Connect with us

Kerala

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത്: എമിഗ്രേഷന്‍ അസിസ്റ്റന്റിനെതിരെ വിജിലന്‍സ് കേസെടുത്തു

Published

|

Last Updated

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത എമിഗ്രേഷന്‍ അസിസ്റ്റന്റായ ജാബിന്‍ കെ ബഷീറിനെതിരെ വിജിലന്‍സ് കേസെടുത്തു. ഇയാളുടെ വീടുകളിലും ഷോപ്പിംഗ് കോംപ്ലക്‌സിലും വിജിലന്‍സ് ഇന്നലെ റെയ്ഡ് നടത്തി. ജാബിന്റെ കിഴക്കേക്കരയിലുള്ള നിലവിലെ വീട്, മാര്‍ക്കറ്റിന് സമീപമുളള വീട്, അമ്മാവന്റെ വീട്, കുടിയില്‍ ഏജന്‍സീസ് എന്നിവിടങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നത്. ഇയാളുടെ സ്വത്ത് സംബന്ധിച്ച രേഖകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു.
കെ എ പി ഒന്നാം ബറ്റാലിയനിലെ പോലീസുകാരനായ ജാബിന്റെ അനധികൃത സ്വത്ത് സമ്പാദ്യം സംബന്ധിച്ചും സ്വര്‍ണക്കടത്ത് സംബന്ധിച്ചും മാസങ്ങള്‍ക്ക് മുമ്പ് വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകുമ്പോഴാണ് കസ്റ്റംസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ വിദേശ നമ്പറുകളില്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശത്തു നിന്ന് സ്വര്‍ണക്കടത്ത് നടത്തുന്നുണ്ടെന്നും മൂന്ന് മാസം മുമ്പാണ് വിജിലന്‍സിന് വിവരം ലഭിക്കുന്നത്.
സ്വര്‍ണക്കടത്ത് സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സി അന്വേഷിക്കണമെന്നും അനധികൃത സ്വത്ത് സമ്പാദ്യത്തിന് കേസെടുക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് എറണാകുളത്തെ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി കെ എം ടോമി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടയച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ അനധികൃത സ്വത്തിനെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടരുടെ ഉത്തരവും വന്നു.
ഡി വൈ എസ് പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ക്ക് 1.58 കോടി രൂപയുടെ സ്വത്തുണ്ടെന്ന് കണ്ടെത്തി. മൂവാറ്റുപുഴ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും രൂപയുടെ സമ്പാദ്യം കണ്ടെത്തിയത്. വസ്തു രജിസ്‌ട്രേഷന് കാണിച്ചിരുന്ന കുറഞ്ഞ തുകയാണ് വിജിലന്‍സ് കണക്കാക്കിയത്. യഥാര്‍ഥ വില ഇതിന്റെ പലമടങ്ങ് വരും. ഇയാള്‍ വാങ്ങിയ 28 മുറികളുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മാത്രം യഥാര്‍ഥ വില മൂന്ന് കോടിയോളം വരും. എന്നാല്‍ രേഖകളിലുള്ള തുകയാണ് വിജിലന്‍സ് കേസുകളില്‍ കണക്കിലെടുക്കുക. രേഖകളിലുള്ള 1.57 കോടിയുടെ സമ്പത്ത് തന്നെ ഇയാളുടെ വരുമാനത്തിന്റെ ഇരട്ടിയാണ്. എട്ട് വാഹനങ്ങളുമുണ്ട്. ജാബിന്റെയും സഹോദരന്റെയും പിതാവ് ബഷീറിന്റെയും പേരുകളിലാണ് വസ്തുക്കളും വാഹനങ്ങളും ഉള്ളത്. വസ്തു സംബന്ധമായ രേഖകള്‍ക്കായി മൂവാറ്റുപുഴ സബ് രജിസ്ട്രാര്‍ ഓഫീസിലും വാഹന രേഖകള്‍ക്കായി ജോയിന്റ് ആര്‍ ടി ഓഫീസിലും അക്കൗണ്ടുകളുടെ പരിശോധനക്കായി ബേങ്കുകളിലും അടുത്ത ദിവസം വിജിലന്‍സ് പരിശോധന നടത്തും. ജാബിന്റെ മൊഴി ജയിലില്‍ വെച്ച് രേഖപ്പെടുത്താനാണ് തീരുമാനം.

Latest