Connect with us

Gulf

മാലിന്യ നിര്‍മാര്‍ജനം ഫലപ്രദമാവാന്‍ ജനങ്ങള്‍ ഉത്തരവാദിത്വമുളളവരാവണമെന്ന്

Published

|

Last Updated

അബുദാബി: ജനങ്ങള്‍ ഉത്തരവാദിത്വബോധമുള്ളവരായാലേ മാലിന്യനിര്‍മാര്‍ജനം ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കൂവെന്ന് വിദഗ്ധര്‍. ഉത്തരവാദിത്വബോധമില്ലാത്ത സമൂഹത്തില്‍ അതിനൂതനമായ സാങ്കേതികവിദ്യകള്‍ ഉണ്ടായാലും മാലിന്യനിര്‍മാര്‍ജനം ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഐറിഷ് എന്‍വയണ്‍മെന്റല്‍ കണ്‍സല്‍ട്ടന്‍സി എം ഡി ഫെഹിലി ടിമോണി അഭിപ്രായപ്പെട്ടു.
പുനരുപയുക്തമാക്കാവുന്ന വസ്തുക്കള്‍ നിക്ഷേപിക്കേണ്ട ഗ്രീന്‍ ബിന്നില്‍ അതിന് സാധിക്കാത്ത വസ്തുക്കള്‍ നിക്ഷേപിച്ചാല്‍ മൊത്തത്തിലുള്ള മാലിന്യനിര്‍മാര്‍ജന പദ്ധതി പാഴ്‌വേലയായി മാറും. അതീവ പ്രാധാന്യം അര്‍ഹിക്കുന്നതും നിര്‍വഹിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതുമാണ് മാലിന്യനിര്‍മാര്‍ജന പദ്ധതികളുടെ നടത്തിപ്പെന്നത് പലരും ഗൗരവത്തോടെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളില്‍ നിന്നു ശക്തമായ പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ മാലിന്യനിര്‍മാര്‍ജനം ഫലപ്രദമാവില്ലെന്ന് എന്‍വിറോസേര്‍വ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റുഏട്ട് ഫഌമിംഗും അഭിപ്രായപ്പെട്ടു. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള മാലിന്യനിര്‍മാര്‍ജന പദ്ധതിയാണ് ഷാര്‍ജയില്‍ ബീഅ നടപ്പാക്കുന്നതെന്ന് ഷാര്‍ജ വേസ്റ്റ് മാനേജ്‌മെന്റ് കമ്പനി പ്രതിനിധി നിദ അല്‍ അഹ്മദി പറഞ്ഞു. ജനങ്ങളുടെ സഹകരണമില്ലാതെ മാലിന്യനിര്‍മാര്‍ജനം സാധ്യമാവില്ല. പൊതുജനങ്ങള്‍ക്കിടയില്‍ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചും വസ്തുക്കള്‍ വ്യത്യസ്ത ബിന്നുകളില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചും ശക്തമായ ബോധവത്കരണം ആവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Latest