Connect with us

Articles

മായം: മണല്‍ തൊട്ട് മരുന്നു വരെ

Published

|

Last Updated

“”പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താ
ത്തൊരെന്റെ നാടെന്റ നാടെവിടെന്റെ മക്കളെ?””
-അയ്യപ്പപ്പണിക്കര്‍

വിപണിയിലുള്ള അസംഖ്യം മായങ്ങളുടെ പാചകപ്പുരകളാണ് നമ്മുടെ അടുക്കളകള്‍. “കുറഞ്ഞ ഗുണനിലവാരത്തില്‍ കൂടുതല്‍ ലാഭം” എന്ന ചൂഷക മുദ്രാവാക്യം കര്‍ഷകരും വ്യാപാരികളും ഒരു പോലെ ഏറ്റെടുത്തതിനാല്‍ അല്‍പമെങ്കിലും വിഷം അകത്താവാതെ ഒരു പിടി ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നമ്മുടെ ജീവിതം. ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധയും കനത്ത ജാഗ്രതയും പുലര്‍ത്തിയില്ലെങ്കില്‍ ജീവിതശൈലി രോഗങ്ങള്‍ക്കും മറ്റു മാരകമായ അസുഖങ്ങള്‍ക്കും അടിമപ്പെടേണ്ടിവരുമെന്നതു തീര്‍ച്ചയാണ്. നമ്മുടെ മുഖ്യാഹാരമായ അരിയില്‍ പോലും മാരകമായ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിരന്തരം പുറത്തുവരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതിന് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. മാംസ വ്യാപാരികളും മദ്യ നിര്‍മാതാക്കളും മായം ചേര്‍ക്കുന്നതു തടയാനുള്ള നിയമം 13-ാം നുറ്റാണ്ടില്‍ ഇംഗ്ലണ്ടിലുണ്ടായിരുന്നു. 1860ലാണ് ഇതിനെതിരെയുള്ള പൊതുനിയമം ബ്രിട്ടനില്‍ വരുന്നത്. കേരളത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതു സംബന്ധമായ നിയമം നിലവില്‍ വരുന്നത് 1954ലാണ്. പില്‍ക്കാലത്ത് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദേശങ്ങളും വളരെയധികം കര്‍ക്കശമാക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം ഇപ്പോഴും ജലരേഖയായി തുടരുന്നു. അതുകൊണ്ടുതന്നെയാണ് അമിതമായ അളവില്‍ കീടനാശിനികള്‍ പ്രയോഗിച്ച പഴങ്ങളും പച്ചക്കറികളും കൃത്രിമ പദാര്‍ഥങ്ങളും മാരകമായ രാസവസ്തുക്കളുമടങ്ങിയ പലവ്യഞ്ജനങ്ങളും സുലഭമായി ഇപ്പോഴും വിപണിയില്‍ ലഭ്യമാകുന്നത്.
മൈദയാണ് പലപ്പോഴും ബസുമതി അരിയായി വേഷം മാറി വിപണിയിലെത്തുന്നതെന്ന് പലരും അറിയുന്നേയില്ല. വെളുത്ത അരിയെ മട്ടയാക്കാന്‍ വേണ്ടി റെഡ് ഓക്‌സൈഡും തൂക്കം കൂടാന്‍ വേണ്ടി വര്‍ണക്കല്ലുകളും മാര്‍ബിള്‍ കഷ്ണങ്ങളുമാണ് ലാഭക്കൊതിയന്മാര്‍ ചേര്‍ക്കുന്നത്. രാജ്യത്ത് ലഭ്യമായ പാലില്‍ 70 ശതമാനവും മായം കലര്‍ന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി കുറച്ചുമുമ്പ് കണ്ടെത്തിയിരുന്നു. ഡല്‍ഹി നഗരത്തില്‍ മാത്രം പ്രതിദിനം ഒരു ലക്ഷം ലിറ്ററിന്റെ കൃത്രിമ പാലും 30 ടണ്‍ പാലുത്പന്നങ്ങളും ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. കൃത്രിമപ്പാലിന് വേണ്ടി വിപണിയിലുള്ള പാലിന്റെ രുചിയുള്ള രാസപദാര്‍ഥങ്ങളാണ് ഉപയോഗിക്കുന്നത.് പാലില്‍ കൊഴുപ്പ് കൂട്ടാന്‍ വേണ്ടി സോപ്പ്‌പൊടി, പാല്‍പ്പൊടി, വനസ്പതി തുടങ്ങിയവയും അളവ് കൂട്ടാന്‍ വേണ്ടി വെള്ളവും കേടാകാതിരിക്കാന്‍ യൂറിയയുമാണ് ചേര്‍ക്കുന്നത്.
