Connect with us

Gulf

കുറഞ്ഞ വിലക്ക് സിഗരറ്റ് ലഭ്യമാവുന്നത് കൂടുതല്‍ പുകവലിക്കാരെ സൃഷ്ടിക്കുന്നതായി വിദഗ്ധര്‍

Published

|

Last Updated

അബുദാബി: രാജ്യത്ത് കുറഞ്ഞ വിലക്ക് സിഗരറ്റ് ലഭ്യമാവുന്നത് കൂടുതല്‍ പുകവലിക്കാരെ സൃഷ്ടിക്കുന്നതായി വിദഗ്ധര്‍. വില്‍ക്കപ്പെടുന്ന നിലവാരം കുറഞ്ഞ ഇത്തരം സിഗരറ്റുകള്‍ മറ്റുള്ളവയെ അപക്ഷിച്ച് കൂടുതല്‍ അപകടകാരികളാണ്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇവ ഇടയാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൂന്നു ദിര്‍ഹത്തിനും മറ്റും ലഭിക്കുന്ന സിഗരറ്റുകളാണ് ഗുണമേന്മ കൂടിയ സിഗരറ്റുകളെക്കാള്‍ കൂടുതല്‍ അപകടകരമാവുന്നത്.
സിഗരറ്റിന്റെ ഉപഭോഗം കുറക്കാന്‍ ഭീമമായ തുക നികുതി ചുമത്താനാണ് ലോകാരോഗ്യ സംഘടന ലോക രാജ്യങ്ങളോട് ആവശ്യപ്പെടുന്നത്. പ്രശസ്തമായ കമ്പനികളുടെ ബ്രാന്‍ഡുകള്‍ക്ക് 10 ദിര്‍ഹം മുതല്‍ 20 ദിര്‍ഹം വരെ വില നല്‍കേണ്ടി വരുമ്പോഴാണ് മൂന്നു ദിര്‍ഹത്തിന് കമ്പോളത്തില്‍ നിലവാരം കുറഞ്ഞ സിഗരറ്റ് ലഭിക്കുന്നത്.
എല്ലാവിധ സിഗരറ്റുകളും ആരോഗ്യത്തിന് ഹാനികരമാണെന്നിരിക്കേ ഇത്തരം സിഗരറ്റുകള്‍ പതിന്മടങ്ങ് വിനാശകാരികളാണെന്ന് അബുദാബി എന്‍ എം സി സ്‌പെഷാലിറ്റി ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓങ്കോളജി കണ്‍സല്‍ട്ടന്റ് ഡോ. മൊഹനാദ് ദിയാബ് അഭിപ്രായപ്പെട്ടു. മറ്റ് ലോക രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിഗരറ്റിന് യൂ എ ഇയില്‍ വില കുറവാണ്. യു കെയില്‍ ഒരു പാക്കറ്റ് സിഗരറ്റിന് ശരാശരി വില 46.61 ദിര്‍ഹമാണ്. 20 സിഗരറ്റുകള്‍ ഉള്‍പെട്ട ഒരു കൂടിന് 50 ദിര്‍ഹത്തോളമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റവും വില കുറഞ്ഞ ബ്രാന്‍ഡിന് പോലും 39.12 ദിര്‍ഹം നല്‍കണം. ജര്‍മനിയില്‍ ഇത് 23.80ഉം യു എസില്‍ 8.63മാണ് ഒരു പേക്കറ്റ് സിഗരറ്റിന്റെ കുറഞ്ഞ വില. 2012ല്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠന പ്രകാരം 2010ല്‍ സിഗരറ്റിന്റെ കുറഞ്ഞ വില ഏഴു മുതല്‍ എട്ടു വരെ ദിര്‍ഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിഗരറ്റിന് വില കുറയുന്നുവെന്ന് പറഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ക്ക് അത് വാങ്ങാന്‍ സാധിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നൂവെന്നാണ് അര്‍ഥമാക്കേണ്ടതെന്ന് എല്‍ എല്‍ എച്ച് ഹോസ്പിറ്റലിലെ സ്‌പെഷലിസ്‌റ് പള്‍മനോളജിസ്റ്റായ ഡോ. ഷെഹ്‌നാസ് അബു അഭിപ്രായപ്പെട്ടു. കൂടുതല്‍ ആളുകള്‍ക്ക് വാങ്ങാന്‍ സാധിക്കുമെന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് പുകവലിക്കാന്‍ സാധിക്കുമെന്നുതന്നെയാണ്. സിഗരറ്റ് മൂന്നു ദിര്‍ഹത്തിന് വില്‍ക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും കൂടിയ വില നല്‍കേണ്ടുന്ന സ്ഥിതി ഉണ്ടായാലെ പുകവലിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ സാധിക്കൂവെന്നും അവര്‍ പറഞ്ഞു.
മറ്റ് ജി സി സി രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യു എ ഇയിലും വിലയില്‍ വലിയ ഏറ്റക്കുറച്ചലില്ല. യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് വിലയില്‍ ഭീമമായ അന്തരം പ്രകടമാവുന്നതെന്ന് അബുദാബി ബുര്‍ജീല്‍ ഹോസ്പിറ്റലിലെ റെസ്പിറാറ്ററി മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോ. ബോദി സൈച്ചാരന്‍ വ്യക്തമാക്കി.