Connect with us

Sports

ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം

Published

|

Last Updated

മിര്‍പൂര്‍: ഏകദിനത്തില്‍ വീണ്ടും ബംഗ്ലാ കടുവകളുടെ ഗര്‍ജനം. ഇത്തവണ ഇരകളായത് ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാനെയും ഇന്ത്യയെയും തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി മിന്നും ഫോമില്‍ നില്‍ക്കുന്ന ബംഗ്ലാദേശ് രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ അട്ടിറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 46 ഓവറില്‍ 162 റണ്‍സിന് പുറത്താക്കിയ ബംഗ്ലാദേശ് 27.4 ഓവറില്‍ ലക്ഷ്യം കണ്ടു. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുസ്താഫിസുര്‍ റഹ്മാനും നാസിര്‍ ഹുസൈനും രണ്ട് വിക്കറ്റെടുത്ത റുബെല്‍ ഹുസൈനുമാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലൊടിച്ചത്. 41 റണ്‍സെടുത്ത ഡുപ്ലെസിസാണ് ടോപ് സ്‌കോറര്‍. 23.5 ഓവറില്‍ 74ന് നാല് എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക. ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ് അനായാസം ലക്ഷ്യത്തിലെത്തി. ഓപണര്‍ തമീം ഇഖ്ബാലിനെ (5) പെട്ടെന്ന് നഷ്ടമായെങ്കിലും സൗമ്യ സര്‍ക്കാറിന്റെയും (88), മുഹമ്മദുല്ലയുടെയും (50) അര്‍ധ സെഞ്ച്വറി പ്രകടനം ബംഗ്ലാദേശിനെ വിജയ തീരത്തെത്തിക്കുകയായിരുന്നു. 79 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സൗമ്യ സര്‍ക്കാറിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. മുഹമ്മദുല്ല ആറ് ബൗണ്ടറികള്‍ നേടി. ലിറ്റണ്‍ ദാസാണ് (17) പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. ഇമ്രാന്‍ താഹിറിനെ സിക്‌സര്‍ പറത്തിയാണ് സൗമ്യ സര്‍ക്കാര്‍ ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്. സൗമ്യ സര്‍ക്കാറാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്ക 160 റണ്‍സിന് പുറത്താക്കിയിരുന്നു.