Connect with us

Malappuram

ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതി; പരീക്ഷണോത്പാദനം തുടങ്ങി

Published

|

Last Updated

നിലമ്പൂര്‍: ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉത്പദാനത്തിന് തുടക്കമായി.
ഇന്നലെ ഉച്ചതിരിഞ്ഞ് മുന്ന് മണിയോടെയാണ് ഉത്പാദനം തുടങ്ങിയത്. കാഞ്ഞിരപ്പുഴയിലെ ജലസമൃദ്ധി ഉപയോഗിച്ചാണ് വൈദ്യുതോത്പാദനം. 3.5 മെഗാവാട്ട വൈദ്യുതി ഉല്‍പ്പാദനമാണ് പദ്ധതിയുടെ ലക്ഷ്യം. 1.5ന്റെ രണ്ടും 0.5ന്റെ ഒന്നും മെഗാവാട്ട് ശേഷിയുള്ള ജനറേറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മൂന്ന് ജനറേറ്ററുകളും പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു. ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിന് 1.25 കിലോമീറ്റര്‍ മുകളില്‍ മായംപള്ളിയില്‍ നിര്‍മിച്ച തടയണ വഴി തുരങ്കത്തിലൂടെ വെള്ളം പവര്‍ ഹൗസിലെത്തിച്ചാണ് വൈദ്യുതി ഉത്പാദനം. നിലമ്പൂര്‍ സബ് സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിച്ച് ഇവിടെ നിന്നുമാണ് ലൈനുകളിലേക്ക് കടത്തിവിടുക.
തടയണയുടെ ഷട്ടര്‍ തുറന്ന് തുരങ്കത്തിലൂടെ വെള്ളം കടത്തിവിട്ട് 10 മീറ്റര്‍ വ്യാസവും 13 മീറ്റര്‍ താഴ്ചയമുള്ള ഭൂഗര്‍ഭ സംഭരണിയില്‍ വെള്ളം നിറച്ചായിരുന്നു പ്രവര്‍ത്തനം. 984 മീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള തുരങ്കത്തിലൂടെ സുഗമമായി വെള്ളം ഒഴുകി സംഭരണിയിലെത്തി. 254 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വ്യാസവുമുള്ള പെന്‍സ്റ്റോക്ക് പൈപ്പ് നിറച്ചുള്ള പരിശോധന വിജയകരമായിരുന്നു. വര്‍ഷക്കാലത്തുള്ള വൈദ്യുതി ഉല്‍പ്പാദനമാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെങ്കിലും വേനലിലും ചെറിയ ജനറേറ്റര്‍ പ്രവര്‍ത്തിക്കാനാവശ്യമായ സാങ്കേതിക വിദ്യയും ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ട്രയല്‍ റണ്‍ കെ എസ് ഇ ബി ഉന്‌നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ കഴിഞ്ഞ മാസം നടത്തിയിരുന്നു.
2006ലാണ് ആഢ്യന്‍പാറയില്‍ പദ്ധതിക്ക് തുടക്കമിടുന്നത്. 2007ല്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന എ കെ ബാലനാണ് തറക്കല്ലിട്ടത്. എന്നാല്‍ വൈദ്യുതി ബോര്‍ഡും കരാറുകാരും തമ്മിലുള്ള തര്‍ക്കംമൂലം പദ്ധതി കോടതിയിലേക്ക് നീങ്ങി. പിന്നീട് 2013ല്‍ മന്ത്രി ആര്യാടന്‍ വൈദ്യുതി മന്ത്രി ആയതിന് ശേഷമാണ് തടസങ്ങള്‍ നീക്കി ഡിസംബറില്‍ പുനരാരംഭിച്ചത്.
28 കോടി രൂപ മുതല്‍ മുടക്കിലുള്ളതാണ് ജില്ലയിലെ ഈ പ്രഥമ ജലവൈദ്യുതി. പ്രതിവര്‍ഷം 9.01 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്നാണ് കണക്ക് കൂട്ടല്‍. ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് ഉത്പാദനം പ്രതീക്ഷിക്കുന്നതെങ്കിലും വേനലിലും ഒരു മോട്ടോര്‍ പ്രവര്‍ത്തിക്കാനാവശ്യമായ വെള്ളം ഉണ്ടാവുമെന്നത് കൂടുതല്‍ ഉത്പാദന പ്രതീക്ഷയേകുന്നുണ്ട്.

Latest