Connect with us

Malappuram

എയര്‍ഫോഴ്‌സില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്; പ്രതി പിടിയില്‍

Published

|

Last Updated

നിലമ്പൂര്‍: എയര്‍ഫോഴ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. ആലുവ എന്‍ ഡി എ പോസ്റ്റ് സായി സരോജയില്‍ നന്ദലാലിനെ (44)യാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
എയര്‍ഫോഴ്‌സില്‍ ജൂനിയര്‍ വാറന്റ് ഓഫീസറായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിലമ്പൂര്‍ സ്വദേശിയില്‍ നിന്നും 1.82 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. എടപ്പാളില്‍ അതിരാത്രം നടന്ന സമയത്താണ് ഉന്നത എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ നന്ദലാല്‍ നിലമ്പൂര്‍ സ്വദേശിയുമായി പരിചയം സ്ഥാപിക്കുന്നത്. മകന് ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലതവണയായി പണം കൈപ്പറ്റി. ഇവരെ വിശ്വസിപ്പിക്കാന്‍ കോയമ്പത്തൂരിലെ എയര്‍ഫോഴ്‌സ് ആസ്ഥാനത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഉന്നത ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് മറ്റൊരാളെ പരിചയപ്പെടുത്തുകയും ചെയ്തു. ഇയാള്‍ റിട്ടയര്‍ ചെയ്തയാളായിരുന്നെന്നും ഇയാള്‍ക്ക് ഇതേപ്പറ്റി അറിയില്ലായിരുന്നുവെന്നും പിന്നീട് വ്യക്തമായി.
ജോലി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാവ് പരാതി നല്‍കി. മറ്റൊരാള്‍ക്ക് ജോലി ആവശ്യമുണ്ടെന്ന വ്യാജേന പോലീസ് പ്രതിയെ അങ്ങാടിപ്പുറത്തേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കും. നിലമ്പൂര്‍ എസ് ഐ സുനില്‍ പുളിക്കല്‍, ജൂനിയര്‍ എസ് ഐ പ്രശാന്ത് കുമാര്‍, ഗ്രേഡ് എസ് ഐ രാധാകൃഷ്ണന്‍ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest