Connect with us

International

സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം 40 ലക്ഷം കവിഞ്ഞു: യു എന്‍

Published

|

Last Updated

ദമസ്‌കസ്: ആഭ്യന്തര യുദ്ധം ശക്തമായി തുടരുന്ന സിറിയയില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 40 ലക്ഷം കവിഞ്ഞതായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സി യു എന്‍ എച്ച് സി ആര്‍. ഇവിടെ നിന്ന് പലായനം ചെയ്തവര്‍ ഏറിയ ഭാഗവും അഭയം തേടിയെത്തിയിരിക്കുന്നത് അയല്‍ രാജ്യങ്ങളിലാണ്. തുര്‍ക്കിയില്‍ മാത്രം 20 ലക്ഷം പേര്‍ അഭയം തേടിയെത്തിയതായി യു എന്‍ ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ യു എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന വ്യത്യസ്ത യുദ്ധങ്ങളുമായി താരതാമ്യം ചെയ്യുമ്പോള്‍ സിറിയന്‍ യുദ്ധത്തെ തുടര്‍ന്ന് ഇവിടെ നിന്ന് പലായനം ചെയ്തവരുടെ എണ്ണം റെക്കോര്‍ഡാണ്.
പുതിയ അഭയാര്‍ഥികളുടെ പ്രവാഹം തുര്‍ക്കിയിലേക്ക് ആരംഭിച്ചതോടെ മൊത്തം 40,13,000 പേര്‍ സിറിയയില്‍ നിന്ന് അയല്‍രാജ്യങ്ങളില്‍ അഭയം തേടിയെത്തി. അതേസമയം, സിറിയയില്‍ തന്നെ ഭവനരഹിതരാകുകയോ മറ്റു പ്രദേശങ്ങളില്‍ അഭയം തേടുകയോ ചെയ്തവരുടെ എണ്ണം ഇതിലും എത്രയോ അധികമാണ്. ഇങ്ങനെ കഴിയുന്നവരുടെ എണ്ണം 75 ലക്ഷം കവിയുമെന്ന് കണക്കുകള്‍ പറയുന്നു. 20 ലക്ഷത്തിനടുത്ത് സിറിയക്കാര്‍ക്ക് അഭയം നല്‍കാന്‍ തുര്‍ക്കി സന്നദ്ധത കാണിച്ചിരുന്നു. ലോകത്തില്‍ ഏറ്റവും കുടുതല്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്ന രാജ്യമായി ഇതോടെ തുര്‍ക്കി മാറി. ഇറാഖില്‍ അഭയാര്‍ഥികളായി എത്തിയ സിറിയക്കാര്‍ 2,49,726 ആണെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. ജോര്‍ദാനില്‍ 6,29,128 പേരും ഈജിപ്തില്‍ 1,32,375 പേരും ലബനാനില്‍ 11,72,753 പേരും അഭയാര്‍ഥികളായി എത്തിയിട്ടുണ്ട്.
യു എന്‍ എച്ച് സി ആര്‍ ഇപ്പോള്‍ പുറത്തുവിട്ട കണക്കില്‍ യൂറോപ്പില്‍ അഭയം തേടാന്‍ അപേക്ഷനല്‍കിയ 2,70,000 പേരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിന് പുറമെ മറ്റു രാജ്യങ്ങളില്‍ അഭയം തേടിയെത്തിയ സിറിയക്കാരെയും ഉള്‍പ്പെടുത്തിയിട്ടില്ല.
ലോക സമൂഹത്തിന്റെ ശ്രദ്ധ അടിയന്തരമായി ഈ അഭയാര്‍ഥികളുടെ മേല്‍ ഉണ്ടായിരിക്കണമെന്നും ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ ദാരിദ്ര്യത്തിന്റെ പിടിയിലാണെന്നും യു എന്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധം തുടങ്ങി അഞ്ച് വര്‍ഷമായെങ്കിലും ഇതുവരെയും പ്രശ്‌നപരിഹാര സാധ്യതകള്‍ തെളിഞ്ഞുവന്നിട്ടില്ല. 2011ല്‍ ആഭ്യന്തര കലാപം ആരംഭിച്ചതുമുതല്‍ 2,20,000ത്തിലധികം സിറിയക്കാര്‍ കൊല്ലപ്പെട്ടു.

Latest