അരിപ്പൊടി, ഇഡ്ഡലിപ്പൊടി എന്നിവയില്‍ കപ്പപ്പൊടി, സോഡാപൊടി, ചോക്ക്‌പൊടി തുടങ്ങിയവയാണ് സാധാരണയായി ചേര്‍ക്കുന്നത്. മുളക്‌പൊടിയില്‍ തൂക്കം കൂടാന്‍ ചെങ്കല്ല് പൊടി, ഇഷ്ടികപ്പൊടി, അറക്കപ്പൊടി, ഉമിപ്പൊടി എന്നിവയും നല്ലചുവന്ന നിറം ലഭിക്കാന്‍ വേണ്ടി ചാക്ക് നൂലുകളില്‍ ചേര്‍ക്കാറുള്ള സുഡാന്‍ റെഡ് എന്ന കൃത്രിമ നിറവും മഞ്ഞള്‍പൊടിയില്‍ ചോളപ്പൊടിയും മല്ലിപ്പൊടിയില്‍ കച്ചിപ്പൊടി മുതല്‍ കുതിരച്ചാണകം വരെയും മസാലപ്പൊടിയില്‍ തവിടുപൊടിയും ഉഴുന്നു പരിപ്പില്‍ മുഖത്തിടാറുള്ള പൗഡറും ചേര്‍ത്താണ് വിറ്റഴിക്കുന്നത്. അതേസമയം, ഫേസ് പൗഡര്‍, ഫേസ് ക്രീം, ഐലൈനര്‍, കണ്‍മഷി, മസ്‌കാര, ഐഷാഡോ, ബോഡി സ്‌പ്രേകള്‍, ഷാംപൂ, ഹെയര്‍ ഓയില്‍, ഹെയര്‍ ക്രീം തുടങ്ങി വിവിധയിനങ്ങളിലും നിറങ്ങളിലുമുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളെല്ലാം മായം ചേര്‍ന്നവയാണ്. സൗന്ദര്യം വര്‍ധിപ്പിക്കാനും ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാനുമുള്ള മൈലാഞ്ചി പോലും ഇന്ന് മായം കലര്‍ത്തിയാണ് വിപണിയിലെത്തുന്നത്. അലര്‍ജിക്കും തൊലിയിലെ കാന്‍സറടക്കം ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കള്‍, ലോഹങ്ങളായ ലെഡ്, നിക്കല്‍, ക്രോമിയം, കൃത്രിമ ലായകങ്ങള്‍, തുണിമില്ലുകളിലുപയോഗിക്കുന്ന ഡൈ എന്നിവയെല്ലാം ചേര്‍ന്നതാണ് വിപണിയില്‍ ലഭിക്കുന്ന കൃത്രിമ മൈലാഞ്ചി. സോഡിയം വിക്രമെന്റ്, ടാര്‍പിനോള്‍, ഓക്‌സാലിക്ക് ആസിഡ് തുടങ്ങിയ രാസവസ്തുക്കള്‍ തൊലിയിലെ പ്രോട്ടീനുമായി ചേര്‍ന്നാണ് ഉടനടി നിറം പകരുന്നത്.
