Connect with us

International

സമ്പൂര്‍ണ മദ്യനിരോധനം: ഓഫീസുകളിലെ ഹാജര്‍ നില വര്‍ധിച്ചതായി സുധീരന്‍

Published

|

Last Updated

ആലപ്പുഴ: അഴിമതി-മദ്യരഹിത ഉദ്യോഗസ്ഥ കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. സമ്പൂര്‍ണ മദ്യനിരോധം മൂലം സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സ്ഥാപകദിനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥര്‍ സമയക്രമത്തില്‍ കൃത്യത പാലിക്കുന്നു. നേരത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ വലിയ തോതില്‍ മദ്യസേവ നടത്തുന്നവരുണ്ടായിരുന്നു. കൈകൂലി വാങ്ങുന്നതിലും ഒട്ടും പിന്നിലായിരുന്നില്ല. ജോലി സമയത്തും മദ്യപിച്ചെത്തുന്നവരും കുറവല്ലായിരുന്നു. രാവിലെ പത്തിന് ആഫീസുകളില്‍ എത്തേണ്ടവര്‍ പതിനൊന്നിനും പന്ത്രണ്ടിനുമൊക്കെയാണെത്തിയിരുന്നത്. എന്നാല്‍ ബാറുകള്‍ പൂട്ടിയതോടെ ആ പ്രവണതക്ക് കാര്യമായ മാറ്റം വന്നുതുടങ്ങിയെന്ന് സുധീരന്‍ പറഞ്ഞു.
അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനായി കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇടനിലക്കാരില്ലാത്ത സുതാര്യമായ സേവമാണ് ജനങ്ങള്‍ക്ക് നല്‍കേണ്ടത്. കക്ഷി രാഷ്ട്രീയഭേദമന്യെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് യു ഡി എഫിന്റേത്. ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ കാര്യത്തിലായാലും അവകാശ സംരക്ഷണത്തിലായാലും കൊടിയുടെ നിറം നോക്കാറില്ല. ചില വകുപ്പുകളില്‍ സ്ഥലമാറ്റ വിഷയത്തില്‍ ക്രമകേടുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് മാറേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
മന്ത്രി കെ ബാബു മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് സി രാജന്‍പിളള അധ്യക്ഷത വഹിച്ചു. എസ് അജയന്‍, കെ സി വേണുഗോപാല്‍ എം പി, എന്‍ രവീന്ദ്രന്‍, എന്‍ രവികുമാര്‍, എന്‍ കെ ബെന്നി പ്രസംഗിച്ചു.

Latest