Connect with us

Kerala

അന്യം നിന്ന മണ്‍പാത്രങ്ങള്‍ മറുനാടന്‍ മലയാളികള്‍ സ്വന്തമാക്കുന്നു

Published

|

Last Updated

പാലക്കാട്: അവഗണന നേരിടുന്ന മണ്‍പാത്രങ്ങള്‍ കടല്‍കടക്കുന്നു. വിദേശ മലയാളികള്‍ തന്നെയാണ്് മണ്‍പാത്രങ്ങള്‍ സ്വന്തമാക്കുന്നത്. ചെറിയ പാത്രങ്ങള്‍ക്കാണ് കുടുതല്‍ ചെലവ്. അമ്പതുമുതല്‍ നൂറ് രൂപ വരെ ഒരു പാത്രത്തിന് വിലവരുന്നുണ്ട്. അമേരിക്ക, ഇറ്റലി, ജര്‍മനി, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം ധാരാളമായി കൊണ്ടുപോകുന്നതായി മണ്‍പാത്രനിര്‍മാതാക്കള്‍ പറയുന്നു. അവിടങ്ങളില്‍ മണ്‍പാത്രങ്ങളില്‍ പാകം ചെയ്യുന്നത് പ്രവാസി മലയാളികള്‍ അഭിമാനമായാണ് കാണുന്നതത്രെ.
നാട്ടില്‍ മണ്‍പാത്രത്തിന് ചെലവ് കുറഞ്ഞതോടെ പാത്രനിര്‍മാണത്തില്‍ നിന്നും പലരും പിന്‍മാറി. ഇപ്പോള്‍ ചുരുക്കം മണ്‍പാത്ര നിര്‍മാതാക്കളാണുള്ളത്. വിദേശ രാജ്യങ്ങളില്‍ ഡിമാന്റ് കൂടിയതോടെ ഇവരുടെ ജീവിതം കരുപ്പിടിച്ചിരിക്കുകയാണ്. കായികാധ്വാനമുള്ളതാണെങ്കിലും നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് അവര്‍ പറയുന്നതാണ് വില. പാലക്കാട് ജില്ലയില്‍ ആലത്തൂര്‍, കുനിശേരി തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് മണ്‍പാത്രനിര്‍മാതാക്കളായ കുംഭാരന്‍മാരുള്ളത് .
നിര്‍മാണത്തിനാവശ്യമായ കളിമണ്ണ് ലഭ്യമാകാത്തതാണ് വലിയ പ്രതിസന്ധി. ഒരു ലോഡ് കളിമണ്ണിന് പതിനായിരം രൂപ വരെ നല്‍കണം. ഇഷ്ടികചൂള നിര്‍മിക്കുന്നിടങ്ങളില്‍നിന്നാണ് കളിമണ്ണ് ലഭിക്കുക. മണ്ണെടുപ്പ്, ഇഷ്ടിക നിര്‍മാണം എന്നിവക്കെല്ലാം നിയന്ത്രണം വന്നതോടെ ഇവര്‍ക്കും ദുരിതമായി. വയലിലെ മേല്‍മണ്ണ് ഇഷ്ടിക നിര്‍മാണത്തിനും അടിഭാഗത്തെ കളിമണ്ണ് മണ്‍പാത്ര നിര്‍മാണത്തിനുമാണ് ഉപയോഗിക്കുക. ഇത്തരം മണ്ണുള്ള സ്ഥലം കണ്ടെത്തി പറയുന്ന വിലയും വാഹനവാടകയും നല്‍കിയാണ് പലരും നിര്‍മാണത്തിനുള്ള മണ്ണെത്തിക്കുന്നത്.
ഓണക്കാലത്ത് ഐ ആര്‍ ഡി പി മേളകള്‍ നടക്കുന്നത് മൂലം മണ്‍പാത്ര വില്‍പ്പന സജീവമായിട്ടുണ്ട്. ജില്ലയില്‍ നിന്ന് ആലുവ, പിറവം ഭാഗങ്ങളിലേക്കാണ് മണ്‍പാത്രങ്ങള്‍ കൊണ്ട് പോകുന്നുണ്ട്. ഡിമാന്റ് കൂടിയതോടെ മണ്‍പാത്രങ്ങള്‍ ഗള്‍ഫ് മേഖലയില്‍ വില്‍പ്പനയും തുടങ്ങിയിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.