ഉഴുന്ന് പരിപ്പുകള്‍ക്ക് നല്ല തിളക്കം കിട്ടാന്‍ വേണ്ടി മഗ്‌നീഷ്യം സിലിക്കേറ്റാണ് പൂശുന്നത.് പൊടിയുപ്പ് കട്ട പിടിക്കാതിരിക്കാന്‍ വേണ്ടി പാക്കറ്റില്‍ സോഡിയം സിലിക്കേറ്റ് അടങ്ങിയ ചില്ല്‌പൊടിയോ പൂഴിപ്പൊടിയോ ചേര്‍ക്കുന്നു. ചെറുപയര്‍ പരിപ്പ്, തുവര പരിപ്പ,് മസൂര്‍ പരിപ്പ് എന്നിവയില്‍ ടാട്രസിന്‍, മെറ്റാനിന്‍, യെല്ലൊ തുടങ്ങിയ അപകടകാരികളായ നിറങ്ങളാണ് കലര്‍ത്തുന്നത്. ജീരകത്തില്‍ പുല്‍ക്കായയും നല്ലെണ്ണയില്‍ തവിടെണ്ണയും വെളിച്ചെണ്ണയില്‍ പഴകിയ എള്ളെണ്ണ, നിറം മാറ്റിയ കരി ഓയില്‍ തുടങ്ങിയവയും വ്യപകമായി ലയിപ്പിച്ചാണ് വിപണനം നടത്തുന്നത്. കാപ്പിപ്പൊടിയില്‍ തൂക്കം കൂടാന്‍ വേണ്ടി പുളിങ്കുരു, ഈത്തപ്പഴക്കുരു എന്നിവയും പൊടിച്ച് ചേര്‍ക്കുന്നു. ഇവയാകട്ടെ സന്ധിവേദന, വയറിളക്കം, ആമാശയ പ്രശ്‌നങ്ങള്‍ തുടങ്ങിയവക്ക് ഇടയാക്കുന്നു. ഗോതമ്പ് വറുത്ത പൊടി 30 ശതമാനം മുതല്‍ 40 ശതമാനം വരെ ചേര്‍ത്തും കാപ്പിപ്പൊടിയുടെ വില്‍പ്പന നടക്കുന്നുണ്ട്. തേയിലച്ചണ്ടി ഉണക്കിയെടുത്ത് എസന്‍സും രാസവസ്തുക്കളും ചേര്‍ത്ത് പുതിയ പാക്കറ്റുകളിലാക്കിയാണ് “ശുദ്ധമായ” തേയിലയുടെ വില്‍പ്പന നടക്കുന്നത്.
കടുകിലുമുണ്ടത്രെ കടുക് മണിയോളം മായം. ഗ്ലുക്കോമ പോലെയുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്ന ആര്‍ജിമോണ്‍ വിത്തുകളാണ് കടുകിലുള്ള പ്രധാന മായം. ശുദ്ധമായ നല്ലെണ്ണയില്‍ 90 ശതമാനവും തവിടെണ്ണയും 10 ശതമാനം മാത്രം നല്ലെണ്ണയുമാണുള്ളത്. പാക്കറ്റ് വെളിച്ചെണ്ണയില്‍ പരുത്തിക്കുരു, റബ്ബര്‍ക്കുരു എന്നിവയാണ് കലര്‍ത്തുന്നത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 300 ഓളം ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ വിപണനം നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ദിവസവും 50 ടാങ്കര്‍ വെളിച്ചെണ്ണയാണ് കേരളത്തിലെത്തുന്നത്. അവയില്‍ പലതിലും 10 ശതമാനം മുതല്‍ 20 ശതമാനം വരെ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മോര്‍ച്ചറിയിലും ലാബുകളിലും ജൈവ ശരീരഭാഗങ്ങള്‍ അഴുകാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോര്‍മാലിനാണ് മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്നത്. വസ്ത്രങ്ങളിലും കയറുകളിലുമെല്ലാം ഉപയോഗിക്കാറുള്ള റോഡമിന്‍ ബി എന്ന ചായമാണ് കേക്കിലും മിഠായികളിലും ചേര്‍ക്കുന്നത്. ദഹന പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന പപ്പായക്കുരുവാണ് കുരുമുളകിലുള്ളതെങ്കില്‍ മൂത്രനാളിയിലെ ക്യാന്‍സറിനു കാരണമാകുന്ന കാഡ്മിയം കീടനാശിനികളാണ് ശീതളപാനീയങ്ങളിലും പഴച്ചാറുകളിലുമുള്ളത്. വിപണിയില്‍ സുലഭമായ നാലായിരത്തിലധികം ഭക്ഷ്യ പദാര്‍ഥങ്ങളും കൃത്രിമ മധുരം ചേര്‍ത്താണ് വില്‍ക്കപ്പെടുന്നതെന്ന് അന്വേഷണ വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. കിഡ്‌നിക്കും ഗ്രന്ഥികള്‍ക്കും കുടലിനും ക്ഷതമേല്‍പ്പിക്കുന്ന വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വിഷവസ്തുക്കളാണ് മധുര പലഹാരങ്ങളിലെ രുചിക്കൂട്ട്. കരള്‍, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളില്‍ ട്യൂമറുണ്ടാക്കുന്ന ഡള്‍സിന്‍ എന്ന കൃത്രിമ മധുര പദാര്‍ഥമാണ് പല ബിസ്‌കറ്റുകളിലേയും പ്രധാന വില്ലന്‍. തേനില്‍ ശര്‍ക്കര വെള്ളവും പഞ്ചസാരയില്‍ വെള്ള മണലും ചോക്ക് പൊടിയും കുങ്കുമപ്പൂവില്‍ നിറവും സുഗന്ധവും ചേര്‍ത്ത ചോളനാരുകളുമാണ് പതിവായി കാണാറുള്ളത്. കടലയില്‍ അതേ ആകൃതിയും നിറവുമുള്ള ചരലുകള്‍ ചേര്‍ത്താണ് വിപണനം.
ഐസ്‌ക്രീമില്‍ വാഷിംഗ് പൗഡറാണ് പത പൊങ്ങാന്‍ വേണ്ടി ഉപയോഗിക്കുന്ന പ്രധാന മായം. മെഴുക്, വാര്‍ണിഷ്, പോളിയൂറിത്തിന്‍ എന്നിവയാണ് തക്കാളി പോലെ മിനുസമുള്ള പച്ചക്കറികളുടെയും ആപ്പിള്‍ പോലെയുള്ള പഴ വര്‍ഗങ്ങളുടെയും തിളക്കം കൂട്ടാനുള്ള മറിമായം. കപ്പലണ്ടി വറുത്ത് പൊടിച്ച് ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ കശുവണ്ടിയാകൃതിയിലുള്ള മോള്‍ഡുകളിലാക്കി കശുവണ്ടിയുടെ എസന്‍സും ചേര്‍ത്ത് വാര്‍ത്തെടുക്കുന്നതാണു വിപണിയില്‍ സുലഭമായ കശുവണ്ടി പരിപ്പെന്നു പറഞ്ഞാല്‍ അവിശ്വസനീയത തോന്നും. അമിത ലാഭത്തിനു വേണ്ടി തുച്ഛമായ വിലക്ക് ലഭിക്കുന്ന രാസവസ്തുക്കളാണ് ഭക്ഷണ പദാര്‍ഥങ്ങളില്‍ നിര്‍ലോഭം ഉപയോഗിക്കുന്നത്.
