Connect with us

Kasargod

പി ടി എ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് അധ്യാപകര്‍ക്ക് സ്ഥലംമാറ്റം

Published

|

Last Updated

കാഞ്ഞങ്ങാട്: വ്യത്യസ്തമായ പഠന-പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതടക്കം പ്രശംസയ്ക്ക് പാത്രമായ അരയി ഗവ. യു.പി.സ്‌കൂളിനെ തകര്‍ക്കാന്‍ ഗൂഢനീക്കം.
വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ നിസ്സഹകരിക്കുന്ന നാല് അധ്യാപകര്‍ക്കെതിരെ അധ്യാപക-രക്ഷാകര്‍ത്തൃസമിതി വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകരായ പി ഈശാനന്‍, വി കെ സുരേഷ്ബാബു, വിനോദ്കുമാര്‍ മണിയറവീട്ടില്‍, പ്രമോദ് കാടങ്കോട് എന്നിവരെ യഥാക്രമം ജി എച്ച് എസ് എസ് കുണിയ, ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട്, ജി എച്ച് എസ് എസ് ചെര്‍ക്കള സെന്‍ട്രല്‍, ജി യുപിഎസ് പറക്കളായി എന്നീ വിദ്യാലയങ്ങളിലേക്ക് സ്ഥലംമാറ്റുകയുണ്ടായി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വാസ്തവവിരുദ്ധമായ വാര്‍ത്തകളും പ്രചരിപ്പിച്ച് വിജിലന്‍സ് അന്വേഷണം പോലുള്ള തികച്ചും അനാവശ്യമായ ദുര്‍വ്യവഹാരരീതികളും നടത്തി ഒരു സര്‍ക്കാര്‍ വിദ്യാലയത്തെ ഇല്ലാതാക്കുവാനാണ് ശ്രമം – സമിതി പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.
അരയി; ഒരുമയുടെ തിരുമധുരം പദ്ധതിയിലൂടെ നാട്ടുകാര്‍ കൂട്ടമായി നടത്തിയ പരിശ്രമത്തിലൂടെയാണ് കുട്ടികളുടെ എണ്ണം 95 ല്‍ നിന്ന് 207 ലേക്ക് ഉയര്‍ന്നത്. പുതുതായി എത്തിയ കുട്ടികളേയും രക്ഷിതാക്കളേയും ധാര്‍മ്മികമായി ക്ഷീണിപ്പിക്കുകയും നേട്ടങ്ങളെ ഇല്ലാതാക്കി നാടിന്റെ ഒരുമയെ തളര്‍ത്തുകയാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ കൂട്ടായ്മയെ തകര്‍ക്കാനുള്ള നടപടിക്കെതിരെ നിയമപരവും ധാര്‍മികവുമായ നടപടികളുമായി മുന്നോട്ട് പോകാന്‍ അധ്യാപക-രക്ഷാകര്‍ത്തൃസമിതി ഐകകണ്‌ഠേന തീരുമാനിച്ചു. യോഗത്തില്‍ പി ടി എ പ്രസിഡന്റ്് പി രാജന്‍ അധ്യക്ഷത വഹിച്ചു. കെ വി സൈജു പ്രമേയം അവതരിപ്പിച്ചു.