Connect with us

Kerala

കസ്റ്റഡിയിലെടുക്കുന്നവര്‍ക്ക് വൈദ്യപരിശോധന നിര്‍ബന്ധമാക്കി

Published

|

Last Updated

തിരുവനന്തപുരം: റോഡില്‍ വീണു കിടക്കുന്ന വ്യക്തികള്‍, മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നവര്‍, ആരെങ്കിലുമായി കലഹിച്ച് ദേഹോപദ്രവമേറ്റിരിക്കുന്നവര്‍ തുടങ്ങിയവരെ പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരെ കാണിക്കാതെ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. കേരള പോലീസ് ആക്റ്റ് 2011 വകുപ്പ് 47 പ്രകാരം ചിത്തരോഗികള്‍, മദ്യപാനികള്‍ (ലഹരിക്കടിമപ്പെട്ടവര്‍), മാനസിക വിഭ്രാന്തി കാണിക്കുന്നവര്‍, അസുഖമുള്ളവര്‍ എന്നിവരെ ഏത് വിധത്തില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പല പോലീസ് സ്റ്റേഷനുകളിലും വഴിയില്‍ വീണുകിടക്കുന്ന ആളുകളെയോ, മദ്യപാനികളെയോ, വീട്ടില്‍ കലഹിക്കുന്ന വ്യക്തികളെയോ പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്നതായി കാണുന്നു. ഇത്തരം വ്യക്തികളെ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്നതിനു മുമ്പായി അടുത്തുള്ള ആശുപത്രിയില്‍ കാണിച്ച് പ്രത്യേകമായി എന്തെങ്കിലും പരുക്കോ, അസുഖമോ ഇല്ല എന്ന് ഉറപ്പാക്കേണ്ടതാണ്. പരിശോധന നടത്തി ആവശ്യമെങ്കില്‍ ഇത്തരക്കാരെ ആശുപത്രിയില്‍ തന്നെ നിര്‍ത്തേണ്ടതാണ്. ഈ വിധത്തില്‍ മാത്രമാണ് കസ്റ്റഡിയിലെടുക്കുന്നവരെ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അതാത് ദിവസം തന്നെ ഉറപ്പാക്കണം. അല്ലാതെയുള്ള രീതിയില്‍ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയും ജില്ലാ പോലീസ് മേധാവി ഇക്കാര്യത്തില്‍ അടിയന്തരമായ തുടര്‍നടപടികള്‍ എടുക്കുകയും വേണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു.