Connect with us

Articles

27-ാം രാവ്: വിശ്വാസികള്‍ക്ക് മഅ്ദിന്‍ ഒരുക്കി വെച്ചത്

Published

|

Last Updated

വീണ്ടുമൊരു 27ാം രാവ്! രാവു പകലാക്കാന്‍ മഅ്ദിന്‍ ഒരുങ്ങുകയാണ്. പ്രാര്‍ത്ഥനാ പൂര്‍വം. പുണ്യങ്ങളുടെ പൂക്കാലമാണ് റമസാന്‍. വ്രതനിഷ്ഠയുടെ പരിശുദ്ധിയോടെ, പാപ പങ്കിലമായ ജീവിത വഴികളില്‍ നിന്ന് നന്‍മയുടെ നറുനിലാവിലലിയാന്‍ കൊതിക്കുന്ന മനസ്സുമായി വിശ്വാസികള്‍ വിരുന്നെത്തുന്ന 27ാം രാവ് മഅ്ദിന്‍ കാംപസിലെ കണ്‍കുളിര്‍ക്കുന്ന കാഴ്ചയാണ്.

ആയിരം മാസങ്ങളേക്കാള്‍ പവിത്രമായ ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന 27ാം രാവ് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സ്വലാത്ത് മജ്‌ലിസില്‍ ഒരുമിച്ചു കൂടാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നു. കഴിഞ്ഞ 17 വര്‍ഷമായി സ്വലാത്ത് നഗറിലെ പ്രാര്‍ത്ഥനാ സമ്മേളനം വിശ്വാസികള്‍ക്ക് നല്‍കുന്ന ആത്മനിര്‍വൃതിയും ആശ്വാസവും ചെറുതല്ല.

ഭക്തിനിര്‍ഭരമായ മനസ്സുമായി ഒരു മാസത്തോളം നോമ്പ് പിടിച്ച് കരുണയുടെയും പാപ മോചനത്തിന്റെയും “പത്തുകള്‍” പിന്നിട്ട് നരക മോചനത്തിന്റെ ശ്രേഷ്ഠ ദിനങ്ങളില്‍ ആയിരം മാസങ്ങളേക്കാള്‍ പവിത്രമായ ഖദ്‌റിന്റെ രാത്രിയെ കനവില്‍ പ്രതീക്ഷിക്കുന്നവര്‍, പ്രാര്‍ത്ഥനകളില്‍ ആഗ്രഹ സഫലീകരണത്തിന്റെയും സാക്ഷാല്‍കാരത്തിന്റെയും ധന്യ മുഹൂര്‍ത്തങ്ങള്‍ക്ക് കാത്തിരിക്കുന്നവര്‍, പരാതികളും പരിവേദനങ്ങളും സര്‍വശക്തനിലര്‍പ്പിച്ച് പാപ മോചനത്തിന്റെയും പശ്ചാതാപത്തിന്റെയും മനസ്സുമായി സൃഷ്ടാവിലേക്ക് കരങ്ങളുയര്‍ത്തുന്നവര്‍.. ദുരിത പര്‍വങ്ങള്‍ നേര്‍ക്കുമ്പോഴും ഉള്ളിലണയാത്ത വിശ്വാസത്തിന്റെ നാളങ്ങളുമായി പ്രതീക്ഷാ നിര്‍ഭരമായ മനസ്സുമായെത്തുന്ന ആയിരങ്ങള്‍.. മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനം കേവലം ഒരു കെട്ടു കാഴ്ചയല്ല. പവിത്രമായ റമസാന്‍ മാസത്തിന്റെ സത്തയെ ഉള്‍ക്കൊള്ളുന്ന നിരവധി ആത്മീയ, സാംസ്‌കാരിക, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ പര്യവസാനവും അടുത്ത ഒരു വര്‍ഷത്തേക്കുള്ള പുതിയ പദ്ധതികളുടെ തുടക്കവുമാണത്.

ഈ വര്‍ഷവും വളരെ വിപുലമായ പദ്ധതികളാണ് റമസാന്‍ മാസത്തിന്റെ വിശുദ്ധ നാളുകളില്‍ മഅ്ദിന്‍ ഒരുക്കിയത്. റിലീഫ് പ്രവര്‍ത്തനങ്ങളാണ് അവയില്‍ ഏറ്റവും പ്രമുഖം. ലക്ഷങ്ങളുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് വിശുദ്ധ മാസത്തിന്റെ പുണ്യ ദിനങ്ങളില്‍ മഅ്ദിന്‍ നടത്തിയത്. മലബാറിലെ വിവിധ പ്രദേശങ്ങളിലെ നൂറുകണക്കിന് പാവപ്പെട്ടവര്‍ക്ക് അവരുടെ വീടുകളില്‍ നേരിട്ടെത്തിയാണ് മഅ്ദിന്‍ പ്രവര്‍ത്തകര്‍ റിലീഫ് കിറ്റുകള്‍ നല്‍കിയത്. അശരണര്‍ക്കും നിരാലംബര്‍ക്കുമൊപ്പം മുന്നൂറിലധികം അന്ധര്‍ക്കും വികലാംഗര്‍ക്കും കാരുണ്യത്തിന്റെ കൈനീട്ടമെത്തിക്കാന്‍ മഅ്ദിന് കഴിഞ്ഞു.

മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ്, എജ്യൂപാര്‍ക്ക്, എന്നിവിടങ്ങളിലായി 3000ത്തോളം പേര്‍ക്ക് റമസാനിലെ മുഴുവന്‍ ദിവസങ്ങളിലും ഇഫ്താറൊരുക്കുന്നതാണ് മറ്റൊരു സംരംഭം. മുന്‍ വര്‍ഷങ്ങളിലും മഅ്ദിന്‍ നടത്തിയിരുന്ന ഈ പദ്ധതി പൊതുജന പങ്കാളിത്തം കൊണ്ടും പ്രാതിനിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമാണ്. യാത്രക്കാര്‍, തൊട്ടടുത്ത വിവിധ ഹോസ്പിറ്റലുകളിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍, കലക്ട്രേററ്, എം എസ് പി ക്യാമ്പ്, മറ്റിതര ഓഫീസ് ജീവനക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് ആശ്വാസമാണ് ഈ ഇഫ്താര്‍ സംഗമങ്ങള്‍. മഅ്ദിന്‍ കാംപസിന്റെ പരിസര പ്രദേശങ്ങളില്‍ നോമ്പ് തുറക്കാവശ്യമായ വിഭവങ്ങള്‍ പള്ളിയിലെത്തിക്കാന്‍ ഉല്‍സാഹിക്കുന്ന കുടുംബങ്ങള്‍ മഅ്ദിനിന്റെ “പത്തിരി വണ്ടി” എത്തുന്നതും കാത്തിരിക്കുന്നത് റമളാനിലെ സ്‌നേഹോജ്ജ്വലമായ കാഴ്ചയാണ്. അപരന്റെ വിശപ്പ് മാറ്റാന്‍ സ്വന്തം ഭക്ഷണത്തിന്റെ പങ്ക് മാറ്റി വയ്ക്കുന്ന സാഹോദര്യത്തിന്റെ അനിതര സാധാരണമായ കാഴ്ചയും സംസ്‌കാരവും മലപ്പുറത്തിന് സ്വന്തമായത് മഅ്ദിനിന്റെ രംഗപ്രവേശത്തോടെയാണ്. ഭക്ഷണ വിഭവത്തോടൊപ്പം ആത്മീയ വിഭവങ്ങളും മഅ്ദിന്‍ ഒരുക്കുന്നു. മഗ്‌രിബ് ബാങ്കിനൊപ്പം ലഘു ഭക്ഷണങ്ങളുമായി നോമ്പ് തുറക്കുന്ന വിശ്വാസികള്‍ക്കായി നിസ്‌കാരാനന്തരം ചുരുങ്ങിയ സമയം ആത്മീയ വിഷയങ്ങളില്‍ ക്ലാസ്സുമുണ്ട്. പ്രഗത്ഭരായ പണ്ഡിതര്‍ നേതൃത്വം നല്‍കുന്ന ഈ ക്ലാസുകള്‍ ഹ്രസ്വമെങ്കിലും ആത്മീയ അനുഭൂതി ഉണര്‍ത്തുന്നവയാണ്. ക്ലാസ്സിനു ശേഷം ഇഫ്താര്‍ ഹാളില്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാം.

