Connect with us

Kerala

ഋഷിരാജ് സിംഗ് വിവാദം കൊഴുക്കുന്നു: ഗൗനിക്കാതിരുന്നത് ബോധപൂര്‍വമെങ്കില്‍ തെറ്റെന്ന് ഡി ജി പി; പരാതിയില്ലെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: എ ഡി ജി പി ഋഷിരാജ് സിംഗിന്റെ സ്ഥലംമാറ്റവും അതിന്റെ തുടര്‍ച്ചയായി പൊതുവേദിയില്‍ ആഭ്യന്തര മന്ത്രിയെ ഗൗനിക്കാതിരുന്നതിനെയും ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. ഋഷിരാജ് സിംഗിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണോയെന്ന് ഡി ജി പി പരിശോധിക്കട്ടെയെന്നും തനിക്ക് ഇതില്‍ പരാതിയില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ബോധപൂര്‍വമാണ് ആഭ്യന്തര മന്ത്രിയെ ഗൗനിക്കാതിരുന്നതെങ്കില്‍ തെറ്റാണെന്നും തിരുത്താന്‍ ആവശ്യപ്പെടുമെന്നും ഡി ജി പിയും പ്രതികരിച്ചു. ഇതിനിടെ, ഋഷിരാജ് സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച് കെ പി സി സി വക്താവ് പന്തളം സുധാകരന്‍ രംഗത്തുവന്നു. പന്തളം സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ കിട്ടിയിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കിലുള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ വരെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും മറുപടി നല്‍കി.
രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ നടന്ന വനിതാ പോലീസ് പാസിംഗ് ഔട്ട് പരേഡിന് മന്ത്രി രമേശ് ചെന്നിത്തലയെത്തിയപ്പോള്‍ എ ഡി ജി പി ഋഷിരാജ് സിംഗ് എഴുന്നേല്‍ക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്യാത്തതാണ് വിവാദമായത്. വേദിയുടെ മുന്‍നിരയിലെ സോഫയില്‍ നേരത്തെ തന്നെ ഋഷിരാജ് സിംഗ് ഇരിപ്പുണ്ടായിരുന്നു. മന്ത്രി എത്തുന്നുവെന്ന് അറിയിപ്പ് മൈക്കില്‍ കേട്ടതോടെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എഴുന്നേറ്റു നിന്നു. മന്ത്രി എത്തിയിട്ടും ഋഷിരാജ് സിംഗ് അനങ്ങിയിരുന്നില്ല.
ഋഷിരാജ് സിംഗിന് അബദ്ധം പറ്റിയെങ്കില്‍ തിരുത്തുമെന്ന് ഡി ജി പി പറഞ്ഞു. മന്ത്രി വരുന്നത് ഋഷിരാജിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരിക്കില്ല. അച്ചടക്കമുള്ള ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. മന്ത്രിയെ കാണുമ്പോള്‍ സല്യൂട്ട് നല്‍കേണ്ടത് ഉപചാരമാണ്. റാങ്ക് അനുസരിച്ചാണോ പലരേയും നാം സര്‍ എന്നു വിളിക്കുന്നതെന്നും സെന്‍കുമാര്‍ ചോദിച്ചു.
അതേസമയം, ഋഷിരാജ് സിംഗിനെതിരെ നടപടിയെടുക്കണമെന്ന് പന്തളം സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. കേരള പോലീസ് വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ച് വരുന്ന അച്ചടക്കനടപടിയാണ് ഋഷിരാജ് സിംഗ് തകര്‍ത്തതെന്നും സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയെയാണ് എ ഡി ജി പി അപമാനിച്ചതെന്നും പന്തളം സുധാകരന്‍ പറഞ്ഞു.
വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായിരുന്ന ഋഷിരാജ് സിംഗിനെ അടുത്തയിടെയാണ് തത്സ്ഥാനത്തു നിന്ന് മാറ്റി ബറ്റാലിയന്‍ എ ഡി ജി പിയായി നിയമിച്ചത്. ഇതാണ് മന്ത്രിയെ ഗൗനിക്കാതെ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പോലും തയ്യാറാകാതിരുന്നതിന് കാരണമെന്ന് വാര്‍ത്തകളുണ്ട്. ദേശീയഗാനം ആലപിക്കുമ്പോഴല്ലാതെ, വി ഐ പികള്‍ വരുമ്പോള്‍ വേദിയിലുള്ളവര്‍ എഴുന്നേല്‍ക്കണമെന്ന് പ്രോട്ടോക്കോളില്‍ ഒരിടത്തും പറയുന്നില്ലെന്നും വിവാദം അനാവശ്യമാണെന്നും കഴിഞ്ഞദിവസം ഋഷിരാജ് സിംഗ് വ്യക്തമാക്കിയെങ്കിലും കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയ്യാറായിട്ടില്ല.

Latest