Connect with us

Kerala

വൃദ്ധരായ സ്ത്രീകളെ മയക്കി കവര്‍ച്ച നടത്തിയ മന്ത്രവാദിനി അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: വൃദ്ധരായ സഹോദരിമാരെ ഒറ്റമൂലിയെന്ന് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്നു നല്‍കി കവര്‍ച്ച നടത്തിയ മധ്യവയസ്‌ക അറസ്റ്റില്‍. തിരുവനന്തപുരം നേമം ഉണ്ണിനിവാസില്‍ ഗിരിജ(45) യെയാണ് ഗുരുവായൂര്‍ പടിഞ്ഞാറെനടയില്‍ നിന്ന് ഷാഡോ പോലീസ് പിടികൂടിയത്.
കഴിഞ്ഞ 28ന് പേരാമംഗലം ചിറ്റിലപ്പിള്ളിയില്‍ വൃദ്ധരായ സഹോദരിമാര്‍ മാത്രം താമസിക്കുന്ന വീട്ടിലെത്തിയാണ് ഇവര്‍ കവര്‍ച്ച നടത്തി മുങ്ങിയത്. കോട്ടിലപ്പുറത്തുവീട്ടില്‍ കാര്‍ത്ത്യായനി(82), സരോജിനി(65) എന്നിവരെയാണ് മയക്കിക്കിടത്തിയ ശേഷം കവര്‍ച്ച നടത്തിയത്. ഇവരുടെ മറ്റൊരു സഹോദരി നാരായണി(75)യെ മുതുവറ ശിവക്ഷേത്രത്തിന് സമീപത്ത് നിന്ന് പരിചയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഗിരിജ വീട്ടിലെത്തിയത്. പാവപ്പെട്ട വീട്ടിലെ സ്ത്രീകളായതിനാല്‍ ധനസഹായം വാങ്ങിനല്‍കാമെന്നും വാര്‍ധക്യകാല അസുഖങ്ങള്‍ക്കുള്ള ഒറ്റമൂലി കൈയിലുണ്ടെന്നും ഗിരിജ ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ധനസഹായം ലഭിക്കണമെങ്കില്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കാത്ത ഫോട്ടോ വേണമെന്നും ആഭരണങ്ങള്‍ ഒരു സ്ഥലത്തു അഴിച്ചുവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പിന്നീട് ബാഗില്‍ കരുതിയിരുന്ന മയക്കുമരുന്ന് ഗ്ലാസുകളില്‍ കലര്‍ത്തി രോഗശാന്തിക്കാണെന്നു പറഞ്ഞ് വൃദ്ധ സഹോദരിമാര്‍ക്ക് നല്‍കി. രുചി ഇഷ്ടപ്പെടാത്തതുമൂലം വെള്ളം കുടിക്കാതിരുന്ന നാരായണിയെ മറ്റു കാരണം പറഞ്ഞ് ഗിരിജ പുറത്തേക്കയച്ചു. വെള്ളം കുടിച്ച രണ്ട് സ്ത്രീകളും ബോധരഹിതരായതോടെ 23.5 പവന്‍ സ്വര്‍ണവും പണവുമെടുത്ത് ഗിരിജ രക്ഷപ്പെടുകയായിരുന്നു.
ജില്ലാ ഷാഡോ സംഘം ഗുരുവായൂര്‍ എസ് പി, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പി, പേരാമംഗലം സി ഐ എന്നിവരുടെ കീഴില്‍ സംഘങ്ങളായിത്തിരിഞ്ഞു സംസ്ഥാനത്തിനകത്തും പുറത്തും സമാനരീതിയില്‍ കവര്‍ച്ച ചെയ്യുന്ന സ്ത്രീകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗിരിജ പിടിയിലായത്.
ആശുപത്രികള്‍, അമ്പലങ്ങള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രായമായ സ്ത്രീകളെ വശത്താക്കി കഷ്ടപ്പാടുകളും ദുരിതങ്ങളും രോഗങ്ങളും മന്ത്രവാദത്തിലൂടെയും ഒറ്റമൂലിയിലൂടെയും മാറ്റാമെന്ന് വിശ്വസിപ്പിക്കും. തുടര്‍ന്ന് വീടുകളിലെത്തി മന്ത്രവാദം പോലെ ചടങ്ങുകള്‍ നടത്തുന്നതായി അഭിനയിച്ച് പ്രസാദമെന്ന വ്യാജേന മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി കവര്‍ച്ച ചെയ്തു മുങ്ങുന്നതാണ് ഗിരിജയുടെ രീതി. ഇത്തരത്തില്‍ നൂറുകണക്കിന് കേസുകളില്‍ ഇവര്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest