Connect with us

Kerala

സമസ്ത മുശാവറ അംഗം വൈലത്തൂര്‍ ബാവ മുസ്ല്യാര്‍ വഫാത്തായി

Published

|

Last Updated

മലപ്പുറം: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജ്ം ഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ഗ്രന്ഥകാരനുമായിരുന്ന വൈലത്തൂര്‍ അത്താണിക്കല്‍ നന്തനിയില്‍ സൈതാലിക്കുട്ടി എന്ന ബാവ മുസ്‌ലിയാര്‍(79) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി തലക്കടത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയാണ് മരണം.

പിളര്‍പ്പിന് മുമ്പേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗമായ ബാവ ഉസ്താദ് ഇപ്പോള്‍ ഫത്‌വ കമ്മിറ്റി, ഫിഖ്ഹ് കൗണ്‍സില്‍ എന്നിവയില്‍ കൂടിയ അംഗമാണ്. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ്, ചിലവില്‍ മഹല്ല് ഖാസി, അത്താണിക്കല്‍ സുന്നി സെന്റര്‍, വൈലത്തൂര്‍ ടൗണ്‍ സുന്നി മസ്ജിദ്, മസ്ജിദുല്‍ ഫലാഹ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചുവരികയായിരുന്നു.

വീട്ടില്‍ നിന്നും മയ്യിത്ത് കുളിപ്പിച്ച് ഉച്ചക്ക് രണ്ടോടെ സുന്നി സെന്ററില്‍ എത്തിച്ചു. ഇവിടെ പലതവണകളായി മയ്യിത്ത് നിസ്‌കാരം നടന്നു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, കോട്ടൂര്‍ കുഞ്ഞമ്മു മുസ് ലിയാര്‍, തിരൂര്‍ക്കാട് കുഞ്ഞുട്ടി തങ്ങള്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ഏളങ്കൂര്‍ മുത്തുകോയ തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി കെ ഹൈദ്രോസ് മാസ്റ്റര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് വൈകീട്ട് അഞ്ചോടെ ചിലവില്‍ മഹല്ല് ഖബറസ്ഥനില്‍ മയ്യിത്ത് ഖബറടക്കി.

തിരൂരിന് സമീപം താനാളൂരിലാണ് ബാവമുസ്‌ലിയാരുടെ ജനനം. പിതാവ് നന്തലയില്‍ സെയ്താലിക്കുട്ടി. മാതാവ് മങ്ങാട്ടയില്‍ ബീരാന്റെ പുത്രി കുഞ്ഞിക്കദിയ ഹജ്ജുമ്മ. നാട്ടിലെ ഓത്തുപള്ളിയില്‍ നിന്ന് മുഹമ്മദ് കുട്ടി മൊല്ലയുടെ കീഴില്‍ ഖുര്‍ആന്‍ പഠിച്ചു. അത്താണിക്കല്‍ ജി എല്‍ പി സ്‌കൂളില്‍ നിന്ന് അഞ്ചാം തരവും പാസായി. ചെലൂരില്‍ കരിങ്കപ്പാറ മുഹമ്മദ്കുട്ടി മുസ്‌ലിയാരുടെ അടുത്ത് നിന്നാണ് ദര്‍സ് പഠനത്തിന് തുടക്കം. എന്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പാങ്ങില്‍ അബ്ദുല്ല മുസ്‌ലിയാര്‍, കരുവള്ളി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കാപ്പാട് ഇബ്‌റാഹീം മുസ്‌ലിയാര്‍, തുരൂരങ്ങാട് ബാപ്പു മുസ്‌ലിയാര്‍ എന്നിവരാണ് മറ്റ് ഗുരുനാഥന്മാര്‍. ദയൂബന്ധ് ദാറുല്‍ ഉലൂമില്‍ നിന്ന് എം എ ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്.

തയ്യാലിങ്ങല്‍ മുദരിസായി ചേര്‍ന്ന് കൊണ്ടാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. രണ്ട് വര്‍ഷത്തിന് ശേഷം തിരൂരങ്ങാടി വലിയ പള്ളിയിലേക്ക് മാറി. പിന്നീട് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ക്ഷണം സ്വീകരച്ച് വളവന്നൂര്‍ പഴയ ജുമുഅത്ത് പള്ളിയില്‍ മൂദരിസായി. ബാപ്പു മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്ന് വളവന്നൂര്‍ വിട്ട് വെളിമുക്ക് ജുമുഅത്ത് പള്ളി ദര്‍സില്‍ ഒരു വര്‍ഷവും ചെമ്മങ്കടവ് ദര്‍സില്‍ ഒരു വര്‍ഷവും സേവനമനുഷ്ടിച്ചു. തുടര്‍ന്ന് പതിമൂന്ന് വര്‍ഷം ഓമച്ചപ്പുഴ ദര്‍സിലായിരുന്നു. അവിടം വിട്ട ശേഷം ഒ കെ ഉസ്താദിന്റെ നിര്‍ദേശ പ്രകാരം ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന കോളജില്‍ ചേരുകയായിരുന്നു.

മികച്ചൊരു സാഹിത്യകാരന്‍ കൂടിയായിരുന്നു ബാവ മുസ്‌ലിയാര്‍. തഖ്‌ലീദ്, കറാമത്ത് മുഅ്ജിസത്ത്, നിസ്‌കാര ക്രമം, കര്‍മശാസ്ത്രം, ആരാധനാക്രമങ്ങള്‍, പ്രശസ്ത അറബി വ്യാകരണ ഗ്രന്ഥമായ അല്‍ഫിയ്യയുടെ വിശദീകരണമായ “അത്തല്‍മീഹ”്, ബദ്‌റ്, ഉഹ്ദ് ശുഹദാക്കളെ പ്രകീര്‍ത്തിക്കുന്ന “മിഫ്താഉള്ളഫ്‌രി വല്‍മജ്ദി ബിത്തവസ്സുലി അഹ്‌ലില്‍ ബദ്‌രി വല്‍ഉഹ്ദി” തുടങ്ങി മലയാളത്തിലും അറബിയിലുമായി അന്‍പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. മികച്ച രചനക്കുള്ള രണ്ട് അവാര്‍ഡുകള്‍ ബാവമുസ്‌ലിയാര്‍ക്ക് ലഭിച്ചിട്ടുണ്ട്. കോടമ്പുഴ മആരിഫിന്റെ ഇമാം ഗസ്സാലി അവാര്‍ഡും, പുത്തനത്താണി റിസര്‍ച്ച് സെന്റര്‍ അവാര്‍ഡും.

Latest