Connect with us

Gulf

സൈബര്‍ ശൃംഖലയിലെ കൊള്ളക്കാര്‍

Published

|

Last Updated

ബേങ്കുകളെ ലക്ഷ്യമാക്കിയുള്ള സൈബര്‍ ആക്രമണങ്ങളും കൊള്ളയും ലോകമെങ്ങും വ്യാപിക്കുകയാണ്. യു എ ഇയിലെ സ്ഥാപനങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നിരവധി ആക്രമണങ്ങള്‍ നടന്നു. 2013ല്‍, ലോകത്തു നടക്കുന്നതിന്റെ ഒരു ശതമാനമാണ് യു എ ഇ നേരിട്ടതെങ്കില്‍ 2014ല്‍ അഞ്ചു ശതമാനമായി.
ധനകാര്യം, ഇന്‍ഷ്വറന്‍സ്, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളാണ് കൂടുതലും ഇരകളാകുന്നത്. ഇവയുടെ ഇ-മെയില്‍ പാസ്‌വേഡുകള്‍ കൈക്കലാക്കി തട്ടിപ്പു നടത്തും. ഇടപാടു നടത്തുന്നവര്‍ക്ക് വന്‍ നഷ്ടം സംഭവിക്കും. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ “ഹാക്കര്‍”മാര്‍ക്ക് കഴിയും. സമൂഹത്തില്‍ അരാജകത്വവും അന്തഃഛിദ്രവുമായിരിക്കും ഫലം.
ചെറുകിട സ്ഥാപനങ്ങളാണ് ഏറെ വലയുന്നത്. യു എ ഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണങ്ങളില്‍ 89 ശതമാനം ചെറുകിട സ്ഥാപനങ്ങള്‍ക്കെതിരെ ആയിരുന്നുവെന്ന് സൈമാന്റക് ഇന്റര്‍നെറ്റ് സെക്യൂരിറ്റി ത്രെറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ചില ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടം സംഭവിച്ചു. പാശ്ചാത്യ രാജ്യങ്ങളിലെ ഗൂഡ സംഘങ്ങളായിരുന്നു പല തട്ടിപ്പുകള്‍ക്കും പിന്നില്‍.
മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ നിര്‍വീര്യമാക്കുന്ന വൈറസുകള്‍ അയക്കുന്ന സംഘങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇവരുടെയും ആത്യന്തിക ലക്ഷ്യം കവര്‍ച്ചയാണ്. ബേങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങിയ സാമഗ്രികളെ തകര്‍ക്കുകയാണ് ചെയ്യുന്നത്.
പല സോഫ്റ്റ്‌വെയറുകളും ആപ്ലിക്കേഷനുകളും എളുപ്പത്തില്‍ വൈറസുകള്‍ക്ക് കീഴടങ്ങുന്നുവെന്നാണ് കണ്ടെത്തല്‍.
മധ്യപൗരസ്ത്യ ദേശത്തും ധാരാളം സൈബര്‍ കുറ്റവാളികളുണ്ട്. കഴിഞ്ഞ വര്‍ഷം സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളും വന്‍കിട കമ്പനികളായ കുവൈത്ത് ഓയില്‍ കമ്പനി, ഒമാന്‍ പെട്രോളിയം ഡെവലപ്‌മെന്റ്, ഖത്തര്‍ പെട്രോളിയം, സഊദി അറാംകോ, അഡ്‌നോക്ക്, ഇനോക്ക്, ബഹ്‌റൈന്‍ പെട്രോളിയം കമ്പനി എന്നിവയും ഭീഷണിയുടെ നിഴലിലായിരുന്നു. ഭീഷണിയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നതാണ് ഉല്‍കണ്ഠ ഉണ്ടാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സഊദി അറാംകോക്കെതിരെ 2012 ഓഗസ്റ്റില്‍ വന്‍ സൈബര്‍ ആക്രമണം നടന്നിരുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിച്ചു. രാഷ്ട്രീയ പകപോക്കലായിരുന്നു 2012ലെ ആക്രമണം.
ഡിസ്ട്രിബ്യൂട്ടഡ് ഡെനീയല്‍ ഓഫ് സര്‍വീസ് (ഡി ഡി ഒ എസ്) എന്ന് ശാസ്ത്രലോകത്ത് അറിയപ്പെടുന്ന ആക്രമണങ്ങളാണ് ഏറെയും നടക്കുന്നത്. ഇന്റര്‍നെറ്റ് വഴിയുള്ള എല്ലാ ഇടപാടുകളെയും ആശയ വിനിമയങ്ങളെയും ഡി ഡി ഒ എസ് നിര്‍വീര്യമാക്കും. ഓപ്പറേറ്റിംഗ് സംവിധാനങ്ങള്‍ നവീകരിക്കുക എന്നതാണ് പ്രധാന പ്രതിരോധം. അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ സ്വീകരിക്കാതിരിക്കുക.
രണ്ടു വര്‍ഷം മുമ്പ് യു എ ഇയിലെ ചില ബേങ്ക് എക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടിരുന്നു. അമേരിക്കയിലെ ചില നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹാക്കര്‍മാര്‍ ചോര്‍ത്തിയതാണെന്ന് പിന്നീട് കണ്ടെത്തി. ചില അക്കൗണ്ട് ഉടമകളുടെ ഡെബിറ്റ് കാര്‍ഡുകളുടെ പകര്‍പ്പുണ്ടാക്കി എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുകയാണ് ചെയ്തത്. ഓരോ വര്‍ഷം 50 കോടി ഡോളര്‍ ഇവ്വിധത്തില്‍ നഷ്ടപ്പെടുന്നു. യു എ ഇയിലെ ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ ആശങ്കയിലാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഹോംഡിപ്പോ, ടാര്‍ഗറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണം നടന്നു.
യു എ ഇ കേന്ദ്രീകരിച്ച് നൈജീരിയന്‍ സംഘം അമേരിക്കന്‍ ബേങ്കുകളെ ലക്ഷ്യം വെച്ചത് പിടിക്കപ്പെട്ടത് കഴിഞ്ഞ ദിവസം. മൂന്നംഗ സംഘമാണ് പിടിയിലായത്. കാലിഫോര്‍ണിയയിലെ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അജ്മാനിലെ പ്രതികളുടെ ഫഌറ്റ് പോലീസ് പരിശോധിച്ചപ്പോള്‍ 50 ലക്ഷത്തിലധികം ബേങ്ക് എക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെത്തി. ഇവര്‍, ഗൂഢനീക്കത്തില്‍ വിജയിച്ചിരുന്നുവെങ്കില്‍ അമേരിക്കന്‍ ബേങ്കുകള്‍ക്കും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും അക്കൗണ്ട് ഉടമകള്‍ക്കും വന്‍ നഷ്ടം സംഭവിക്കുമായിരുന്നു.

Latest