Connect with us

National

വ്യാപം അന്വേഷണം: ചൗഹാന് താത്കാലിക ആശ്വാസം; മോദിക്ക് തലവേദന

Published

|

Last Updated

ന്യൂഡല്‍ഹി/ ഭോപ്പാല്‍: വ്യാപം നിയമന അഴിമതിയും ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ദുരൂഹ മരണങ്ങളും സി ബി ഐക്ക് വിട്ടുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ഒരര്‍ഥത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന് ആശ്വാസമാകുമ്പോള്‍ തന്നെ മറ്റൊരര്‍ഥത്തില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടി ബി ജെ പിക്കും കൂടുതല്‍ തലവേദനയാകുമെന്ന് വിലയിരുത്തല്‍. ഇപ്പോള്‍ മധ്യപ്രദേശില്‍ കേന്ദ്രീകരിച്ച പ്രതിഷേധങ്ങളുടെ കേന്ദ്രം ഇനി ഡല്‍ഹിയായിരിക്കും. സി ബി ഐ അന്വേഷണത്തില്‍ കൃത്യമായ പുരോഗതിയും നിഗമനങ്ങളും ഉണ്ടായില്ലെങ്കില്‍ ഇനി ഉത്തരം പറയേണ്ടി വരിക പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരിക്കും. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കാനിരിക്കെ സഭയില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് കേസ് വഴിവെക്കും. കേസ് സിബി ഐക്ക് വിട്ടില്ലേ, അന്വേഷണം നടക്കെട്ടെയെന്ന് സര്‍ക്കാറിന് പറയാനാകും. അഴിമതിയേക്കാളേറെ കേസുമായി ബന്ധപ്പെട്ടവരുടെ ദുരൂഹ മരണമാകും പൊതു ജന ശ്രദ്ധയില്‍ വരിക. ഇവയില്‍ പലതിന്റെയും ചുരുളഴിക്കുക അത്ര എളുപ്പമാകില്ല. അവയില്‍ ചിലതെങ്കിലും കേസുമായി ബന്ധമില്ലെന്ന നിഗമനത്തില്‍ സി ബി ഐക്ക് എത്തിച്ചേരേണ്ടി വന്നേക്കാം. അപ്പോള്‍ കേന്ദ്രം ഇടപെട്ടുവെന്ന വിമര്‍ശം ഉയരും.
സി ബി ഐ വരുന്നത് അന്വേഷണത്തിന്റെ വേഗം കുറക്കുകയാകും ചെയ്യുകയെന്ന വിമര്‍ശം ശക്തമാണ്. പ്രത്യേക കര്‍മ സേനയും (എസ് ടി എഫ്) പ്രത്യേക അന്വേഷണ സംഘവും (എസ് ഐ ടി) നടത്തിയ അന്വേഷണങ്ങള്‍ പാതിവഴിയില്‍ ഒടുങ്ങും. അവര്‍ ശേഖരിച്ച തെളിവുകളും രേഖകളും മറ്റും സി ബി ഐയെ ഏല്‍പ്പിക്കണ്ടതുണ്ട്. ഇത് നിയമപരമായി അനിവാര്യമാണെങ്കിലും ഈ കൈമാറ്റത്തിന് സമയമെടുക്കുമെന്നതാണ് സത്യം. സങ്കീര്‍ണമായ കേസ് സ്വാഭാവികമായും നീളും. ഇത്തരത്തിലുള്ള കാലതാമസങ്ങള്‍ സി ബി ഐ അന്വേഷണം ഇഴയുന്നതിന് കാരണമാകും.
ദുരൂഹ മരണങ്ങളിലാകും സി ബി ഐയുടെ പ്രാഥമിക ശ്രദ്ധ പതിയുക. ഏറ്റവും ഒടുവില്‍ എം ബി ബി എസ് വിദ്യാര്‍ഥി നമ്രതാ ദാമോദര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് അവഗണിച്ചുവെന്ന് ആക്ഷേപമുയര്‍ന്നു. കൊലപാതകത്തിനുള്ള നിരവധി തെളിവുകള്‍ റിപ്പോര്‍ട്ട് അവശേഷിപ്പിക്കുന്നുണ്ടെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ് ഉറച്ച് നില്‍ക്കുകയായിരുന്നു.
പോലീസിന്റെ നിഗമനങ്ങളെ തള്ളിക്കൊണ്ടു മാത്രമേ പലപ്പോഴും സി ബി ഐക്ക് മുന്നോട്ട് പോകാനാകൂ. കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം സി ബി ഐ ചുമലില്‍ വരുന്നു. ഇത്രയും വാര്‍ത്താ പ്രാധാന്യം കൈവരിച്ചു കഴിഞ്ഞ, വര്‍ഷങ്ങളുടെ പഴക്കമുള്ള കേസില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉയരുന്ന പഴി വളരെ കടുത്തതായിരിക്കും.
അത് ബി ജെ പിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകും. ശരിയായ അന്വേഷണം നടന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ഏതൊക്കെ ഉന്നതര്‍ കുടുങ്ങുമെന്ന ചോദ്യം വേറെയും.

---- facebook comment plugin here -----

Latest