Connect with us

International

അവര്‍ ജയില്‍ ചുവരില്‍ വരക്കുന്നു; അതിജീവനത്തിന്റെ ചിത്രങ്ങള്‍

Published

|

Last Updated

അക്‌രി: കാരാഗൃഹത്തിന്റെ മതില്‍ക്കെട്ടുകളില്‍ നിറംചാലിച്ച മനോഹര ചിത്രങ്ങള്‍ വരക്കുകയാണ് ഇറാഖിലെ അഭയാര്‍ഥി ക്യാമ്പിലെ കുട്ടികള്‍.
ഇറാഖിലെ അഅക്‌രിയിലെ ജയില്‍ വളപ്പിലാണ് സിറിയന്‍ അഭയാര്‍ഥി കുടുംബങ്ങളിലെ കുട്ടികള്‍ ജയില്‍ ചുവരില്‍ ചിത്രങ്ങള്‍ വരക്കുന്നത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിലാപങ്ങള്‍, സിറിയയിലെ ഇസില്‍ ആക്രമണത്തിന്റെ ചിത്രങ്ങള്‍, കൂട് പൊട്ടിച്ച് ആകാശത്തേക്ക് പറക്കുന്ന പക്ഷികള്‍ അങ്ങനെ പ്രതീക്ഷയുടെ നിരവധി ചിത്രങ്ങള്‍ ഞങ്ങള്‍ വരക്കുന്നു.
തങ്ങള്‍ വരക്കുന്ന ഒരോ ചിത്രത്തിന്റെ പിറകിലും ഒരു അര്‍ഥം ഒളിഞ്ഞുകിടപ്പുണ്ടെന്ന് ചിത്രവരക്കുന്നവരിലൊരാളായ പതിനാലുകാരി സൊലീന്‍ സാമല്‍ പറഞ്ഞു.
ജനങ്ങള്‍ ഇവിടെ വന്നു ഇതു കാണണം. ഇതിന്റെ അര്‍ഥം ഞങ്ങളോട് ചോദിക്കണം. എന്തിനു വേണ്ടിയാണ് ഇതു വരച്ചതെന്നും ചോദിക്കണം- സൊലീന്‍ കൂട്ടിച്ചേര്‍ത്തു. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ഇറാഖി രാഷ്ട്രീയ വിമതരെ തടവില്‍ വെച്ചിരുന്ന ജയിലായിരുന്നു ഇത്.
ഇവിടുത്തെ ഒരു സെല്ലിലാണ് സൊലീന്‍ സാമല്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. വടക്ക് സിറയയിലെ ഖാമിഷാലിയില്‍ നിന്നും ഇസില്‍ ആക്രമണത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട 14000 സിറിയന്‍ ജനതയോടൊപ്പമാണ് സൊലീനും കുടുംബവും ഇവിടെയെത്തിയത്. എല്ലാ വെള്ളിഴ്ചകളിലും ഉച്ചസമയത്ത് സൊലീനും മറ്റു കൂട്ടുകാരും ചേര്‍ന്ന് പഴയ ജയില്‍ കെട്ടിടമായ ഇപ്പോഴത്തെ താത്കാലിക അഭയാര്‍ഥി ക്യാമ്പിലെ ചുവരുകളില്‍ ചിത്രം വരക്കാനായി ഒത്തു ചേരും.
240 പരം സിറിയന്‍ അഭയാര്‍ഥി കുടുംബങ്ങളാണ് ഈ ജയിലറക്കുള്ളില്‍ താമസമാക്കിയിരിക്കുന്നത്. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ലൂസി ടിന്‍ഡലാണ് ചുവര്‍ ചിത്രങ്ങളുടെ പ്രോഗ്രാം മാനേജര്‍.
ഇറാഖിലെ ഹെര്‍ബല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെയ്‌സ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ഇവര്‍ക്ക് അവശ്യമായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കുന്നത്.
ഇവിടെ ചിത്രങ്ങള്‍ വരപ്പിക്കുന്നതിനു പിന്നില്‍ തങ്ങള്‍ക്ക് രണ്ടു ലക്ഷ്യമാണുള്ളതെന്ന് പ്രോഗ്രാം മാനേജര്‍ ടിന്‍ഡല്‍ പറഞ്ഞു.
അഭയാര്‍ഥി ക്യാമ്പിലെ അന്തരീക്ഷം മെച്ചപ്പെടുത്തുകയെന്നതും കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുകയെന്നതുമാണത്. ഒന്നാമത്തേത് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയെന്നത് തന്നെയാണ്- ടിന്‍ഡല്‍ പറയുന്നു.

Latest