Connect with us

Kozhikode

അലി ഹസ്സന്റെ കൈപുണ്യത്തില്‍ നഗരത്തിന് ഇഫ്താര്‍

Published

|

Last Updated

കോഴിക്കോട്: നഗരവാസികള്‍ക്ക് സ്‌നേഹവിരുന്നൊരുക്കുന്ന മര്‍കസ് കോംപ്ലക്‌സ് മസ്ജിദിലെ ഇഫ്താര്‍ സംഘമത്തില്‍ വിളമ്പുന്നത് അലി ഹസ്സന്റെ കൈപുണ്യമാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി നഗരത്തിന് വെച്ചുവിളമ്പി റമസാന്റെ പുണ്യം നേടുകയാണ് അലി ഹസ്സനും സഹായികളും. ഇവിടെ ദിവസവും രണ്ടായിരത്തോളം പേര്‍ക്കുള്ള നോമ്പുതുറ വിഭവങ്ങളും മുന്നൂറോളം പേര്‍ക്കുള്ള അത്താഴവും തയ്യാറാക്കുന്നത് നരിക്കുനി ചെറുകണ്ടിയില്‍ അലി ഹസ്സനാണ്. അനിയന്‍ അബ്ദുസ്സലാമും അത്തോളി സ്വദേശി നൗശാദും കൂട്ടിനുണ്ട്.
മര്‍കസ് മസ്ജിദിന് മുകളിലെ പരിമിതമായ സൗകര്യങ്ങളിലാണ് അലി ഹസ്സന്‍ ഭക്ഷണം തയ്യാറാക്കുന്നതെങ്കിലും പക്ഷെ, കഴിക്കുന്നവര്‍ നല്‍കുന്നത് നൂറു മാര്‍ക്കാണ്. ഗള്‍ഫില്‍ 11 വര്‍ഷവും ബംഗളൂരു, ചൈന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും കേരളത്തിലെ വിവിധ പട്ടണങ്ങളിലും പാചകക്കാരനായി ജോലി ചെയ്തിട്ടുള്ള ഹസ്സന്‍ ഏറ്റവും സംതൃപ്തി നല്‍കുന്നത് റമസാനിലെ ഈ ഇഫ്താര്‍ വിരുന്നൊരുക്കുന്നതാണെന്ന് ഉറപ്പിച്ചു പറയുന്നു.
നേരത്തെ ഗള്‍ഫിലായിരുന്ന സമയത്തും റമസാനില്‍ ഭക്ഷണം തയ്യാറാക്കാനായി മാത്രം ഹസ്സന്‍ നാട്ടിലെത്തിയിരുന്നു. ഇത്തവണ ബംഗളൂരുവില്‍ സ്വന്തമായി നടത്തിയിരുന്ന ഹോട്ടലിന് താത്കാലികമായി അവധി നല്‍കിയാണ് വരവ്. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി, നെയ്‌ച്ചോര്‍, കഫ്‌സ, വെള്ളപ്പം, ചപ്പാത്തി എന്നിങ്ങനെ വിഭവസമൃദ്ധമായ ഭക്ഷണമാണ് ഹസ്സനും കൂട്ടുകാരും നോമ്പുകാര്‍ക്കായി വെച്ചു വിളമ്പുന്നത്.
റമസാനിലെ പ്രത്യേക ദിവസങ്ങളില്‍ പായസം, മസാല കഞ്ഞി, ചെറുപലഹാരങ്ങള്‍ എന്നിവയും ഇവര്‍ തയ്യാറാക്കുന്നുണ്ട്. ആയിരങ്ങള്‍ക്ക് വെച്ചുവിളമ്പുന്ന തിരക്കിനിടയിലും പ്രാര്‍ഥനകളില്‍ അണുകിട വ്യതിചലിക്കുന്നില്ലെന്നതും ഹസ്സന്റെ പ്രത്യേകതയാണ്.
ഇതിനായി തിരക്കിനിടയില്‍ ഹസ്സന്‍ സമയം കണ്ടെത്തും. പ്രാര്‍ഥനകള്‍ക്ക് അവസരം ലഭിക്കുന്നു എന്നതാണ് ഈ ജോലിക്ക് ഹസ്സനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം റമസാന്‍ നാളിലെ സേവനം തുടരണമെന്നു തന്നെയാണ് ഹസ്സന്റെ ആഗ്രഹം.