Connect with us

Gulf

അബുദാബിയില്‍ സ്‌കൂള്‍ ബസുകളില്‍ പുതിയ സാങ്കേതിക സംവിധാനമൊരുക്കും

Published

|

Last Updated

അബുദാബി: അടുത്ത അധ്യയനവര്‍ഷം മുതല്‍ അബുദാബിയിലെ സ്‌കൂള്‍ ബസുകളില്‍ സുരക്ഷാ സംവിധാനം കര്‍ശനമാക്കുന്നു. പ്രത്യേകതരം തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ വിദ്യാര്‍ഥികള്‍ ബസില്‍ കയറുമ്പോള്‍ ചെക്കിംഗ് ബട്ടന് പുറമെ ഓരോ കുട്ടിയേയും വെവ്വേറെ കണ്ടെത്തുന്ന സെന്‍സര്‍ സംവിധാനവും ബസില്‍ ഒരുക്കുന്നുണ്ട്. എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട് കമ്പനി (ഇ ടി സി)യാണ് സ്‌കൂള്‍ ബസുകളില്‍ പുതിയ സംവിധാനമൊരുക്കുന്നത്. ബസിനകത്ത് അവസാന ഭാഗത്താണ് ചെക്കിംഗ് ബട്ടണ്‍ ഘടിപ്പിക്കുക. ഇതോടെ സീറ്റ് പരിശോധിച്ച് കുട്ടികള്‍ ബസില്‍ അവശേഷിച്ചിട്ടുണ്ടോ എന്ന് ബസ് ഡ്രൈവര്‍ക്ക് ഉറപ്പു വരുത്താനാകും. അശ്രദ്ധമൂലം ബസില്‍ കുട്ടികള്‍ ഉറങ്ങുന്നതും അവശേഷിക്കുന്നതും ഡ്രൈവര്‍മാര്‍ക്ക് ശ്രദ്ധിക്കുവാനാകും. പുതിയ സാങ്കേതികവിദ്യ യാഥാര്‍ഥ്യമാകുന്നതോടെ ബസില്‍ കയറുന്നതും ഇറങ്ങുന്നതുമായ കുട്ടികളുടെ യഥാര്‍ഥ കണക്ക് ബസ് ഡ്രൈവര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും തിട്ടപ്പെടുത്താനാകും.
പുതിയ സാങ്കേതികവിദ്യ അബുദാബി എമിറേറ്റിന്റെ പരിധിയില്‍ സര്‍വീസ് നടത്തുന്ന 1,300 സ്‌കൂള്‍ ബസുകളിലാണ് ഘടിപ്പിക്കുന്നതെന്ന് ഇ ടി സി ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ജര്‍മന്‍ വ്യക്തമാക്കി. തിരഞ്ഞെടുത്ത സ്‌കൂള്‍ ബസുകളില്‍ പരീക്ഷിച്ച് വിജയിച്ച സംവിധാനമാണ് പുതിയ അധ്യയനവര്‍ഷത്തില്‍ മുഴുവന്‍ സ്‌കൂള്‍ ബസുകളിലും യാഥാര്‍ഥ്യമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഏഴിന് സ്‌കൂള്‍ ബസ് അധികൃതരുടെ അശ്രദ്ധമൂലം ബസിനകത്ത് ശ്വാസംമുട്ടി നിസാ ആലം എന്ന മലയാളി ബാലിക മരിച്ച സംഭവത്തിനു ശേഷമാണ് സ്‌കൂള്‍ ബസുകളില്‍ പുതിയ സാങ്കേതികവിദ്യ ഒരുക്കുവാന്‍ അബുദാബി വിദ്യാഭ്യാസ കൗണ്‍സില്‍ തീരുമാനിച്ചത്. പുതിയ അധ്യായനവര്‍ഷത്തിന് മുന്നോടിയായി ആധുനിക സാങ്കേതികവിദ്യയില്‍ ഒരുക്കിയ 200 ബസുകള്‍ ഇറക്കുമതി ചെയ്തതായി അഡക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് സാലം അല്‍ ളാഹിരി വ്യക്തമാക്കി.
അംഗവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സഞ്ചരിക്കുവാനുള്ള 27 വാഹനങ്ങള്‍ ഉള്‍പെടെ പുതിതായി ആറ് വാഹനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. പുതിയ പദ്ധതിപ്രകാരം അബുദാബിയില്‍ വിദ്യാര്‍ഥികളുടെ യാത്രാ ദൈര്‍ഘ്യം കുറക്കുന്നതിന് പുതിയ 72 ബസുകള്‍ അധികം സര്‍വീസ് നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. പുതിയ മാറ്റങ്ങള്‍, പുതിയ പാര്‍പിട മേഖലകള്‍ എന്നിവ ബസ് ഡ്രൈവര്‍മാര്‍, സൂപ്പര്‍ വൈസര്‍മാര്‍ എന്നിവര്‍ക്ക് പരിചയപ്പെടുത്തുന്നതിനുള്ള പരിശീലനകളരി ആരംഭിച്ചതായും അല്‍ ളാഹിരി വ്യക്തമാക്കി.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി