Connect with us

Malappuram

ചങ്ങരംകുളം എസ് ഐക്കെതിരെ പരാതി പ്രമേയം

Published

|

Last Updated

ചങ്ങരംകുളം: ചങ്ങരംകുളം സബ് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലേയില്‍ രാഷ്ട്രീയ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ ഉയരുന്നു. സ്റ്റേഷനിലെത്തുന്ന കേസുകളില്‍ രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നതായും ഇടതുപക്ഷത്തിന് അനുകൂലമായ തീരുമാനങ്ങളെടുത്ത് പ്രവര്‍ത്തിക്കുന്നതായുമാണ് പരാതി ഉയരുന്നത്.
വിവിധ കേസുകളില്‍ ഉള്‍പെടുന്ന ഇടതുപക്ഷ പ്രവര്‍ത്തകരെ നേതാക്കളുടെ ഇടപെടലിനനുസരിച്ച് എസ് ഐ സംരക്ഷിക്കുന്നതായി നേരത്തെതന്നെ പരാതി ഉയര്‍ന്നിരുന്നു. നേരത്തെ ബി ജെ പി ഈ വാദമുന്നയിച്ച് എസ് ഐയെ മാറ്റണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മണ്ണ്, മണല്‍, ലഹരി മാഫിയകള്‍ക്കെതിരെ എസ് ഐ നടത്തിയിരുന്ന പോരാട്ടങ്ങളെ തുടര്‍ന്നും വിവിധ സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളെ തുടര്‍ന്നും എസ് ഐ കുറച്ചുകാലംവരെ എല്ലാവര്‍ക്കും പൊതുസമ്മതനായിരുന്നു. എന്നാല്‍ അടുത്തിടെയുണ്ടായ ചില കേസുകളിലെ എസ് ഐയുടെ സമീപനം ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രത്യക്ഷമായ എതിര്‍പ്പുകളുമായി രംഗത്തുവരാന്‍ കാരണമായിരിക്കുകയാണ്.
രണ്ടാഴ്ച മുന്‍പ് കോക്കൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൊതുമുതല്‍ നശിപ്പിക്കുകയും അധ്യാപകരെയും വിദ്യാര്‍ഥികളെയും മര്‍ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പ്രതികളെ സംബന്ധിച്ച് പി ടി എയും അധ്യാപകരും വ്യക്തമായ സൂചന നല്‍കിയിട്ടും ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതിനു പോലും എസ് ഐ തയ്യാറായില്ല. ഇവര്‍ക്കുവേണ്ടി ചില ഉന്നത നേതാക്കള്‍ ഇടപെട്ടതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം ഈകേസില്‍ ഉള്‍പെട്ടവര്‍ തന്നെ വളയംകുളത്തു വെച്ച് യു ഡി എഫ് നേതാക്കളെ മര്‍ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യു ഡി എഫ് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നാണ് സ്‌കൂള്‍ ആക്രമണക്കേസിലെ പ്രതികള്‍ക്കെതിരെ നടപടിയെടുത്തത്. ഇതിനു മുന്‍പ് കോലളമ്പ് തട്ടിപ്പ് കേസിലെ ഒരാളെ തട്ടികൊണ്ടുപോയതിനെ തുടര്‍ന്ന് ചിലരുടെ പേരുകള്‍ സഹിതം പരാതി നല്‍കിയപ്പോള്‍ ഇവര്‍ ഇടതുപക്ഷ പ്രവര്‍ത്തകനായതിന്റെപേരില്‍ അന്വേഷണം മരവിപ്പിച്ചതായും പാര്‍ട്ടിക്കാര്‍ക്ക് അനുകൂല നിലപാട് കൈകൊണ്ടതായും പരാതിയുണ്ട്. ഇതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഉന്നതാധികാരികളെ സമീപിച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കോക്കൂര്‍ മഹല്ല് കമ്മറ്റിയുടെ പേരില്‍ വ്യാജസീല്‍ നിര്‍മിച്ച് വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച സംഭവത്തില്‍ മഹല്ല് കമ്മറ്റിക്ക് പരാതിയുണ്ടായിട്ടും പ്രതി എന്നു പറയുന്ന വ്യക്തി ഇടതുപക്ഷ പ്രവര്‍ത്തകനായതിനാല്‍ ഇതുവരെയും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. ബൈക്കില്‍ നിയമ വിരുദ്ധമായി സഞ്ചരിച്ച യൂത്ത്‌കോണ്‍ഗ്രസുകാരെ പിഴ ചുമത്തുന്നതുകൂടാതെ തല്ലി പരുക്കേല്‍പ്പിക്കുന്നതായും യൂത്ത് കോണ്‍ഗ്രസുകാര്‍ പരാതി പറയുന്നുണ്ട്. പോലീസ് സ്‌റ്റേഷന്‍ ഇടതുപക്ഷത്തിന്റെ പാര്‍ട്ടി ഓഫീസാക്കി എസ് ഐ പ്രവര്‍ത്തനം മാറ്റിയിരിക്കുകയാണെന്ന് നേരത്തെ ബി ജെ പി ആരോപിച്ചിരുന്നു.

---- facebook comment plugin here -----

Latest