Connect with us

Malappuram

വിനയാന്വിതനായ മനീഷി

Published

|

Last Updated

മലപ്പുറം : ആഴവും പരപ്പുമുള്ള വിജ്ഞാനത്തിന്റെ ഉടമയും വിനയവും താഴ്മയും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുകയും ചെയ്ത മഹാമനീഷിയായിരുന്നു. വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍. അദ്ദേഹത്തിന്റെ വിജ്ഞാന പരപ്പും ജ്ഞാന ദൃഷ്ടിയും പ്രതിഫലിക്കുന്നതാണ് അറബി ഭാഷയില്‍ അദ്ദേഹം രചിച്ച അമ്പതോളം ശ്രേഷ്ടകൃതികള്‍. അബൂമുഹമ്മദ് എന്ന തൂലികാനാമത്തിലാണ് ഇവയെല്ലാം രചിച്ചത്.
പെരുമ കേട്ട നന്തനില്‍ തറവാട്ടുകാരനായ സൈതലവിക്കുട്ടി മുസ്‌ലിയാരുടെ ഇളയമകനായി 1936-ല്‍ വൈലത്തൂര്‍ അത്താണിക്കലിലാണ് സൈതാലിക്കുട്ടി എന്ന ബാവ മുസ്‌ലിയാരുടെ ജനനം. ജനിക്കുന്നതിന്റെ നാല്മാസം മുമ്പ് പിതാവ് മരണപെട്ടപ്പോള്‍ ആ ഓര്‍മക്കാണ് സൈതാലിക്കുട്ടി എന്ന് മകനു പേരിട്ടത്. വല്ല്യുപ്പയുടെ പേരും സൈതാലിക്കുട്ടി എന്നാണ്. ബാവ മുസ്‌ലിയാരുടെ പിതാവ് ജനിക്കുന്നതിന് മുമ്പ് തന്നെ അവരുടെ പിതാവും മരിച്ചിരുന്നു.
1941 മുതല്‍ 47 വരെ സ്‌കൂള്‍ പഠനം നടത്തുകയും ഉമ്മയില്‍ നിന്ന് ഖുര്‍ആനും പഠനവും മുതഫരിദ് പോലെയുള്ള കിതാബുകളും പഠിച്ചതിന് ശേഷം വൈലത്തൂര്‍ ചിലവില്‍ ജുമാമസ്ജിദില്‍ കരിങ്കപ്പാറ ഉസ്താദിന്റെ ദര്‍സില്‍ ചേരുകയായിരുന്നു. പക്ഷേ വലിയ കര്‍ഷക കുടുംബമായത ്‌കൊണ്ടും കൃഷിയെക്കുറിച്ചും കൃഷിയിലെ പ്രധാന ഇനങ്ങളായ പൂട്ടലും ഊര്‍ച്ചയും നല്ലവശമുള്ളത് കൊണ്ടും പലപ്പോഴും വീട്ടുകാര്‍ക്ക് തന്റെ സഹായം വളരെ ആവശ്യമായിരുന്നു. ഇത് പഠനം തടസ്സപ്പെടുന്ന അവസ്ഥവരെയെത്തി. അപ്പോഴാണ് കുണ്ടൂര്‍ ഉസ്താദ് ചിലവില്‍ പള്ളിയില്‍ ഓതാന്‍ വരുന്നത്. ഭക്ഷണം ബാവ ഉസ്താദിന്റെ വീട്ടിലായിരുന്നു. കുണ്ടൂര്‍ ഉസ്താദാണ് വീണ്ടും പഠന രംഗത്തേക്ക് വൈലത്തൂര്‍ ഉസ്താദിനെ തിരിച്ചുകൊണ്ട് പോയത്. എന്നാല്‍ കൃഷി വീണ്ടും പഠനം തടസ്സപ്പെടുത്തിയപ്പോള്‍ നാട് വിട്ട് പോകാന്‍ ആലോചിച്ചു. പക്ഷേ ഉമ്മഖദീജയുടെ അതിരറ്റ സ്‌നേഹം അതിന് തടസ്സമായി. അവസാനം കരിങ്കപ്പാറ ഉസ്താദിന്റെ അടുക്കല്‍ എത്തിയത്. ഉമ്മയുടെ സമ്മതമില്ലാതെ പോകാന്‍ പറ്റുമോ എന്ന ചോദ്യവുമായാണ് എത്തി. ഉമ്മക്ക് സെവനം ചെയ്യാന്‍ വേണ്ടിയാണ് അത് തടസ്സമാകുന്ന രൂപത്തില്‍ ഒരിക്കലും പറ്റില്ല എന്നായിരുന്നു മറുപടി. വീട്ടില്‍ ഇഷ്ടം പോലെജോലിക്കാരുണ്ടെന്നും മാതാവിന്റെ അതിരറ്റ സ്‌നേഹം മാത്രമാണ് കാരണമെന്നും തിരിച്ച് ബോധിപ്പിച്ചപ്പോള്‍ എങ്കില്‍ പോകാം എന്ന ആശ്വാസവാക്ക് കരിങ്കപ്പാറ ഉസ്താദില്‍ നിന്ന് ലഭിച്ചു. ആറ് വര്‍ഷത്തെ സ്‌കൂള്‍ പഠനംത്തിന് ശേഷമാണ് ഉത്തര്‍പ്രദേശിലെ ദയൂബന്ദിലെ ദാറുല്‍ ഉലൂം കോളജില്‍ ഉപരിപഠനം നേടിയത്.
ചിലവില്‍, താനൂര്‍, പേരാമ്പ്ര, ഓമച്ചപ്പുഴ, ഒതുക്കുങ്ങല്‍, വെല്ലൂര്‍ എന്നിവിടങ്ങളിലാണ് ദര്‍സ് പഠനം. കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, പാങ്ങില്‍ അബ്ദുല്ല മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കാപ്പാട് ഇബ്‌റാഹിം മുസ്‌ലിയാര്‍, കരിഞ്ചാപ്പാടി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, നന്നമ്പ്ര സൈതാലി മുസ്‌ലിയാര്‍, പെരുമ്പടപ്പ് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പുതിയങ്ങാടി കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാര്‍ എന്നിവരാണ് ഉസ്താദുമാര്‍.
തെയ്യാല, തിരൂരങ്ങാടി, വളവന്നൂര്‍, വെളിമുക്ക്, ചെമ്മന്‍കടവ്, ഓമച്ചപ്പുഴ, ഒതുക്കുങ്ങല്‍ എന്നിവിടങ്ങളിലായി 50 വര്‍ഷത്തോളം ദര്‍സ് രംഗത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗദ്യവും പദ്യവുമായി 50 ഓളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മുദരിസായി 22 വര്‍ഷത്തെ സേവനത്തിന്‍ ശേഷം ഒതുക്കുങ്ങല്‍ ഇഹ്‌യാഹുസുന്ന അറബിക് കോളജില്‍ നിന്ന് രണ്ടര വര്‍ഷം മുമ്പ് വിരമിച്ച ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു.
തിരുന്നാവായ ഇസ്‌ലാമിക് റിസര്‍ച്ച് സെന്റര്‍ അവാര്‍ഡ്(1993), കോടമ്പുഴ ദാറുല്‍ മആരിഫ് ഗസ്സാലി അവാര്‍ഡ്(1994), മര്‍കസ് സില്‍വര്‍ ജൂബിലി അവാര്‍ഡ്(2002), മുഹമ്മദ് അബ്ദു യമാനി അവാര്‍ഡ ്(2014) തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.