Connect with us

Gulf

കരള്‍ മാറ്റിവെച്ച ബേബി ആലിയ ജീവിതത്തിലേക്ക് മടങ്ങുന്നു

Published

|

Last Updated

ദുബൈ: കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ ബേബി ആലിയ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആലിയയുടെ ശസ്ത്രക്രിയക്കായി രണ്ടു ലക്ഷം ദിര്‍ഹം അനുവദിച്ചതാണ് ആലിയക്ക് ജീവിതത്തിലേക്ക് മടങ്ങാന്‍ കരുത്തായത്. ക്രമരഹിതമായ ഹൃദയ മിടിപ്പും കരളിന്റെ പ്രവര്‍ത്തനം നിലച്ചതുമായിരുന്നു ഒരു വസയുള്ള ആലിയ ഗരുംഗേക്ക് സാധാരണ ജീവിതം അസാധ്യമാക്കിയത്.
ആലിയയുടെ ഹൃദയം ക്രമം തെറ്റിയാണ് മിടിക്കുന്നതെന്ന് പരിശോധനക്കിടെയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. അമിതമായ വേഗത്തില്‍ ഹൃദയം മിടിക്കുന്നതായിരുന്നു ഈ കുഞ്ഞിന്റെ പ്രശ്‌നം. ഇതേ തുടര്‍ന്നായിരുന്നു ചികിത്സ ആരംഭിച്ചത്. കാര്‍ഡിയോവേര്‍ഷന്‍ ഇലക്ട്രിക് ഷോക്കും ഹൃദയചികിത്സയുടെ ഭാഗമായി നല്‍കിയിരുന്നു. ആലിയയുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലാവാന്‍ താന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കയാണെന്ന് കുഞ്ഞിന്റെ മാതാവും അബുദാബിയില്‍ റിസപ്ഷനിസ്റ്റുമായ ഗ്രയ്‌സ് കരുംഗേയ് വ്യക്തമാക്കി.
ആലിയയുടെ അമ്മായിയാണ് അവള്‍ക്ക് കരള്‍ പകുത്തുനല്‍കിയത്. തായ്‌വാനില്‍ വെച്ചായിരുന്നു കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയത്. ആലിയ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. ഏതാനും മാസം കൂടി ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് ആലിയയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. അവള്‍ ഇപ്പോള്‍ സന്തോഷവതിയായിരിക്കുന്നു.
ഇത്തരം ഒരു അവസ്ഥയിലേക്ക് മകള്‍ എത്തുമെന്ന് കരുതിയിരുന്നില്ലെന്നും ശൈഖ് മുഹമ്മദിനോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും മാതാവ് വ്യക്തമാക്കി. ഒപ്പം അവളുടെ ജീവന്‍ രക്ഷിക്കാനായി അക്ഷീണം പിന്തുണച്ച് എല്ലാവരേയും സ്‌നേഹത്തോടെ സ്മരിക്കുന്നു. അവള്‍ക്കിഷ്ടമുള്ള ടി വി പരിപാടി കാണുകയും ഇഴഞ്ഞു നീങ്ങുകയുമെല്ലാം ചെയ്യുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. അവള്‍ നന്നായി ഭക്ഷണം കഴിക്കുകയും മുമ്പത്തേതിലും നല്ല രീതിയില്‍ ഇരിക്കുകയും ചെയ്യുന്നുണ്ട്. അവള്‍ നൂറു ശതമാനം ആരോഗ്യവതിയുമായിട്ടുണ്ട്. രണ്ടു മാസം പ്രായമുള്ളപ്പോള്‍ പിടിപെട്ട മഞ്ഞപ്പിത്തമാണ് കരള്‍ പ്രവര്‍ത്തനരഹിതമാവാന്‍ ഇടയാക്കിയത്. ഏപ്രിലായിരുന്നു ശസ്ത്രക്രിയക്കായി തായ്‌വാനിലേക്ക് പോകാന്‍ തീരുമാനിച്ചത്. ജൂണിലായിരുന്നു ആലിയക്ക് ശസ്ത്രക്രിയ നടത്തിയത്. 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയമായതോടെയാണ് ആലിയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. അണുബാധ ഏല്‍ക്കാന്‍ സാധ്യതയുള്ളത് പരിഗണിച്ചാണ് ഏതാനും മാസം കൂടി ആശുപത്രിയില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

Latest