Connect with us

Editorial

വിജിലന്‍സ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ

Published

|

Last Updated

വിജിലന്‍സ് വകുപ്പിനെ സ്വതന്ത്രമാക്കാനുള്ള കോടതി നീക്കത്തിന് സര്‍ക്കാറിന്റെ ഇടങ്കോല്‍. വിജിലന്‍സിന് സ്വയംഭരണം നല്‍കുന്നതിനെ കുറിച്ച് പഠിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യിപ്പിച്ചിരിക്കയാണ് സര്‍ക്കാര്‍. ബാര്‍ കോഴ അന്വേഷണത്തിന് ഹൈേക്കാടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ കഴിഞ്ഞ മാസം 18നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി ബി ഐക്കു സമാനം വിജിലന്‍സിനു പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞതും ഇതേക്കുറിച്ച് പഠിക്കാന്‍ അഡ്വ. കെ ജയകുമാര്‍, അഡ്വ. പി ബി കൃഷ്ണന്‍ എന്നിവരെ അമിക്കസ്‌ക്യൂറിമാരായി നിയമിച്ചതും. പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ ഹരജിയില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നിന്ന് വിട്ടുമാറിയുള്ള ഇത്തരം കാര്യങ്ങള്‍ കോടതി പരിഗണിക്കുന്നത് ഉചിതമായില്ലെന്ന് കാണിച്ചാണ് സിംഗിള്‍ ബഞ്ചിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
അഴിമതി വിഷയത്തില്‍ സര്‍ക്കാറിന്റെ പൊയ്മുഖമാണ് ഈ അപ്പീലിലൂടെ അനാവരണം ചെയ്യുന്നത്. പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ ഹരജിയിലെ ആവശ്യം വിജിലന്‍സിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യമല്ലെങ്കിലും ബാര്‍കോഴ അന്വേഷണ ചുമതല വിജിലന്‍സിനായത് കൊണ്ടാണ് വാദം കേള്‍ക്കലിനിടെ സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വിജിലന്‍സ് വകുപ്പിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലായ്മയും അതുമൂലം കേസന്വേഷങ്ങളില്‍ അനുഭവപ്പെടുന്ന പ്രയാസങ്ങളും പരാമര്‍ശിക്കാനിടയായത്. നിലവില്‍ വിജിലന്‍സിന്റെ കേസന്വേഷണത്തിനും വിചാരണക്കും ഒട്ടേറെ സാങ്കേതിക പരിമിതികളുണ്ട്. കോടതികളുടെ കുറവും വിജിലന്‍സ് ജഡ്ജിമാരുടെ നിയമനങ്ങളിലുണ്ടാകുന്ന കാലതാമസവും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രണം ഉന്നതര്‍ക്കെതിരായ കേസുകളിലെ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഇത്തരം അന്വേഷണങ്ങളില്‍ ജനവിശ്വാസമാര്‍ജിക്കണമെങ്കില്‍ വിജിലന്‍സിന് സ്വയം ഭരണം ആവശ്യമാണെന്ന വിലയി രുത്തലിലാണ് ഇതുസംബന്ധിച്ചു ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറോടു കോടതി ആവശ്യപ്പെട്ടതും കോടതിയെ സഹായിക്കാന്‍ രണ്ടംഗ അമിക്കസ്‌ക്യൂറിയെ നിയോഗിച്ചതും.
വിജിലന്‍സിനെ കൂട്ടിലടച്ച തത്തയായി മാറാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് വിജിലന്‍സിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തോടനുബന്ധിച്ചു കഴിഞ്ഞ ജൂലൈയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അന്വേഷണ ഏജന്‍സികളെ ബാഹ്യ ഇടപെടലുകളില്‍ നിന്ന് മുക്തമാക്കി സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം സംജാതമാക്കേണ്ടത് അഴിമതിയെ മുളയിലേ നുള്ളുന്നതിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണ ഏജന്‍സികളെ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് പൂര്‍ണമായും വിമുക്തമാക്കണമെന്ന് ഭരണഘടന (ആര്‍ട്ടിക്കിള്‍ 50) നിര്‍ദേശിച്ചതുമാണ്. ഇതിനുള്ള നീക്കമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. മന്ത്രിയുടെ മേല്‍ പ്രസ്താവന ആത്മാര്‍ഥയോടെയെങ്കില്‍ കോടതിയുടെ സിംഗിള്‍ ബഞ്ചിന്റെ നീക്കത്തെ സ്വാഗതം ചെയ്യുകയും സര്‍വാത്മനാ പിന്തുണക്കുകയുമായിരുന്നു വേണ്ടത്. എന്നാല്‍ അതിന്റെ അപകടം ബാര്‍കോഴക്കേസില്‍ സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ട്. തുടക്കത്തില്‍ ഈ കേസ് അന്വേഷിച്ച എ ഡി ജി പി ജേക്കബ് തോമസിനെ പൊടുന്നനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്, അദ്ദേഹത്തിന്റെ സത്യസന്ധവും സ്വതന്ത്രവുമായ അന്വേഷണം മന്ത്രിയെ പ്രതിയാക്കുന്നിടത്തേക്കാണ് നീങ്ങുന്നതെന്ന് കണ്ടപ്പോഴായിരുന്നല്ലോ. ഇതുപോലെ അന്വേഷണം ഉന്നതരിലേക്കും സ്വന്തക്കാരിലേക്കും നീങ്ങുമ്പോള്‍ തടയിടണമെങ്കില്‍ വിജിലന്‍സിന്റെ കടിഞ്ഞാണ്‍ സര്‍ക്കാറിന്റെ കൈവശമായിരിക്കണം. അത് സ്വതന്ത്രമായാല്‍ നിനച്ചിരിക്കാതെ പലരും വലയില്‍ അകപ്പെടും.
ജനപ്രതിനിധികളിലും ഉദ്യോഗസ്ഥരിലും ഗണ്യമായൊരു ഭാഗം അഴിമതിക്കാരാണെന്നത് രഹസ്യമല്ല. അഴിമതിയുടെ സാര്‍വത്രികതയും സംസ്ഥാനത്തെ രാഷ്ട്രീയ ഉദ്യോഗസ്ഥ ക്രിമിനല്‍ കൂട്ടുകെട്ടിന്റെ കാര്യവുമൊക്കെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് പോള്‍ തുറന്നടിച്ചതുമാണ്. നമ്മുടെ രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന ഓരോ ഒരു രൂപയിലും എട്ട് പൈസ മാത്രമാണ് യഥാസ്ഥാനത്ത് എത്തുന്നത്. ബാക്കിയത്രയും ഇടത്തട്ടുകാരുടെയും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റുകളില്‍ വീഴുകയാണ്. വിജിലന്‍സ് സ്വതന്ത്രമായാല്‍ ഇവരുടെ അനധികൃത സമ്പാദനം വലിയൊരളവോളം നിലക്കുമെന്നതിനാല്‍ അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമാക്കേണ്ടതിന്റെ അനിവാര്യത വലിയ വായില്‍ പറയുകയല്ലാതെ ആരും അതാഗ്രഹിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കോടതി വിജിലന്‍സിന് സ്വയം ഭരണം നല്‍കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങിയ ഉടനെ തന്നെ സര്‍ക്കാര്‍ അതിന് തുരങ്കം വെക്കാനുള്ള സാധ്യത പലരും ചൂണ്ടിക്കാട്ടിയതാണ്.

---- facebook comment plugin here -----

Latest