Connect with us

Articles

സാഹിത്യകാരനായ പണ്ഡിതന്‍

Published

|

Last Updated

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ മുശാവറ അംഗവും നിരവധി പണ്ഡിതന്മാരുടെ ഗുരുവുമാണ് ഇന്നലെ നിര്യാതനായ വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍. മികച്ച സാഹിത്യകാരനും കവിയുമായിരുന്നു അദ്ദേഹം. രചനകളേറെയും അറബിയിലായത് കൊണ്ടായിരിക്കണം മലയാളക്കരയില്‍ അധികപേര്‍ക്കും അദ്ദേഹത്തിന്റെ അനുഗൃഹീതമായ തൂലികാ മഹാത്മ്യത്തെപ്പറ്റി അറിയാതെ പോയത്. അമ്പതിലേറെ രചനകളുണ്ട് ബാവ മുസ്‌ലിയാരുടെതായി. അതില്‍ മുക്കാല്‍ പങ്കും അറബിയിലാണ്. വിഷയത്തിന്റെ അതിര്‍ വരമ്പുകളില്ല രചനകള്‍ക്ക്. ഫിഖ്ഹ്, തസവ്വുഫ്, വിശ്വാസ ശാസ്ത്രം, ഭാഷാ ശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങി മിക്ക വിഷയങ്ങളിലൂടെയും അദ്ദേഹത്തിന്റെ തൂലിക സഞ്ചരിച്ചിട്ടുണ്ട്.
ബാവ മുസ്‌ലിയാര്‍ അറബി രചനയിലേക്ക് പ്രവേശിക്കാന്‍ ഒരു നിമിത്തമുണ്ട്. തന്റെ ഗുരു കരിങ്കപ്പാറ ഉസ്താദിന്റെ “ഫറാഇളുല്‍മുഹമ്മദിയ്യ”യില്‍ “ദവില്‍അര്‍ഹാമി”ന്റെ മസ്അലയില്‍ ഒരു പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കേള്‍ക്കാനിടയായി. വലിയ പണ്ഡിതനായിരുന്ന കരിങ്കപ്പാറയില്‍ നിന്ന് അങ്ങനെ സംഭവിക്കുമെന്ന് അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. സംശയനിവാരണം വരുത്തുന്നതിന് മുമ്പ് ഉസ്താദ് മരണപ്പെടുകയും ചെയ്തു. എങ്കിലും ഇതിന്റെ നിജസ്ഥിതി അറയാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. അതിനിടെ ചാലിയം ഖുത്വുബ്ഖാനയില്‍ നിന്ന് ശാലിയാത്തിയുടെ “ദഫ്ഉല്‍ ഔഹാം ഫീ തന്‍സീഹി ദിവില്‍അര്‍ഹാം” എന്ന ഗ്രന്ഥം റഫര്‍ ചെയ്തപ്പോള്‍ കരിങ്കപ്പാറക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ബാവ മുസ്‌ലിയാര്‍ക്ക് മനസ്സിലായി. ഇക്കാര്യം സമൂഹത്തെ അറിയിക്കാന്‍ ഒരു രചനയാണ് ഫലപ്രദമായ മാര്‍ഗമെന്ന് മനസ്സിലാക്കിയ ബാവ മുസ്‌ലിയാര്‍ അതിന് തയ്യാറാകുകയായിരുന്നു. അങ്ങനെയാണ് ആദ്യകൃതിയായ “ഖത്ഉല്‍ ഔഹാം ഫീ മീറാസി ദവില്‍അര്‍ഹാം” പിറവിയെടുക്കുന്നത്. “ഫറാളുല്‍മുഹമ്മദിയ്യ”യുടെ വിവരണമായി(ശറഅ്) “മഫാതീഹുല്‍വഹ്ബിയ്യ”എന്ന ഗ്രന്ഥമാണ് അടുത്ത അറബി രചന. തുടര്‍ന്ന് വിവിധ വിഷയങ്ങളിലായി നിരവധി ഗ്രന്ഥങ്ങള്‍ ആ തൂലികയില്‍ നിന്ന് പിറവിയെടുത്തു.
കാവ്യരചനക്ക് ബാവ മുസ്‌ലിയാര്‍ക്ക് പ്രചോദനമേകിയത് ഉസ്താദ് തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരാണ്. ഗുരുനാഥന്‍ പാങ്ങില്‍ അബ്ദുല്ല മുസ്‌ലിയാര്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിനൊരു “മര്‍സിയ്യത്ത്” എഴുതണമെന്ന ആവശ്യമുയര്‍ന്നു. അതിനായി ബാവ മുസ്‌ലിയാരും അബ്ദുല്ല മുസ്‌ലിയാരുടെ പുത്രനും കൂടി ബാപ്പുമുസ്‌ലിയാരെ സമീപിച്ചു. അത് ബാവ മുസ്‌ലിയാര്‍ തന്നെ എഴുതിയാല്‍ മതിയെന്നായിരുന്നു ബാപ്പു മുസ്‌ലിയാരുടെ പ്രതികരണം. ബാവ മുസ്‌ലിയാര്‍ പിന്നെയും നിര്‍ബന്ധപൂര്‍വം അപേക്ഷിച്ചെങ്കിലും ബാവ മുസ്‌ലിയാര്‍ തന്നെ എഴുതണമെന്നായി ഉസ്താദ്. തന്റെ ശിഷ്യന് അതിന് കഴിയുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അവസാനം ബാവ മുസ്‌ലിയാര്‍ തൂലികയെടുക്കാന്‍ നിര്‍ബന്ധിതനായി. ലക്ഷണമൊത്ത നല്ലൊരു വിലാപകാവ്യമാണ് ആ തൂലികയില്‍ നിന്ന് തുടക്കത്തില്‍ തന്നെ പിറവിയെടുത്തത്. പിന്നീട് മികച്ച നിരവധി കവിതകള്‍ പുറത്തുവന്നു. അവയില്‍ കൂടുതലും “മര്‍സിയ്യത്തു”കളാണ്.
തഖ്‌ലീദ്, കറാമത്ത് മുഅ്ജിസത്ത്, നിസ്‌കാര ക്രമം, കര്‍മശാസ്ത്രം, ആരാധനാക്രമങ്ങള്‍, പ്രശസ്ത അറബി വ്യാകരണ ഗ്രന്ഥമായ അല്‍ഫിയ്യയുടെ വിശദീകരണമായ “അത്തല്‍മീഹ്” ബദ്‌റ്, ഉഹ്ദ് ശുഹദാക്കളെ പ്രകീര്‍ത്തിക്കുന്ന “മിഫ്താഉള്ളഫ്‌രി വല്‍മജ്ദി ബിത്തവസ്സുലി അഹ്‌ലില്‍ ബദ്‌രി വല്‍ ഉഹ്ദി” തുടങ്ങി മലയാളത്തിലും അറബിയിലുമായി അന്‍പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്. മര്‍ഹൂം ഇ കെ ഹസന്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ആലുവായ് അബൂബക്കര്‍ മുസ്‌ലിയാര്‍, പാണക്കാട് പൂക്കോയ തങ്ങള്‍, മലപ്പുറം ചെറുകോയ തങ്ങള്‍, കാടേരി അബുല്‍ കമാല്‍ മുസ്‌ലിയാര്‍ തുടങ്ങി സുന്നി കേരളത്തിന്റെ നേതൃസ്ഥാനമലങ്കരിക്കുകയും ആത്മീയ നേതൃത്വം നല്‍കുകയും ചെയ്ത ഒട്ടേറെ നേതാക്കളെ പ്രകീര്‍ത്തിച്ചു കൊണ്ട് കവിതകളും രചിച്ചിട്ടുണ്ട്.
കേരളത്തില്‍ അറബിഭാഷ വശമുള്ളവര്‍ കുറവായതിനാല്‍ അറബി ഗ്രന്ഥങ്ങളുടെ വിപണനം വലിയൊരു പ്രശ്‌നമാണ്. മലയാള ഗ്രന്ഥങ്ങളെ പോലെ അവയുടെ പ്രസിദ്ധീകരണ ചുമതല ഏറ്റെടുക്കാന്‍ മിക്ക പ്രസാധകരും മുന്നോട്ട് വരില്ല. ഈ സാഹചര്യത്തില്‍ തന്റെ അറബിഗ്രന്ഥങ്ങള്‍ വെളിച്ചം കാണിക്കാന്‍ ഒരു പ്രസിദ്ധീകരണാലയം തന്നെ തുടങ്ങാന്‍ അദ്ദേഹം സന്നദ്ധനായി. കോട്ടക്കല്‍ ബദ്‌രിയ്യ ബുക്ക് സ്റ്റാള്‍ ഇങ്ങനെ ആരംഭിച്ചതാണ്. അദ്ദേഹത്തിന്റെ മിക്ക് ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചത് “ബദ്‌രിയ്യ”യാണ്.
നാട്ടിലെ ഓത്തുപള്ളിയില്‍ നിന്ന് മുഹമ്മദ് കുട്ടി മൊല്ലയുടെ കീഴിലാണ് ബാവ മുസ്‌ലിയാര്‍ ഖുര്‍ആന്‍ പഠിച്ചത്. ചെലൂരില്‍ കരിങ്കപ്പാറ മുഹമ്മദ്കുട്ടി മുസ്‌ലിയാരുടെ അടുത്ത് നിന്ന് ദര്‍സ് പഠനത്തിന് തുടക്കം. ദയൂബന്ധ് ദാറുല്‍ ഉലൂമില്‍ നിന്ന് എം എ ബിരുദം. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, മര്‍ഹൂം കുണ്ടൂര്‍ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കുഞ്ഞുമോന്‍ ഫൈസി, ടി സി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ സതീര്‍ഥ്യരാണ്.
തയ്യാലിങ്ങല്‍ മുദരിസായി ചേര്‍ന്ന് കൊണ്ടാണ് അധ്യാപന ജീവിതത്തിന് തുടക്കം. രണ്ട് വര്‍ഷത്തിന് ശേഷം തിരൂരങ്ങാടി വലിയ പള്ളിയിലേക്ക് മാറി. അവിടെ ഏഴ് വര്‍ഷം സേവനമനുഷ്ഠിച്ചു. പിന്നീട് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ക്ഷണം സ്വീകരിച്ച് വളവന്നൂര്‍ പഴയ ജുമുഅത്ത് പള്ളിയില്‍. ബാപ്പു മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്ന് വളവന്നൂര്‍ വിട്ട് വെളിമുക്ക് ജുമുഅത്ത് പള്ളി ദര്‍സില്‍ ഒരു വര്‍ഷവും ചെമ്മങ്കടവ് ദര്‍സില്‍ ഒരു വര്‍ഷവും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് പതിമൂന്ന് വര്‍ഷം ഓമച്ചപ്പുഴ ദര്‍സിലായിരുന്നു. അവിടെ നിന്ന് വിരമിച്ച ശേഷം ഒ കെ ഉസ്താദിന്റെ നിര്‍ദേശ പ്രകാരം ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന കോളജില്‍ ചേര്‍ന്നു.
വിനയാന്വിതനും നിഷ്‌കളങ്കനുമായ പണ്ഡിതനാണ് ബാവ മുസ്‌ലിയാര്‍. പേരും പ്രശസ്തിയും നേടാനല്ല അദ്ദേഹം ഗ്രന്ഥങ്ങളും കവിതകളും രചിക്കുന്നത്. തന്റെ മനസ്സില്‍ തികട്ടി വരുന്ന ആശയങ്ങള്‍ പുറംലോകവുമായി പങ്ക് വെക്കേണ്ടത് ഒരു ബാധ്യതയായി അദ്ദേഹം കാണുന്നു.