മാംസാഹാരങ്ങളില്‍ രുചിയും മണവും വര്‍ധിപ്പിക്കുന്നതിനു വേണ്ടി സ്ഥിരമായി ചേര്‍ക്കുന്ന മോണോ സോഡിയം ഗ്ലൂമേറ്റ് എന്ന അജിനോമോട്ടോ തലച്ചോറിനെ മാരകമായി ബാധിക്കുന്ന വിഷവസ്തുവാണ്. ചെറിയ അളവിലാണെങ്കിലും നിരന്തരം കഴിച്ചാല്‍ തലവേദന, നെഞ്ചുവേദന, ശ്വസന പ്രശ്‌നങ്ങള്‍, അടിവയര്‍ വേദന, ജനനേന്ദ്രിയത്തില്‍ വേദന, പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ക്കുള്ള വീക്കം, പൊണ്ണത്തടി, വന്‍കുടല്‍, ആമാശയം എന്നിവിടങ്ങളിലെ ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, ആസ്ത്മ, ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ക്രമരാഹിത്യം, പ്രമേഹം തുടങ്ങിയവക്കെല്ലാം ഇവ വഴിവെക്കും. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന അസിഡിറ്റി വയറെരിച്ചിലിനും നെഞ്ചെരിച്ചിലിനും കാരണമാകുകയും ചെയ്യും. ചില്ലിചിക്കന്‍, ഗാര്‍ലിക് ചിക്കന്‍, ഫ്രൈഡ് റൈസ് തുടങ്ങി സാമ്പാറില്‍ വരെ വാരിവിതറുന്ന അജിനോമോട്ടോ ബി പി ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യുന്നതിനും മുഖം, കണ്ണ് എന്നിവിടങ്ങളില്‍ നീര് വരുന്നതിനും ചര്‍മം വലിയുന്നതിനും കാരണമാകുന്നു. ശരീരത്തിലെ കാല്‍സ്യം നഷ്ടപ്പെടുത്തി എല്ലുകള്‍ ദുര്‍ബ്ബലമാക്കുന്ന ഇത് വിട്ടുമാറാത്ത സന്ധിവേദനകള്‍ക്കും ഇടവരുത്തുന്നു. ലോകത്ത് പ്രതിവര്‍ഷം പത്ത് ലക്ഷം ടണ്‍ അജിനോമോട്ടോ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഓരോ വര്‍ഷവും 5000 ടണ്‍ അജിനോമോട്ടോയാണത്രെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

acha2
മായം കലര്‍ന്ന ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളെ ചികിത്സിച്ചു മാറ്റാമെന്ന് ധരിച്ചാലും ഇനിയുള്ള കാലം നടക്കില്ല. രോഗങ്ങളെ നിഷ്‌കാസനം ചെയ്യു ന്ന മരുന്നുകളില്‍ പോലും മായമാണെന്നതാണു കാരണം. ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന 40,000 കോടിയുടെ മരുന്നില്‍ 12,000 കോടിയുടേതും മായം ചേര്‍ത്തതോ വ്യാജ മരുന്നുകളോ ആണ്. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മാതാക്കളായ റാന്‍ബാക്‌സിന് മായം കലര്‍ന്ന മരുന്ന് ഉത്പാദിപ്പിച്ചതിനും വിറ്റതിനും അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 50 കോടി ഡോളര്‍ പിഴയിട്ടിരുന്നു. കമ്പനിയുടെ മുപ്പത് മരുന്നുകള്‍ അമേരിക്കയില്‍ നിരോധിക്കുകയുമുണ്ടായി.