ഇഅ്തികാഫ് ജല്‍സയാണ് മറ്റൊരു പദ്ധതി. റമദാനിലെ 30 ദിവസങ്ങളിലും അല്ലാഹുവിന്റെ ഭവനത്തില്‍ ആത്മീയാനുഭൂതിയില്‍ കഴിച്ചു കൂട്ടി, സര്‍വശക്തനായ പ്രപഞ്ച നാഥനോട് മനമുരുകി പ്രാര്‍ത്ഥിച്ച ഒരു മുന്‍ തലമുറയുണ്ട്. അതിന്റെ കൃത്യമായ പിന്‍ തുടര്‍ച്ചയാണ് മഅ്ദിന്‍ ഇഅ്തികാഫ് ജല്‍സ. ഗ്രാന്റ് മസ്ജിദില്‍ ഇഅ്തികാഫ് ഇരിക്കുന്ന 500ലധികം ആളുകള്‍ക്കാവശ്യമായ ഭക്ഷണ, താമസ സൗകര്യങ്ങള്‍ സ്ഥാപനം സജ്ജമാക്കി. റമസാനിനു മുന്‍പേ തന്നെ ജല്‍സയില്‍ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. ഇഅ്തികാഫിലുപരി ഇതൊരു ആത്മീയ ക്യാമ്പാണ്. കൃത്യമായ ഇടവേളകളില്‍ ആത്മീയ ക്ലാസ്സുകളും ചര്‍ച്ചകളും നടക്കുന്ന ജല്‍സയില്‍ ഖുര്‍ആന്‍ പഠനം, പാരായണം, മറ്റിതര വായനകള്‍ എന്നിവയെല്ലാം നടക്കുന്നു. യുവജനങ്ങളും വയോജനങ്ങളുമായ നിരവധി ആളുകള്‍ ഒത്തൊരുമിക്കുന്ന ഈ ജല്‍സ ഇഅ്തികാഫ് പോലുള്ള ആരാധനാ കര്‍മങ്ങളില്‍ സമകാലിക സമൂഹത്തിന്റെ താല്‍പര്യവും പ്രതിബദ്ധതയും വിളിച്ചോതുന്നു. ഇതിനു പുറമെ കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വനിതകള്‍ക്കായി പഠന ക്ലാസ്സുകള്‍ നടക്കുന്നു. കുടുംബ ജീവിതത്തിന് അനിവാര്യമായ ക്ലാസ്സുകള്‍ നല്‍കി സാമൂഹ്യ ശാക്തീകരണത്തിന്റെ വേദിയായി മാറുന്നു ഈ ക്ലാസുകള്‍. പരിസര പ്രദേശങ്ങളിലെ 7000ത്തോളം സ്ത്രീകളാണ് ദിവസവും പഠന ക്ലാസ്സുകള്‍ക്കെത്തിയത്. ഇവര്‍ക്കായി ബസ് സര്‍വീസും സൗകര്യപ്രദമായ ഹാളും സ്ഥാപനം ഒരുക്കി.

27ാം രാവിലെ പ്രാര്‍ത്ഥനാ സമ്മേളനം ലോകത്തെ തന്നെ ഏറ്റവും വലിയ വിശ്വാസീ സംഗമങ്ങളിലൊന്നാണ്. മഅ്ദിന്‍ ക്യാമ്പസിലെ വിശാലമായ ഗ്രൗണ്ടിനു പുറമെ ലോകത്തെമ്പാടുമുള്ള സ്‌നേഹജനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും പ്രാര്‍ത്ഥനകളില്‍ പങ്കാളികളാവുന്നു. ലോക സമാധാനത്തിനും പാരസ്പര്യത്തിനുമായി നടത്തുന്ന ഭീകര വിരുദ്ധ പ്രതിജ്ഞ സംഗമത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ഇന്ത്യയിലെ പ്രമുഖ പണ്ഡിതര്‍ക്കും സയ്യിദന്‍മാര്‍ക്കും പുറമെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ മഹാ വേദിയില്‍ ഭീകരവാദ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും പ്രതിജ്ഞ പുതുക്കുകയും ചെയ്യുന്ന ആയിരങ്ങള്‍ ഉദ്‌ഘോഷിക്കുന്നത് സമത്വസുന്ദരവും സമാധാനതല്‍പരവുമായ ഇസ്‌ലാമിന്റെ സുന്ദര മുഖമാണ്. ലോകോത്തരമായ ഒരു പ്രത്യയ ശാസ്ത്രത്തെ അറിവില്ലായ്മയുടെ നിഴല്‍ മറയില്‍ നിന്ന് കല്ലെറിയുന്നവര്‍ കണ്ടു പഠിക്കേണ്ട നല്ല പാഠമാണ് ഈ സംഗമം കാഴ്ച വയ്ക്കുന്നത്.

സാമൂഹ്യ തിന്‍മകളായ ലഹരിക്കും ചൂതാട്ടത്തിനും അരാജകത്വങ്ങള്‍ക്കുമെതിരായ പ്രതിരോധത്തിന്റെ ശക്തിദുര്‍ഗ്ഗങ്ങളാണ് സംഗമം സൃഷ്ടിക്കുന്നത്. കൂടാതെ പുണ്യങ്ങള്‍ക്ക് പരശ്ശതം പ്രതിഫലം ലഭിക്കുന്ന റമളാനിന്റെ പകലിരവുകളില്‍ ആരാധനാകര്‍മങ്ങളില്‍ മുഴുകിയ വിശ്വാസികള്‍ തൗബാ പ്രാര്‍ത്ഥനകളില്‍ പശ്ചാതാപ വിവശരായി സ്രഷ്ടാവിനോട് കൈ നീട്ടുന്ന അനര്‍ഘനിമിഷങ്ങള്‍ പുലര്‍ച്ചെ വരെ നീളുമ്പോള്‍ ആത്മനിര്‍വൃതിയുടെ ഒരായിരം പുലര്‍ വെട്ടങ്ങള്‍ പിറവയെടുക്കുന്നു.

ചുരുക്കത്തില്‍ ആരാധനാ കര്‍മങ്ങളുടെയും ദാനധര്‍മങ്ങളുടെയും സ്‌നേഹ, കാരുണ്യങ്ങളുടെയും നന്‍മകളുടെയും ഒരായിരം പുതു ചരിത്രങ്ങളാണ് ഓരോ റമസാനിലും മഅ്ദിന്‍ രചിക്കുന്നത്. സ്വസ്ഥവും ധര്‍മാധിഷ്ഠിതവുമായ സമൂഹമാണ് മഅ്ദിന്‍ ലക്ഷ്യമിടുന്നത്. മാനവികതയിലൂന്നിയ വിദ്യാഭ്യാസവും മതമൂല്യങ്ങളും പകര്‍ന്നു നല്‍കി ആത്മീയതയുടെ അസ്ഥിവാരത്തില്‍ സമാധാന കാംക്ഷികളും സംസ്‌കാര സമ്പന്നരുമായ സമൂഹം സാദ്ധ്യമാക്കുകയാണതിന്റെ സ്വപ്നം; ഒപ്പം ഇരുലോകവിജയത്തിന്റെ സായൂജ്യവും. അസ്തമിക്കാന്‍ പാടില്ലാത്ത മനുഷ്യനന്‍മകളുടെ നിലക്കാത്ത മാതൃകയായി മഅ്ദിന്‍ പദ്ധതികള്‍ നിലനില്‍ക്കുമെന്ന് പ്രത്യാശിക്കാം.