Connect with us

Kerala

ദേശീയ ഗെയിംസ്: ദേശീയ ഗെയിംസ് നീന്തല്‍ക്കുള നിര്‍മാണത്തില്‍ വ്യാപക ക്രമക്കേട്

Published

|

Last Updated

 

തിരുവനന്തപുരം: ആസൂത്രണത്തിലെ പിഴവുകള്‍ കാരണം ദേശീയ ഗെയിംസിന് നീന്തല്‍ക്കുളങ്ങള്‍ നിര്‍മിച്ചതില്‍ വ്യാപക ക്രമക്കേട്. ഗെയിംസിനുവേണ്ടി കോടികള്‍ ചെലവാക്കി നിര്‍മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള പിരപ്പന്‍കോട് നീന്തല്‍ക്കുളത്തിന്റെ പരിപാലനത്തിന്റെ പ്രതിമാസ ചെലവ് വരുന്നത് നാല് ലക്ഷത്തോളം രൂപയാണ്. ഇതിന് പുറമെ ഒരു ലക്ഷത്തോളം രൂപക്കടുത്താണ് പ്രതിമാസ വൈദ്യുതി ചാര്‍ജ്.
ക്ലോറിനേഷന്‍, ഫില്‍ട്രേഷന്‍, റീസൈക്ലിംഗ് എന്നിവ കൃത്യമായ ഇടവേളകളില്‍ ചെയ്തില്ലെങ്കില്‍ നീന്തല്‍ക്കുളത്തിന്റെ സ്വാഭാവികത നിലനിര്‍ത്താനാകാതെ വരികയും മുടക്കിയ കോടികള്‍ പാഴാകുകയും ചെയ്യുമെന്നതാണ് അവസ്ഥ.
ഗെയിംസ് സമയത്ത് നീന്തല്‍ക്കുളത്തിന്റെയും ഡൈവിംഗ് പൂളിന്റെയും പ്രാക്ടീസ് പൂളിന്റെയും ഫില്‍ട്രേഷന്‍ പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ച് 7.47 ലക്ഷം രൂപക്ക് നാലാഞ്ചിറയിലുള്ള എറ്റേണിറ്റി പൂള്‍സ് ആന്‍ഡ് ഗാര്‍ഡന്‍സ് എന്ന സ്ഥാപനത്തിനാണ് നല്‍കിയിരുന്നത്.
അതേസമയം, ഗെയിംസിന് ശേഷമുള്ള വേദികളുടെ പരിപാലനം സംബന്ധിച്ച സര്‍ക്കാ ര്‍ ഉത്തരവിനുസരിച്ച് പിരപ്പന്‍കോട് നീന്തല്‍ക്കുളത്തിന്റെ പരിപാലന ചുമതല സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണ്. എന്നാല്‍, ഗെയിംസിന് ശേഷനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പൂര്‍ണ തോതില്‍ ചുമതലകള്‍ ഏറ്റെടുത്തില്ല. എറ്റേര്‍ണിറ്റി പൂള്‍സ് ആന്‍ഡ് ഗാര്‍ഡന്‍സ് ഫില്‍ട്രേഷന്‍ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതുവരെ നീന്തല്‍ക്കുളത്തിന്റെ പരിപാലനം സ്‌പോര്‍ട്‌സ് കൗ ണ്‍സില്‍ നേരിട്ടാണ് നടത്തിയ ത്. ഈ സമയത്ത് അവര്‍ ഏര്‍ പ്പെടുത്തിയ പമ്പ് ഓപ്പറേറ്ററുടെ പിഴവുമൂലം നീന്തല്‍ക്കുളത്തിനും അനുബന്ധ സംവിധാനങ്ങ ള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഗേറ്റ് വാല്‍വ് തുറക്കാതെ വെള്ളം പമ്പ് ചെയ്തതുമൂലം പ്രധാന പൈപ്പുകള്‍ പൊട്ടുകയും ക്യാമറ ഡക്ടിലും പൂളിന്റെ അണ്ടര്‍ ഗ്രൗണ്ട് സെല്ലാറിലും വെള്ളം കയറുകയും ചെയ്തു. പൂളില്‍നിന്ന് വെള്ളം ഒഴുകിപ്പോയപ്പോള്‍ വാട്ടര്‍ അതോറിറ്റിയില്‍നിന്ന് വീണ്ടും വെള്ളം കൊണ്ടുവന്ന് നിറക്കേണ്ടിയും വന്നു.
തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തി നീന്തല്‍ക്കുളം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് എറ്റേണിറ്റി പൂള്‍സ് ആന്‍ഡ് ഗാര്‍ഡന്‍സിന് ഒന്നര ലക്ഷം രൂപയും വാട്ടര്‍ അതോറിറ്റിക്ക് 50,000 രൂപയും നല്‍കേണ്ടിവന്നു. യോഗ്യതയില്ലാത്തയാളെ പമ്പ് ഓപ്പറേറ്ററായി നിയമിച്ചത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് ലഭിച്ച പരാതിയുടെ പകര്‍പ്പ് നാഷനല്‍ ഗെയിംസ് സെക്രട്ടേറിയറ്റിന് അയച്ചുകൊടുത്തെങ്കിലും തുടര്‍നടപടികളെടുത്തില്ല. മാര്‍ച്ച് 31ന് ശേഷവും അതേ വ്യക്തിയെ തന്നെ ഓപ്പറേറ്ററായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമിക്കുകയുമായിരുന്നു.
അതിനിടെ, വെള്ളയമ്പലത്തെ നീന്തല്‍വേദി സംബന്ധിച്ച് സാധ്യതാ പഠനം നടത്താതെ പദ്ധതി ആവിഷ്‌കരിച്ചതു വഴിയും കോടികള്‍ നഷ്ടമായി. വാട്ടര്‍ അതോറിറ്റിയുടെ സങ്കിര്‍ണവും കാലപ്പഴക്കമുള്ളതുമായ പ്രധാന പൈപ്പ്‌ലൈനുകളും വാഷ് വാട്ടര്‍ ചാനലും കടന്നുപോകുന്ന സ്ഥലമായിരുന്നു വെള്ളയമ്പലത്ത് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിനും ഫില്‍ട്രേഷന്‍ പ്ലാന്റിനും ഇടയിലുള്ള സ്ഥലം. ഇത് സംബന്ധിച്ച് വേണ്ടത്ര മുന്‍ധാരണ വാട്ടര്‍ അതോറിറ്റിക്കോ കണ്‍സള്‍ട്ടന്‍സിക്കോ ഉണ്ടായിരുന്നില്ല. എന്നാല്‍, ആധുനിക സാങ്കേതങ്ങളുപയോഗിച്ച് ഭൂമിക്കടിയിലെ പൈപ്പ് ലൈനുകളുടെ സ്ഥാനം നിര്‍ണയിക്കാമെന്നിരിക്കെ അതിനു പോലും ശ്രമിക്കാതെയാണ് പണി ആരംഭിച്ചത്.
സ്ഥലം നിര്‍മാണത്തിന് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടപ്പോഴും മറ്റൊരു സ്ഥലം കണ്ടെത്തുന്നതിന് പകരം സങ്കിര്‍ണമായ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിച്ച് നിര്‍മാണം നടത്തുകയായിരുന്നു. പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ടത് ഒന്നരക്കോടി രൂപയാണ്. എന്നാല്‍, തുകയുടെ വിനിയോഗം സംബന്ധിച്ച രേഖകളൊന്നും വാട്ടര്‍ അതോറിറ്റി കൈമാറിയിട്ടില്ല. പൂതിയ പൂളിന്റെ നിര്‍മാണത്തിനായി മണ്ണ് മാറുമ്പോള്‍ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ വശത്തുനിന്നുള്ള അടിയൊഴുക്കില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ അതിന്റെ സ്ഥാനത്തു നിന്ന് തെന്നിമാറുകയും പൈപ്പ്‌ലൈനില്‍ ചോര്‍ച്ചയുണ്ടാകുകയും ചെയ്തു. ഇതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയും വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തി നിര്‍ത്തിവെക്കേണ്ടിവരികയും ചെയ്തു.
എന്നാല്‍, ഇതിനകംതന്നെ കോടികള്‍ പാഴാകുകയും പൊളിച്ചുമാറ്റിയ നീന്തല്‍കുളവും ഫില്‍ട്രേഷന്‍ പ്ലാന്റും പുതുതായി നല്‍കേണ്ട ബാധ്യത നാഷനല്‍ ഗെയിംസ് സെക്രട്ടേറിയറ്റില്‍ വന്നുചേരുകയും ചെയ്യുകയായിരുന്നു.