Connect with us

Ongoing News

ഹരാരെയില്‍ മുരളീരവം

Published

|

Last Updated

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. രണ്ടാം ഏകദിനത്തില്‍ ആതിഥേയരെ 62 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ നാല് റണ്‍സിന് ജയിച്ചിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അന്‍പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 49 ഓവറില്‍ 209 റണ്‍സിന് ആള്‍ഔട്ടായി. അര്‍ധസെഞ്ച്വറി പ്രകടനത്തിലൂടെ ഇന്ത്യന്‍ സ്‌കോറിംഗിന് കരുത്തേകിയ മുരളി വിജയ്‌യാണ് മാന്‍ ഓഫ് ദ മാച്ച്.
ആദ്യ ഏകദിനത്തില്‍ തോറ്റെങ്കിലും ഇന്ത്യയെ വിറപ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ സിംബാബ്‌വെക്ക് ആറാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ട് റണ്‍െടുത്ത ഓപണര്‍ സിബാന്ദയാണ് പുറത്തായത്. കുല്‍ക്കര്‍ണിയുടെ പന്തില്‍ മുരളി വിജയ് പിടിച്ചു. മദസ്‌കഡ്‌സയെ (5) ഉത്തപ്പയുടെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ സിംബാബ്‌വെക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ ചിംഗുംബുര (9)യെയും ഭുവി കൂടാരം കയറ്റി. എന്നാല്‍ ഓപണറായി ഇറങ്ങിയ ചാമു ചിബാബയും മധ്യനിര ബാറ്റ്‌സ്മാന്‍മാരും പിടിച്ചുനിന്നത് ബൗളര്‍മാര്‍ക്ക് വെല്ലുവിളിയായി. വില്ല്യംസ് (20), മുതുംബമി (32), ക്രിമര്‍ (27), സിക്കന്തര്‍ റാസ (18) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വലിയ സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റുകല്‍ വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഓപണര്‍മാരുടെ കരുത്തിലാണ് ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ(63), മുരളി വിജയ് (72) എന്നിവരുടെ നേടിയ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറയായത്. ആദ്യവിക്കറ്റില്‍ 112 റണ്‍സ് പിറന്നു. 26ാം ഓവറില്‍ രഹാനെ വീണു. ചാമു ചിബാബയുടെ പന്തില്‍ സിക്കന്തര്‍ റാസക്ക് ക്യാച്ച്. പിന്നാലെയെത്തിയ അമ്പാട്ടി റായിഡുവും വിജയും ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 47 റണ്‍സെടുത്തു. സ്‌കോര്‍ 159ല്‍ നില്‍ക്കെ മുരളി വിജയ് പുറത്തായി. മാഡ്‌സിവയുടെ പന്തില്‍ ക്യാച്ച്. അമ്പാട്ടി റായിഡു (41) വിനെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ സിക്കന്തര്‍ റാസയുടെ പന്തില്‍ എം എല്‍ വാല്ലര്‍ പിടിച്ചു പുറത്താക്കുകയായിരുന്നു. മനോജ് തിവാരിയും (22), റോബിന്‍ ഉത്തപ്പയും (13), കേദാര്‍ ജാദവും (16) വേഗത്തില്‍ പുറത്തായി. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് സ്‌കോറിംഗിനെ ബാധിച്ചു. അവസാന അഞ്ച് ഓവറില്‍ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പതിനാറ് പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറി നേടിയ സ്റ്റുവര്‍ട്ട് ബിന്നി 25 റണ്‍സെടുത്തു. ഹര്‍ഭജന്‍ സിംഗും (5) ഭുവനേശ്വര്‍ കുമാറും (1) പുറത്താകാതെ നിന്നു. ആതിഥേയര്‍ നെവില്ല മാഡ്‌സിവ നാല് വിക്കറ്റ് വീഴ്ത്തി.

---- facebook comment plugin here -----

Latest