Connect with us

National

സോണിയയുടെ വസതിയിലെ ഇഫ്താര്‍ കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള പടയൊരുക്കമാകും

Published

|

Last Updated

ന്യൂഡല്‍ഹി: ലളിത് മോദി, വ്യാപം അഴിമതി വിഷയങ്ങളില്‍ ശക്തമായ പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാറിനെതിരെ ആക്രമണം ശക്തമാക്കുന്നതിനുള്ള തന്ത്രങ്ങള്‍ ഇന്ന് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇന്ന് ഇഫ്താര്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 21 ന് ആരംഭിക്കുന്ന പാര്‍ലിമെന്റിന് മുന്നോടിയായി സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ഇഫ്താര്‍ വിരുന്നില്‍ പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ മെയ് മാസത്തില്‍ അധികാരമേറ്റ നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറ്റവും ശക്തമായ വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെ പൊള്ളത്തരങ്ങളും അഴിമതി അനുകൂല നിലപാടുകളും തുറന്നുകാട്ടാന്‍ ഇതാണ് അവസരമെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്.
നിതീഷ് കുമാര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, ബി എസ് പി നേതാവ് മായാവതി, എന്‍ സി പി നേതാവ് ശരത് പവാര്‍, സി പി എം നേതാവ് സീതാറാം യെച്ചൂരി, ജനതാദള്‍ എസ് നേതാവ് എച്ച് ഡി ദേവഗൗഡ, മുസ്‌ലിം ലീഗ് നേതാവ് ഇ അഹ്മദ്, ഡി എം കെ നേതാവ് കനിമൊഴി, സി പി ഐ നേതാവ് ഡി രാജ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതൃത്വം എന്നിവരുള്‍പ്പെടെ നിരവധി പേര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കും.
ആരോപണവിധേയനായ ലളിത് മോദിയെ സഹായിച്ച വിഷയത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജിന്റെയും രാജിക്ക് വേണ്ടി ശക്തമായ മുറവിളി ഉയരുന്നുണ്ട്. ഇതിന് പുറമെ നിരവധി പേരുടെ ദുരൂഹമരണത്തില്‍ കലാശിച്ച വ്യാപം അഴിമതികേസും ബി ജെ പിയെ തുറിച്ചുനോക്കുന്നുണ്ട്. ഈ കേസ് ഇപ്പോള്‍ സി ബി ഐ ഏറ്റെടുത്തിരിക്കുകയാണ്. ഈ അവസരം ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാറിനെ തുറന്നുകാട്ടാനാണ് കോണ്‍ഗ്രസ് ശ്രമം.