Connect with us

Kozhikode

വിജയോത്സവം പദ്ധതി തുടങ്ങി

Published

|

Last Updated

കോഴിക്കോട്: ഗുണനിലവാരമുള്ള വിദ്യഭ്യാസം ഉറപ്പാക്കുന്നതിനും മികച്ച ഗ്രേഡ് നേടുന്നതിനുമുള്ള ജില്ലാ പഞ്ചായത്തിന്റെ വിജയോത്സവത്തിന് ജില്ലയില്‍ തുടക്കമായി. കുട്ടിയുടെ വ്യക്തിപരമായ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് പിന്തുണക്കുന്നതിനാണ് ഇത്തവണ പദ്ധതിയുടെ ഊന്നല്‍. ഇതിനായി അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളുടെ വീട് സന്ദര്‍ശിക്കും. പ്രത്യേക പിന്തുണ ആവശ്യമുള്ളവര്‍ക്ക് സാമൂഹിക സഹകരണത്തോടെ സ്‌കൂള്‍തലത്തില്‍ പരിപാടി തയാറാക്കും. കൗണ്‍സിലിംഗ് ക്ലാസുകള്‍, പഠനോത്സവം ക്യാമ്പുകള്‍, ദത്തെടുക്കല്‍ തുടങ്ങിയവ സ്‌കൂള്‍തലത്തിലും ജില്ലാ തലത്തിലും സംഘടിപ്പിക്കും.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ പ്രത്യേകമായാണ് വിജയോത്സവം സംഘടിപ്പിക്കുക. പ്രതിമാസ പരീക്ഷകളിലൂടെ കണ്ടെത്തുന്ന മിടുക്കരെ ഉള്‍പ്പെടുത്തി എ പ്ലസ് ക്ലബുകള്‍ രൂപവത്കരിക്കും. ഇവര്‍ക്കായി പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിക്കും. പിയര്‍ ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് കുട്ടികളുടെ തന്നെ മുന്‍കൈയോടെ പഠന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. രക്ഷിതാക്കളെ പരിശീലിപ്പിക്കാനുള്ള പ്രത്യേക പദ്ധതിയും വിജയോത്സവത്തിന്റെ ഭാഗമായി ആവിഷ്‌കരിക്കും. വെള്ളിയാഴ്ചകളില്‍ പിയര്‍ ലീഡര്‍മാരുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സജ്ജീകരിക്കും. ഹൈസ്‌കൂളുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്രൈമറി വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കാനും ജില്ലാ പഞ്ചായത്ത് നടപടി കൈക്കൊള്ളും. ഡയറ്റ് ഫാക്കല്‍റ്റി, ഉപജില്ലാ വിദ്യഭ്യാസ ഓഫീസുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കും. സ്‌കൂള്‍തല വിജയോത്സവസമിതികള്‍ക്കാകും പ്രവര്‍ത്തനങ്ങളുടെ ചുമതല. ഒരു വര്‍ഷം നീളുന്ന വിജയോത്സവ കര്‍മ പരിപാടികള്‍ക്ക് പ്രഥമാധ്യാപകരുടെ ജില്ലാതല ശില്‍പ്പശാല അന്തിമരൂപം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. പ്രൊവിഡന്‍സ് ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ അധ്യക്ഷനായിരുന്നു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി കെ തങ്കമണി, എസ് എസ് എ പ്രോജക്ട് ഓഫീസര്‍ കെ വത്സന്‍, ഡി ഇ ഒമാരായ കെ ടി മോഹന്‍ദാസ്, ഇ കെ സുരേഷ്‌കുമാര്‍, ഹയര്‍ സെക്കന്‍ഡറി കോ ഓര്‍ഡിനേറ്റര്‍ പി കെ രാജന്‍, കെ സജിത്ത് പ്രസംഗിച്ചു. കെ കെ ശിവദാസന്‍ സ്വാഗതവും ടി കെ രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.