Connect with us

International

ഗ്രീസ് യൂറോ സോണില്‍ തുടരും; രക്ഷാപാക്കേജില്‍ ധാരണ

Published

|

Last Updated

ബ്രസല്‍സ്: രൂക്ഷമായ കടക്കെണിയില്‍ അകപ്പെട്ട ഗ്രീസ് യൂറോസോണില്‍ തുടരും. ഗ്രീസിനുള്ള രക്ഷാ പാക്കേജില്‍ യൂറോസോണ്‍ നേതാക്കള്‍ ധാരണയിലെത്തിയതോടെയാണ് വേര്‍പെടല്‍ ഒഴിവായത്. ഐ എം എഫിന് കൊടുത്തു തീര്‍ക്കേണ്ട തുക നല്‍കാനാകാതെ പ്രതിസന്ധിയിലായ ഗ്രീസിന് മൂന്നാം രക്ഷാ പാക്കേജ് യൂറോപ്യന്‍ യൂനിയന്‍ അനുവദിക്കും. പകരം കടുത്ത പരിഷ്‌കരണ നടപടികള്‍ക്ക് ഗ്രീസ് സന്നദ്ധമാകേണ്ടി വരും. ഹിതപരിശോധനയിലൂടെ ഗ്രീക്ക് ജനങ്ങള്‍ തള്ളിയ പല വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് സമവായ നിര്‍ദേശത്തിന് വഴങ്ങിയത്. ഗൗരവപൂര്‍ണമായ പരിഷ്‌കരണത്തിന് ഗ്രീസ് സന്നദ്ധമായെന്നും അതുവഴി അവര്‍ സാമ്പത്തിക പിന്തുണ ആര്‍ജ്ജിച്ചിരിക്കുന്നുവെന്നും യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. ഗ്രീസിന്റെ കടബാധ്യത തീര്‍ക്കുന്നതിന് പ്രത്യേക നിധി രൂപപ്പെടുത്തും. ബേങ്കുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും ടസ്‌ക് പറഞ്ഞു.
പുതിയ കരാര്‍ ഗ്രീക്ക് പാര്‍ലിമെന്റും മറ്റ് യൂറോസോണ്‍ അംഗരാജ്യങ്ങളിലെ പാര്‍ലിമെന്റുകളും അംഗീകരിച്ചാല്‍ മാത്രമേ നിലവില്‍ വരികയുള്ളൂ. ബേങ്കുകള്‍ അടഞ്ഞു കിടക്കുകയും രാജ്യം കടുത്ത ഞെരുക്കത്തിലൂടെ കടന്നു പോകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഗ്രീക്ക് പാര്‍ലിമെന്റ് പുതിയ കരാര്‍ അംഗീകരിക്കാന്‍ തന്നെയാണ് സാധ്യത. ഇടത് പാര്‍ട്ടിയായ സിരിസ പാര്‍ട്ടിക്ക് പാര്‍ലിമെന്റില്‍ വന്‍ ഭൂരിപക്ഷമുണ്ട്. സാധ്യമായ ഏറ്റവും നല്ല ധാരണയാണ് ഉണ്ടായിരിക്കുന്നതെന്നും വായ്പാ പുനഃക്രമീകരണമടക്കമുള്ള ധനകാര്യ ആശ്രിതത്വം പരമാവധി ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും രക്ഷാ പാക്കേജില്‍ ധാരണയായതിന് പിറകെ പ്രധാനമന്ത്രി സിപ്രാസ് അവകാശപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും വകവെച്ചു കിട്ടാന്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗ്രീസിന്റെ കടം എഴുതിത്തള്ളുന്ന പ്രശ്‌നമില്ലെന്നും ആ രാജ്യം കൂടുതല്‍ സാമ്പത്തിക അച്ചടക്കത്തിന് തയ്യാറാകണമെന്ന സന്ദേശമാണ് ഈ കരാര്‍ മുന്നോട്ട് വെക്കുന്നതെന്നും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കല്‍ പറഞ്ഞു. പെന്‍ഷന്‍ വെട്ടിക്കുറക്കുക, സ്വകാര്യവത്കരണം വേഗത്തിലാക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്ക് ഗ്രീസ് തയ്യാറായേ തീരൂവെന്നും അവര്‍ പറഞ്ഞു.
പുതിയ ധാരണപ്രകാരം ഗ്രീസിന് 8,600 കോടി യൂറോ(9,600 കോടി ഡോളര്‍) ആണ് ലഭിക്കുക. ഇത് മൂന്നാം രക്ഷാ പാക്കേജ് ആയിരിക്കും. ഈ പാക്കേജ് ലഭ്യമാകണമെങ്കില്‍ 5000 കോടി യൂറോയുടെ പൊതു മേഖലാ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടി വരും. റസ്റ്റോറന്റുകള്‍ക്കും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കുമടക്കം 23 ശതമാനം ഏകീകൃത വാറ്റ് നിരക്ക് പ്രഖ്യാപിക്കുമെന്നും 2016ഓടെ പ്രതിരോധ ചെലവില്‍ 300 മില്യണ്‍ യൂറോയുടെ കുറവ് വരുത്തുമെന്നും ഗ്രീക്ക് ടെലികോം ഭീമനായ ഒ ടി ഇയുടെ അവശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുമെന്നും പ്രഖ്യാപിക്കുന്ന പുതിയ പ്രൊപ്പോസല്‍ മുന്നോട്ട് വെച്ചതോടെയാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്കും യൂറോപ്യന്‍ കമ്മീഷനും നിര്‍ണായകമായ ചര്‍ച്ചക്ക് തയ്യാറായതും ഇപ്പോഴത്തെ ധാരണ സാധ്യമായതും.
രക്ഷാ പാക്കേജിനായി മുന്നോട്ട് വെച്ച നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രി അലക്‌സി സിപ്രാസ്. തന്റെ നിലപാടിന്‍മേല്‍ ഹിതപരിശോധന നടത്തുകയും അനുകൂല ജനവിധി നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. എന്നാല്‍ ഹിതപരിശോധനാ ഫലം നിബന്ധനകള്‍ അംഗീകരിക്കുന്നതിന് എതിരായിട്ടും ജര്‍മനിയുടെ നേതൃത്വത്തില്‍ യൂറോസോണിലെ വന്‍ ശക്തികള്‍ കടുപിടിത്തം തുടര്‍ന്ന പശ്ചാത്തലത്തിലാണ് ഹിതപരിശോധന തള്ളിയ നിബന്ധനകള്‍ക്ക് വഴങ്ങാന്‍ സിപ്രാസ് ഭരണകൂടം നിര്‍ബന്ധിതമായത്.
സാധ്യമായ ഏറ്റവും നല്ല ധാരണയെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ കീഴടങ്ങലാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. പൊതു മേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് വന്‍ ജനരോഷത്തിന് ഇടയാക്കും. സിപ്രാസിന് ആവേശപൂര്‍വം വോട്ട് ചെയ്യുകയും ഹിതപരിശോധനയില്‍ നോ വോട്ട് ചെയ്ത് അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്ത ജനങ്ങള്‍ തന്നെ തെരുവിലിറങ്ങും. അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഇടിയുമെന്ന് ഉറപ്പാണ്. ഗ്രീസില്‍ വേരോട്ടം നേടിയ ഇടത് രാഷ്ട്രീയത്തെ തന്നെ വരും നാളുകളില്‍ ഈ കീഴടങ്ങല്‍ ദുര്‍ബലമാക്കും.

Latest