Connect with us

Kerala

കേരള സര്‍വകലാശാലയുടെ അടച്ചുപൂട്ടിയ 10 ബി എഡ് സെന്ററുകള്‍ തുറക്കും

Published

|

Last Updated

തിരുവനന്തപുരം: അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ ഏഴ് മാസമായി അടച്ചുപൂട്ടിയിരുന്ന കേരള സര്‍വകലാശാലയുടെ പത്ത് ബി എഡ് സെന്ററുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സര്‍വകലാശാല ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്ററുകളില്‍ ഈ മാസം 13ന് ക്ലാസുകള്‍ ആരംഭിക്കും. ബി എഡ് സെന്ററുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് 108 അധ്യാപകരുടെ ജോലിയാണ് നഷ്ടമായിരുന്നത്. ഇതില്‍ 63 അധ്യാപകരെ കോളജുകളില്‍ തിരികെ നിയമിക്കും. എന്‍ സി ടി ഇ, സര്‍ക്കാര്‍ നിബന്ധനകള്‍ക്കനുസൃതമായിട്ടായിരിക്കും നിലവിലുള്ള അധ്യാപകരെയും ഫിസിക്കല്‍ എജ്യൂക്കേഷന്‍, പെര്‍ഫോമിംഗ് ആര്‍ട്‌സ് തുടങ്ങിയ വിഷയങ്ങളില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെയും നിയമിക്കുന്നത്.
സീനിയോറിറ്റി പ്രകാരം പത്ത് പേരെ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് കോ- ഓഡിനേറ്റര്‍മാരായി നിയമിക്കും. മുഖ്യവിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് സീനിയോറിറ്റി അടിസ്ഥാനത്തില്‍ പത്ത് അധ്യാപകരെ ഗസ്റ്റ് ഫാക്കല്‍റ്റിയായി നിയമിക്കും. ഇവരെ സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കാനായിരിക്കും ചുമതലപ്പെടുത്തുക. അവശേഷിക്കുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിന് ബി എ, ബി എഡ്, ബി എസ്‌സി എഡ് തുടങ്ങിയ പുതിയ കോഴ്‌സുകള്‍ ഈ അക്കാദമിക വര്‍ഷം തന്നെ ആരംഭിക്കും. ഇതുസംബന്ധിച്ച വിശദമായ രൂപരേഖ തയ്യാറാക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തി. ശേഷിക്കുന്ന അധ്യാപകരെ സീനിയോറിറ്റിയും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ച് സര്‍വകലാശാലയിലെ അനുചിതമായ മറ്റ് ഒഴിവുകളില്‍ നിയമിക്കും. നിലവിലുള്ള എല്ലാ അനധ്യാപക ജീവനക്കാരെയും 13 മുതല്‍ നിയമനം നടത്തും. 67 അനധ്യാപക ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായിരുന്നത്.
സെന്ററുകള്‍ പുനരാരംഭിക്കുന്നത് നിമിത്തമുള്ള അധിക സാമ്പത്തികബാധ്യത നേരിടാന്‍ പ്രത്യേക ഗ്രാന്റിന് സര്‍ക്കാരിനെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി.