വിളിച്ച് കൂട്ടണമെന്നും മുഖ്യമന്ത്രി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പരാതിക്കാര്‍ക്ക് പകരം വിഷയവുമായി ബന്ധമില്ലാത്തവരെ ഉള്‍പ്പെടുത്തി മരാമത്ത് വകുപ്പ് അധികൃതര്‍ യോഗം ചേര്‍ന്ന് മിനുട്‌സ് തയ്യാറാക്കുകയും, നേരത്തെ അഴുക്ക്ചാല്‍ പണിത കോണ്‍ട്രാക്ടറുടെ ബില്‍ തുക മാറാനുമുള്ള ഒത്താശ ചെയ്യുകയാണുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു. അഴുക്ക്ചാല്‍ തുടര്‍ നിര്‍മാണം നടത്താതെ അനാസ്ഥ പുലര്‍ത്തുന്ന അധികൃതരുടെ നിലപാടില്‍ നാട്ടുകാര്‍ പൊറുതി മുട്ടിയിരിക്കുകയാണ്.
ബുധനാഴ്ച പെയ്ത മഴയില്‍ പൊതു നിരത്തില്‍ അശാസ്ത്രീയമായി പണിത അഴുക്കുചാലിലെ ശക്തമായി ഒഴുകിയെത്തിയ മലിന ജലം വാര്‍ഡ് കൗണ്‍സിലര്‍ ഫൗസീന, നെല്ലിക്കുത്ത് ഹനീഫ, പി വി അബ്ദുറഹ്മാന്‍, കടവണ്ടി കുഞ്ഞിമുഹമ്മദ് തുടങ്ങി ഒട്ടേറെ വീടുകളിലേക്ക് വെള്ളം കേറി ഏറെ നാശങ്ങളുണ്ടാക്കി. നേരത്തെ പണിത അഴുക്ക്ചാലിന്റെ നടപടി ക്രമങ്ങള്‍ പുനപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പെരിന്തല്‍മണ്ണ ആര്‍ ഡി ഒക്ക് പരാതി നല്‍കി.

Latest