Connect with us

Sports

ജൊകോ ദ ഹീറോ

Published

|

Last Updated

ലണ്ടന്‍: ടെന്നീസ് ലോകത്ത് തന്റെ സര്‍വാധിപത്യമുറപ്പിച്ച് വിംബിള്‍ഡണ്‍ പുരുഷ കിരീടം സെര്‍ബിയയുടെ നൊവാക് ജൊകോവിച് നിലനിര്‍ത്തി. ക്ലാസിക് പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട ഫൈനല്‍ മത്സരത്തില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെ തോല്‍പ്പിച്ചാണ് ലോക ഒന്നാം നമ്പര്‍ താരമായ ജൊകോവിച്ച് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 7-6, 6-7, 6-4, 6-3. ജൊകോവിച്ചിന്റെ മൂന്നാം വിംബിള്‍ഡണ്‍ കിരീടമാണിത്. കരിയറിലെ 17ാം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ മത്സരം കളിച്ച ജൊകോയുടെ ഒമ്പതാം ഗ്രാന്‍സ്ലാം കിരീടനേട്ടവും.
പൊരിഞ്ഞ പോരാട്ടം നടന്ന ആദ്യ സെറ്റില്‍ ട്രൈബ്രേക്കറിലാണ് ജൊകോവിച് വിജയം കുറിച്ചത്. രണ്ടാം സെറ്റില്‍ സെന്റര്‍ കോര്‍ട്ട് ഫെഡററുടെ തിരിച്ചുവരവിന് സാക്ഷിയായി. എന്നാല്‍ മഴ തടസ്സപ്പെടത്തിയ മൂന്നാം സെറ്റും നാലാം സെറ്റും കാര്യമായ ചെറുത്തുനിപ്പില്ലാതെ സ്വന്തമാക്കിയ ജൊകോ കിരീടം കൈപ്പിടിയിലൊതുക്കുകയായിരുന്നു. കഴിഞ്ഞ തവണയും ഫെഡററെ തോല്‍പ്പിച്ചാണ് ജൊകോവിച് കിരീടം സ്വന്തമാക്കിയത്. 2011, 2014 വര്‍ഷങ്ങളിലാണ് ജോകോവിച് വിംബിള്‍ഡണില്‍ ഇതിന് മുമ്പ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. 2011ല്‍ റാഫേല്‍ നദാലായിരുന്നു എതിരാളി.
ടൂര്‍ണമെന്റിലുടനീളം ഫെഡറര്‍ മികച്ച ഫോമിലായിരുന്നെങ്കിലും ജൊകൊയുടെ കൈക്കരുത്തിന് മുന്നില്‍ പതറി. ബ്രിട്ടന്റെ ആന്‍ഡി മുറെയെ നേരിട്ട സെറ്റുകളില്‍ തോല്‍പ്പിച്ചാണ് ഫെഡറര്‍ കലാശപ്പോരിനിറങ്ങിയത്. പുരുഷ വിഭാഗം ഡബിള്‍സില്‍ ജെയ്മി മറെ- ജോണ്‍പീര്‍സ് സഖ്യത്തെ പരാജയപ്പെടുത്തി ജൂലിയന്‍ റോജര്‍- ഹോറിയ ടെക്കാവു സഖ്യം കിരീടം നേടി. സ്‌കോര്‍ 7- 6, 6- 4, 6- 4. ബോയ്‌സ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ സുമിത് നാഗലും വിയറ്റ്‌നാമിന്റെ നാം ഹോംഗ് ലൈയും കിരീടം സ്വന്തമാക്കി.

1436721618724