Connect with us

Kerala

വിഴിഞ്ഞം: മുഖ്യമന്ത്രിയെ പിന്തുണച്ച് കെ പി സി സി

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് കെ പി സി സി. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി സര്‍ക്കാറിനു മുന്നോട്ടുപോകാമെന്നും ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് നടത്തിയിട്ടില്ലെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡില്‍ നിന്ന് പദ്ധതിക്ക് ഒരെതിര്‍പ്പുമുണ്ടായിട്ടില്ല. കോണ്‍ഗ്രസ് ദേശീയ വക്താവ് തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. പാര്‍ട്ടി ഹൈക്കമാന്‍ഡില്‍ നിന്നും കെ പി സി സിക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു സന്ദേശവും ലഭിച്ചിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ഉചിതമായ തീരുമാനങ്ങളുമായി സര്‍ക്കാറിനു പദ്ധതിയുടെ കാര്യത്തില്‍ മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പാഠപുസ്തകം അച്ചടിച്ച് വിതരണം ചെയ്യുന്നതിലുണ്ടായ വീഴ്ച അംഗീകരിക്കാനാകില്ലെന്ന് വി എം സുധീരന്‍ വ്യക്തമാക്കി. പാഠപുസ്തകം അച്ചടി സംബന്ധിച്ചും വിതരണം സംബന്ധിച്ചും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു. വലിയ പോരായ്മയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായത്. കെ പി സി സി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു. എത്രയും വേഗം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. കെ പി സി സി എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.
യോഗത്തില്‍ സര്‍ക്കാറിന്റെ നികുതി നയത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. സിനിമാ മേഖലയില്‍ ഏര്‍പ്പെടുത്തിയ നാലു ശതമാനം മൂല്യവര്‍ധിത നികുതി പിന്‍വലിക്കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
2013ല്‍ കാലാവധി തീര്‍ന്ന നഴ്‌സിംഗ് കൗണ്‍സില്‍ പുന:സംഘടിപ്പിക്കണം. ഭൂനികുതി വര്‍ധന, സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധന, ഖാദി തുണിത്തരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം നികുതി എന്നിവ പിന്‍വലിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി.