Connect with us

National

മധ്യേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി കിര്‍ഗിസ്ഥാനില്‍: പ്രതിരോധം ഉള്‍പ്പെടെ സുപ്രധാന കരാറുകളില്‍ ധാരണ

Published

|

Last Updated



ന്യൂഡല്‍ഹി: പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും കിര്‍ഗിസ്ഥാനും സംയുക്ത സൈനികാഭ്യാസം നടത്തും. ഭീകരവാദം, തീവ്രവാദം തുടങ്ങിയ ഭീഷണികള്‍ക്കെതിരെ പോരാടാനും സുരക്ഷിതമായ അയല്‍ ബന്ധം ഉറപ്പിക്കാനും ലക്ഷ്യമാക്കിയാണ് സംയുക്ത സൈനിക അഭ്യാസത്തിന് ഇരു രാജ്യങ്ങളും കരാറിലെത്തിയത്. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി കിര്‍ഗിസ്ഥാനില്‍ എത്തിയിരുന്നു.
രണ്ട് രാജ്യങ്ങളും സുരക്ഷിതവും സമാധാനപരവുമായ അയല്‍പക്കബന്ധമാണ് ആവശ്യപ്പെടുന്നത്. പ്രത്യേകിച്ചും വെല്ലുവിളികള്‍ നേരിടുന്ന ഈ കാലത്ത്. അതിര്‍ത്തികള്‍ നോക്കാതെ ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ പോരാടേണ്ട ആവശ്യകത ഇരു രാജ്യങ്ങളും പങ്ക് വെച്ചുവെന്നും പ്രസിഡന്റ് അല്‍മാസ്‌ബെകുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നരേന്ദ്ര മോദി പ്രതികരിച്ചു.
പ്രതിരോധം, സാംസ്‌കാരികം എന്നിവ ഉള്‍പ്പെടെ നാല് പ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പ് വെച്ചത്. ഇതിന് പുറമെ ഇരു രാജ്യത്തെയും തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്കിടയിലെ സഹകരണത്തിനും ധാരണയായി.
മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മോദി, ഈ ശ്രമത്തില്‍ കിര്‍ഗിസ്ഥാന്‍ പ്രധാന പങ്ക് വഹിക്കുന്നതായും വ്യക്തമാക്കി. എല്ലാവര്‍ഷവും രണ്ട് രാജ്യങ്ങളും സഹകരിച്ച് സംയുക്ത സൈനിക അഭ്യാസം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഉപയകക്ഷി ബന്ധങ്ങളില്‍ ഇത് കൂടുതല്‍ സഹായകരമാകും. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ വരും കാലത്ത് ഇന്ത്യയുടെ പങ്കാളിത്തം നിര്‍ണായകമാകും. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റുമായി താന്‍ ദീര്‍ഘനേരം ചര്‍ച്ച നടത്തി. ഉപയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ താത്പര്യത്തെ അഭിനന്ദിക്കുന്നു. വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളിലെല്ലാം സഹകരണത്തിനും ഉപയകക്ഷി ബന്ധത്തിനും ഇരു രാജ്യങ്ങളും മുന്നോട്ടുവന്നു. ഈ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉപയകക്ഷി ബന്ധം പുതിയ ഉയരത്തിലെത്തിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മോദി പറഞ്ഞു. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിനെ വളരെ നേരത്തെ തന്നെ സ്വീകരിക്കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചതായും മോദി കൂട്ടിച്ചേര്‍ത്തു.