Connect with us

International

ലിബിയയിലെ വിരുദ്ധ ഗ്രൂപ്പുകള്‍ തമ്മില്‍ സമാധാന കരാറായി: യു എന്‍

Published

|

Last Updated

തബ്‌റൂക്(ലിബിയ): ആഭ്യന്തര കലഹം രൂക്ഷമായ ലിബിയയിലെ വിരുദ്ധ ഗ്രൂപ്പുകള്‍ സമാധാന കരാറില്‍ എത്തിയതായി യു എന്‍ അറിയിച്ചു. മൊറോക്കോയില്‍ ചര്‍ച്ചയിലാണ് അനുരഞ്ജനത്തിന് വഴിയൊരുങ്ങിയത്. മുനിസിപ്പല്‍ കൗണ്‍സിലുകളുടെ പ്രതിനിധികളും തബ്‌റൂക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു എന്‍ പിന്തുണയുള്ള ഭരണകൂടത്തിലെ ഉന്നതരും സംയുക്തമായി തയ്യാറാക്കിയ രേഖയില്‍ വിവിധ പാര്‍ട്ടികള്‍ ഒപ്പു വെക്കുകയായിരുന്നു. ഈ രേഖ പ്രകാരം ഒരു ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ എല്ലാ കക്ഷികളും സഹകരിക്കും. എന്നാല്‍ ഈ രേഖയില്‍ ട്രിപോളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ നാഷനല്‍ കോണ്‍ഗ്രസ് ഒപ്പു വെച്ചിട്ടില്ല.
ലിബിയ ഡോണ്‍ സായുധ സംഘമാണ് ഇവിടെ ഭരണം നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ യു എന്‍ മുന്‍കൈയില്‍ തയ്യാറാക്കിയ സമാധാന ഉടമ്പടിക്ക് ദേശീയ പ്രധാന്യം കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. ആര്‍ക്കും ഈ കരാറിലേക്ക് കടന്നുവരാമെന്നും വാതിലുകള്‍ തുറന്ന് കിടക്കുകയാണെന്നും ലിബിയയിലെ യു എന്‍ ദൂതന്‍ ബെര്‍ണാഡിനോ ലിയോണ്‍ പറഞ്ഞു. വരും ആഴ്ചകളില്‍ കൂടുതല്‍ അര്‍ഥ പൂര്‍ണമായ ചര്‍ച്ചകള്‍ നടക്കുമെന്നും വിശാലമായ ഐക്യം സാധ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Latest