Connect with us

Kozhikode

മത്സ്യ തൊഴിലാളികള്‍ പ്രക്ഷോഭത്തിന്‌

Published

|

Last Updated

കോഴിക്കോട്: പുതിയാപ്പ ഹാര്‍ബര്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രതിസന്ധികള്‍ക്കെതിരെ ഹാര്‍ബര്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ മത്സ്യ തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സര്‍ക്കാറുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന ഫണ്ടുകള്‍ ഉപയോഗിച്ച് ഏതൊക്കെ തരത്തില്‍ ഹാര്‍ബറിനെ നശിപ്പിക്കുന്ന രീതിയില്‍ ഉപയോഗിക്കാമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് പുതിയാപ്പ ഫിഷിംഗ് ഹാര്‍ബര്‍. അതിന്റെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷം ആരംഭിച്ച 11.5 കോടി രൂപയുടെ മണ്ണെടുപ്പ്. 10 മാസം കൊണ്ട് പണിതീര്‍ക്കാമെന്ന് പറഞ്ഞാരംഭിച്ച ജോലി ഇതു വരെ പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ മെയ് മാസം മുന്നറിയിപ്പില്ലാതെ മണ്ണെടുപ്പ് നിര്‍ത്തിയതിനാല്‍ ബോട്ടുകള്‍ക്ക് ഹാര്‍ബറിനകത്തേക്ക് ചാനലിലൂടെ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.
ചാനലില്‍ വെച്ച് ബോട്ടുകള്‍ മണല്‍ തിട്ടയില്‍ തട്ടി അപകടങ്ങള്‍ ഉണ്ടാവുന്നതുമൂലം നഷ്ടങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്. ആഴ്ചകളോളം മണ്ണെടുപ്പ് മുടങ്ങിക്കിടക്കുന്ന സാഹചര്യങ്ങളില്‍ ഹാര്‍ബര്‍ വികസന സമിതി ഉദ്യോഗസ്ഥരെ നേരിട്ടറിയിക്കുമെങ്കിലും നിര്‍ത്തിവച്ച പണികള്‍ വളരെ വൈകിയാണ് തുടങ്ങാറ്. പിന്നീട് പല തവണ പരാതികളുമായി ചെല്ലുമ്പോഴും ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ് പതിവ്. മണ്ണെടുപ്പിലൂടെ കൊള്ളയാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും ഹാര്‍ബര്‍ വികസന സമിതി അംഗങ്ങള്‍ പറഞ്ഞു.
മണല്‍ തിട്ടയില്‍ തട്ടി വള്ളങ്ങള്‍ക്ക് മത്സ്യ ബന്ധനം നടത്താന്‍ സാധിക്കാത്തതു മൂലം തൊഴിലാളികള്‍ പട്ടിണിയിലാണ്. മത്സ്യത്തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ തള്ളിക്കളയുന്ന നിലവിലെ സാഹചര്യത്തില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഹാര്‍ബര്‍ വികസന സമിതി പറഞ്ഞു.

Latest