Connect with us

Gulf

എയര്‍ലൈനറുകളേ, യാത്രക്കാരെ ആശങ്കയിലാക്കരുതേ

Published

|

Last Updated

വേനലവധി ആരംഭിച്ചതോടെ വിദേശികളില്‍ പലരും നാട്ടിലേക്ക് പോവുകയാണ്. ഓഗസ്റ്റ് അവസാനമാകുമ്പോഴാണ് മടങ്ങുക. പെരുന്നാളും ഓണവും മിക്കവര്‍ക്കും നാട്ടിലായിരിക്കും. എന്നാല്‍, വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചതിനാല്‍ കുറച്ചുപേരെങ്കിലും യാത്രമാറ്റിവെച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ നേരത്തെ ബുക്ക് ചെയ്തിരുന്നവരാണ് സമീപ ദിവസങ്ങളില്‍ പോകുന്നവരില്‍ ഏറെ. പെരുന്നാള്‍ കണക്കാക്കി, കുറച്ചു ദിവസത്തേക്ക് മാത്രമായി നാടുപിടിക്കുന്നവരും ഉണ്ട്. ഇത്തവണ യു എ ഇയില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് പെരുന്നാള്‍ അവധി നാമമാത്ര ദിവസങ്ങളിലേയുള്ളു. വെള്ളിയാഴ്ചയാണ് പെരുന്നാളിന് സാധ്യത. വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമായി അവധി ചുരുങ്ങും. മുന്‍കാലങ്ങളില്‍ ഏതാണ്ട് ഒരാഴ്ച വരെ അവധി ലഭിക്കുമായിരുന്നു. അങ്ങിനെ വരുമ്പോള്‍ മാത്രമേ വിമാനടിക്കറ്റിന് നല്‍കുന്ന പണം “മുതലാവുക”യുള്ളു.
കുടുംബമായി കഴിയുന്ന സാധാരണക്കാര്‍ ഇത്തവണയും ആശങ്കയിലായി. അഞ്ചംഗ കുടുംബത്തിന് ടിക്കറ്റ് ഇനത്തില്‍ മാത്രം 10,000 ലധികം ദിര്‍ഹം ചെലവു ചെയ്യേണ്ടിവരുന്നു. ഉറ്റവര്‍ക്കുള്ള സമ്മാനങ്ങളും വീട്ടുസാമഗ്രികളും വാങ്ങുമ്പോള്‍ “ക്രെഡിറ്റ് കാര്‍ഡിനെ” ആശ്രയിക്കേണ്ടിവരും. അല്ലെങ്കില്‍, ആരില്‍ നിന്നെങ്കിലും വായ്പ വാങ്ങണം.
വര്‍ഷത്തിലൊരിക്കലെങ്കിലും നാടും വീടും കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളീ കുടുംബങ്ങളില്‍ ഏറെയും. ചിലര്‍ വന്‍ സാമ്പത്തികച്ചെലവ് ഓര്‍ത്ത് ആഗ്രഹം അടക്കിവെക്കും. വര്‍ഷങ്ങളായി നാട്ടിലേക്ക് പോകാന്‍ കഴിയാത്ത എത്രയോ പേരുണ്ട്. മുണ്ടുമുറുക്കിയുടുത്താണ് അവര്‍ നാളുകള്‍ എണ്ണിത്തീര്‍ക്കുന്നത്.
നാട്ടിലേക്ക് പോകുന്നവര്‍ അല്‍പംകൂടി ജാഗ്രത പുലര്‍ത്തണം. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന ശക്തം. പരിധിയിലധികം സ്വര്‍ണം, ടെലിവിഷന്‍ സെറ്റ്, ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ ഉണ്ടെങ്കില്‍ കനത്ത നികുതി അടക്കേണ്ടിവരുന്നു. “കാര്‍ട്ടൂണി”ല്‍ സമ്മാനപ്പൊതികള്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നവര്‍ വിശദപരിശോധനക്ക് വിധേയമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്തുകാരാണ് ഇത്തരമൊരവസ്ഥ സൃഷ്ടിച്ചത്. ഇലക്ട്രിക് ഉല്‍പന്നങ്ങള്‍ക്കകത്ത് സ്വര്‍ണം ഒളിപ്പിച്ച് കടത്തിയവര്‍ പിടിയിലായിരുന്നു.
ഹാന്‍ഡ് ബാഗേജിനും പരിധിയുണ്ട്. എയര്‍ ഇന്ത്യ എട്ടുകിലോ മാത്രമെ അനുവദിക്കുന്നുള്ളു. എട്ടുകിലോയില്‍ അധികമായാല്‍ ഓരോ കിലോക്ക് 60 ദിര്‍ഹം വീതം അടക്കണം. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങുന്ന ഉല്‍പന്നങ്ങള്‍ അടക്കം എട്ടുകിലോ എന്നതാണ് നിബന്ധന. വിമാനത്താവളത്തില്‍ നിന്ന് ധാരാളം സാധനങ്ങള്‍ വാങ്ങി വിമാനം കയറുന്നകാലം കഴിഞ്ഞു.
ലഗേജ് വൈകിപ്പിച്ച് ഇത്തവണയെങ്കിലും യാത്രക്കാരെ ദുരിതത്തിലാക്കരുതെന്ന് എയര്‍ലൈനറുകളോട് യാത്രക്കാര്‍ക്ക് അഭ്യര്‍ഥനയുണ്ട്. തിരക്ക് കൂടുന്ന ദിവസങ്ങളില്‍ ലഗേജ് കുറച്ച് വിമാനം പറത്തുന്ന ചില എയര്‍ലൈനറുകളുണ്ട്. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് ലഗേജ് ലഭിക്കുക. ഇതിനായി വീണ്ടും വിമാനത്താവളത്തില്‍ പോകണം. പെരുന്നാളിനും ഓണത്തിനും മറ്റും ഉറ്റവര്‍ക്ക് പുതുവസ്ത്രങ്ങളുമായി പോകുന്ന യാത്രക്കാരെ ഇത് കുറച്ചൊന്നുമല്ല, നിരാശപ്പെടുത്തുന്നത്.
സമയ നിഷ്ഠ പാലിക്കാതെയുള്ള പറക്കലും വലിയ പ്രതിഷേധത്തിനിടയാക്കും. കുറച്ചു ദിവസത്തെ അവധിക്കാണ് പലരും പോകുന്നത് എന്ന് ഓര്‍ക്കുക. സമയം അവര്‍ക്ക് ഏറെ വിലപ്പെട്ടതാണ്.

Latest