Connect with us

Kasargod

കാഞ്ഞങ്ങാട്ടെ അരുംകൊല: പ്രതി വിജയകുമാറിന് മനോരോഗമില്ലെന്ന് തെളിഞ്ഞു

Published

|

Last Updated

കാഞ്ഞങ്ങാട്: കല്ല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ഥിയും കണ്ണോത്തെ ഓട്ടോഡ്രൈവര്‍ അബ്ബാസ്-ആഇശ ദമ്പതികളുടെ മകനുമായ ഫഹദിനെ(എട്ട്) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അയല്‍വാസിയായ വലിയവളപ്പില്‍ വിജയകുമാര്‍ മനോരോഗിയല്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു. വിജയനെ മനോരോഗിയായി ചിത്രീകരിച്ച് കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമം നടത്തിയതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
കൊലപാതകത്തിനു ശേഷം കണ്ണോത്തെ റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്ന് നാട്ടുകാര്‍ കൈയോടെ പിടികൂടി വിജയകുമാറിനെ തല്ലിച്ചതച്ച് വൈദ്യുതി തൂണില്‍ കെട്ടിയിട്ടിരുന്നു.

വിവരമറിഞ്ഞ് അമ്പലത്തറ എസ് ഐ. ജോസും സംഘവും സ്ഥലത്തെത്തുകയും വിജയകുമാറിനെ ബേക്കല്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ തന്നെ ജില്ലാ ആശുപത്രിയില്‍ വിജയകുമാറിനെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. അറസ്റ്റിനു ശേഷം നിയമാനുസൃതമായി വീണ്ടും പ്രതിയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോവുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു. അപ്പോഴൊന്നും മനോരോഗത്തിന്റെ യാതൊരു ലക്ഷണവും കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല. വിജയന് മാനസികമായി ഒരു തകരാറുമില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കുകയായിരുന്നു.

വിജയകുമാര്‍ മനോരോഗിയല്ലെന്ന് ഇതോടെ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട വിവാദവും ഇതോടെ അവസാനിക്കും. അതിനിടെ ഫഹദിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. എസ് ഗോപാലകൃഷ്ണ പിള്ളയില്‍ നിന്ന് പോലീസ് മൊഴിയെടുക്കും.

കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്‍ പരിയാരത്തേക്ക് ചെന്ന് ഡോക്ടറില്‍ നിന്ന് വിശദ വിവരങ്ങള്‍ ശേഖരിക്കും. കൊല്ലപ്പെട്ട ഫഹദിന്റെ തലയില്‍ രണ്ട് മാരക പരുക്കും പുറംഭാഗത്തും മുതുകിനും വലതു വശത്ത് രണ്ട് പരുക്കുകളും വലത് കൈയില്‍ നേരിയ പരുക്കുകളുമാണ് ഉണ്ടായിരുന്നത്.

---- facebook comment plugin here -----

Latest