Connect with us

Kerala

അന്തര്‍സംസ്ഥാന കവര്‍ച്ചാ വീരനും കൂട്ടാളികളും പിടിയില്‍

Published

|

Last Updated

തലശ്ശേരി: കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ക്ഷേത്ര കവര്‍ച്ച, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്ത് പോലീസിനെ വെട്ടിച്ച് കഴിയുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാവീരനും ഇയാളുടെ പ്രാദേശിക കൂട്ടാളികളും തലശ്ശേരിയില്‍ കുടുങ്ങി.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചെറിയ അഴീക്കലിലെ താഴച്ചേരി പ്രകാശ് ബാബുവെന്ന ബാബു (37), മട്ടന്നൂര്‍ തില്ലങ്കേരിയിലെ പന്നിയോടന്‍ പി എം വിനീഷ് (28), മാഹി പാറാല്‍ ചെമ്പ്ര സ്വദേശി കുന്നുമ്മല്‍ അനീഷ്‌കുമാര്‍ (22), ചെമ്പ്രയിലെ അയനിയാട്ട് വീട്ടില്‍ സതീഷ് എന്ന കാരി സതീഷ് (28), പാനൂരിനടുത്ത മൊകേരി വള്ളങ്ങാട്ടെ എരഞ്ഞിക്കന്റവിട നവനീത് എന്ന കുക്കു (23), സഹോദരന്‍ നിവേദ് എന്ന അപ്പു (22) എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി പ്രകാശ് ബാബുവിപ്പോള്‍ മതം മാറി മുഹമ്മദ് നിയാസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാളെ വ്യാഴാഴ്ച അര്‍ധ രാത്രിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. നിയാസിനെ ചോദ്യം ചെയ്തതോടെയാണ് കൂട്ടാളികളുടെ വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് നഗരത്തിലെ ഒരു ലോഡ്ജ് മുറിയില്‍ മിന്നല്‍ റെയ്ഡ് നടത്തിയ പോലീസ് വിനീഷ്, അനീഷ്‌കുമാര്‍, കാരി സതീഷ് എന്നിവരെ വളഞ്ഞുപിടിച്ചു.
മുറിയില്‍ നടത്തിയ പരിശോധനയില്‍ കമ്പിപ്പാര, കൈയുറകള്‍ തുടങ്ങിയ ഭവനഭേദനത്തിനും കവര്‍ച്ചക്കും ഉപയോഗിക്കുന്ന സാമഗ്രികളും കണ്ടെത്തി. മൂവരില്‍ നിന്ന് ലഭിച്ച സൂചനകളെ തുടര്‍ന്നാണ് നവനീതിനെയും അനുജന്‍ നിവേദിനെയും വീട്ടിലെത്തി പിടികൂടിയത്. ഇരുവരും സംഘ് പരിവാര്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകരും ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണെന്ന് പോലീസ് വെളിപ്പെടുത്തി. അനീഷും കാരി സതീഷും ചാലക്കരയിലെ നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ്. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന അവസരത്തിലാണ് പരസ്പരം പരിചയപ്പെട്ടത്. ഓട്ടോ ഡ്രൈവറാണ് കാരി സതീഷ്. കവര്‍ച്ചാമുതലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ഇയാളുടെ ഓട്ടോറിക്ഷയാണ് ഉപയോഗിക്കാറുള്ളത്. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒന്നാം പ്രതിയായ നിയാസ് മോഷണത്തിനായി ഓരോ സ്ഥലത്തും എത്തുമ്പോള്‍ അവിടെയുള്ളവരെയാണ് സഹായികളായി കൂടെ കൂട്ടുന്നത്. മോഷണ മുതലുകള്‍ വീതം വെക്കുമ്പോള്‍ നല്ല പങ്ക് കൂട്ടാളികള്‍ക്ക് നല്‍കുന്നതിനാല്‍ സഹായികളുടെ പ്രിയങ്കരനാണ് നിയാസ്. മോഷ്ടിച്ച് കിട്ടുന്ന സ്വര്‍ണം വിറ്റു നല്‍കുന്നതില്‍ പ്രാദേശിക സംഘടനാനേതാക്കള്‍ക്കും പങ്കുണ്ടെന്ന് സൂചനയുണ്ട്.
തലശ്ശേരി മാഹി ഭാഗത്ത് രാത്രി കാലത്ത് മാത്രം ഓട്ടോ ഒാടിക്കുന്ന ചില ഡ്രൈവര്‍മാരും സംഘത്തിലെ അടുപ്പക്കാരായുണ്ട്. ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
സി ഐ. വി കെ വിശ്വംഭരന്‍, എസ് ഐ. അനില്‍, എ എസ് ഐ. എ കെ വത്സന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജുലാല്‍, അജയന്‍, റാഫി അഹമ്മദ്, റജി സ്‌കറിയ, വിനോദ് മനേക്കര, സുജേഷ്, മഹേഷ്, രജിത്ത്, ബാബുപ്രസാദ്, മനോജ്, വേണുഗോപാല്‍, സുധീര്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Latest