ലോകത്ത് ഭക്ഷണമില്ലാതെ ധാരാളം പേര്‍ മരിക്കുന്നതു പോലെ ഭക്ഷണം കഴിച്ചിട്ടും അത്ര തന്നെ പേര്‍ മരിക്കുന്നുണ്ട.് ഭക്ഷ്യവസ്തുക്കളിലെ മായങ്ങള്‍ ഭക്ഷ്യ വിഷബാധ, ഛര്‍ദി, ഗര്‍ഭഛിദ്രം, വിളര്‍ച്ച, പക്ഷാഘാതം, കൊളസ്‌ട്രോള്‍, പ്രമേഹം, കരള്‍ രോഗങ്ങള്‍, വൃക്കത്തകരാറുകള്‍, ഹൃദയാഘാതം, വന്ധ്യത, നേത്ര പ്രശ്‌നങ്ങള്‍, ചര്‍മ്മ പ്രശ്‌നങ്ങള്‍, ആര്‍ത്തവത്തകരാറുകള്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ആകര്‍ഷകമായ പാക്കറ്റുകളിലും മനോഹരമായ ടിന്നുകളിലും ലഭിക്കുന്ന ഭക്ഷണത്തോട് കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നവര്‍ മായം കലര്‍ന്ന ഭക്ഷണങ്ങളാണ് ഓരോ നേരവും കഴിച്ചുകൊണ്ടിരിക്കുന്നത്. ആഹാരത്തിന്റെ ഔഷധഗുണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനു പകരം രുചിക്കൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വികലമായ ഭക്ഷണ സംസ്‌കാരമാണ് യഥാര്‍ഥത്തില്‍ നമ്മെ നശിപ്പിക്കുന്നത്. ഉപഭോക്താവിന്റെ അറിവില്ലായ്മയും ശ്രദ്ധക്കുറവും മുതലെടുത്താണ് കുത്തക കമ്പനികളുടെ മായം ചേര്‍ക്കല്‍ അനുസ്യൂതം തുടരുന്നത്. വീടുകള്‍ക്ക് അടുക്കള പോലും വേണ്ടാത്ത വിധത്തില്‍ ഹോട്ടലുകളെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളും വര്‍ധിച്ചുവരുന്നുണ്ട്. കുട്ടികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനു എണ്ണയില്‍ വറുത്ത ബേക്കറി പലഹാരങ്ങള്‍ വാങ്ങി നല്‍കുന്ന വിരുന്നുകാരും മാതാപിതാക്കളും കുറവല്ല. അതാവട്ടെ, കുട്ടികളില്‍ പൊണ്ണത്തടിയടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. പോര്‍ട്ടോറിക്കോയിലെ സാന്‍ജുവാനില്‍ പൊണ്ണത്തടിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പിഴശിക്ഷ നല്‍കുന്നതിന് വേണ്ടി പാര്‍ലിമെന്റില്‍ അവതരിപ്പിച്ച ബില്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ഭക്ഷണ ക്രമീകരണം വഴി കുട്ടികളുടെ തടി കുറക്കാന്‍ ആറ് മാസത്തെ സമയപരിധിയാണ് ഉദ്യോഗസ്ഥര്‍ രക്ഷിതാക്കള്‍ക്ക് നല്‍കിയത്.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റിയുടെ നിയമപ്രകാരം ഭക്ഷ്യ വസ്തുക്കളില്‍ മായം കലര്‍ത്തിയതായി തെളിഞ്ഞാല്‍ കുറ്റവാളികള്‍ക്ക് കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് കനത്ത പിഴയും ജീവപര്യന്തം തടവും ശിക്ഷയായി ലഭിക്കുന്നതാണ്. എന്നാല്‍ ശിക്ഷാനടപടികളിലെ അപര്യാപ്തതയും നിയമങ്ങളിലുള്ള പഴുതുകളും നിയമം നടപ്പാക്കുന്നതിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയവുമെല്ലാം മായം ചേര്‍ത്ത് തടിച്ചുകൊഴുക്കുന്ന മുതലാളിമാര്‍ക്ക് ഏറെ സഹായകമാകുന്നുണ്ട്.
ശക്തമായ നിയമനടപടികള്‍ക്കും പഴുതുകളില്ലാത്ത നിയമങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ നിരന്തരമായ അന്വേഷണങ്ങള്‍ക്കും മാത്രമാണ് ഇനി സാധാരണക്കാരെ രക്ഷിക്കാന്‍ സാധിക്കുക. നിറം ചേര്‍ത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കിയും ജൈവ കൃഷി നടത്തി ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചും പൊടിയുപ്പിനു പകരം കല്ലുപ്പ് ഉപയോഗിച്ചും മല്ലി, മുളക്, മഞ്ഞള്‍ എന്നിവയുടെ പൊടിപ്പാക്കറ്റുകള്‍ക്കു പകരം അവ വാങ്ങി പൊടിച്ചും മറ്റു രീതികളിലും ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ നാം ഉറപ്പു വരുത്തുക തന്നെ വേണം.