Connect with us

National

വിശ്വസ്തന്റെ വെളിപ്പെടുത്തല്‍; ആണവകരാറില്‍ നിന്ന് പിന്മാറാന്‍ മന്‍മോഹന്‍ സിംഗ് ആഗ്രഹിച്ചിരുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യ- അമേരിക്ക സിവില്‍ ആണവ ഉടമ്പടിയില്‍ നിന്നും പിന്മാറാന്‍ ഒരുഘട്ടത്തില്‍ പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഉടമ്പടി പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് സിംഗ് ഈ ആവശ്യം ഉന്നയിച്ചത്.
ഇന്ത്യക്ക് അന്താരാഷ്ട്ര പരിശോധനക്ക് വിധേയമല്ലാത്ത രണ്ട് ആണവ റിയാക്ടറുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന അമേരിക്കന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്‍മോഹന്‍ സിംഗ് കരാറില്‍ നിന്ന് പിന്മാറാന്‍ നിര്‍ദേശിച്ചതെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തന്‍ വെളിപ്പെടുത്തി. സമാനമായ ഒരു വെളിപ്പെടുത്തല്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ എം കെ നാരായണനും വാഷിംഗ്ടണില്‍ നടത്തിയിരുന്നു. 2005 ജൂണ്‍ 18ന് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ്, ആണവ സഹകരണ ഉടമ്പടി പ്രഖ്യാപിക്കാനിരിക്കെയാണ് ഇന്ത്യ- അമേരിക്ക ആണവ സഹകരണ ഉടമ്പടിയില്‍ നിന്ന് പിന്‍മാറാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിര്‍ദേശിച്ചതെന്ന് എം കെ നാരായണനും വാഷിംഗ്ടണില്‍ പ്രസ്താവിച്ചിരുന്നു.
ആണവ കരാറിനോടുള്ള വിയോജിപ്പിനെ തുടര്‍ന്ന് പ്രതിപക്ഷവും പ്രക്ഷോഭ രംഗത്തായിരുന്നു. അന്താരാഷ്ട്ര സുരക്ഷാ സംവിധാനത്തിന് വിധേയമാകാത്ത ഇന്ത്യന്‍ റിയാക്ടറുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസും ഒരു ധാരണയിലെത്തിയിരുന്നു. ഇവിടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കവെയാണ് എം കെ നാരായണന്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. അന്താരാഷ്ട്ര പരിശോധനക്ക് ഇന്ത്യയിലെ ആണവ റിയാക്ടറുകളെല്ലാം വിധേയമാക്കണമെന്നതായിരുന്നു അമേരിക്കന്‍ ഭരണകൂടത്തിന്റെ നിലപാട്. ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാനും ദേശീയ സുരക്ഷാ ഉപദേശകനും ഈ നിലപാടിനോട് യോജിച്ചില്ല.
അമേരിക്കന്‍ ഉദ്യോഗസ്ഥ ന്മാരെ പോയി കാണാനും ഇരുവരും വിസമ്മതിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ശക്തമായ ഭാഷയില്‍ അമേരിക്കക്ക് സന്ദേശമയക്കുകയും ചെയ്തിരുന്നു. ബന്ധങ്ങള്‍ വഷളാകുന്നുവെന്ന് മനസിലാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, കോണ്ടലീസ റൈസിനെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കാണാന്‍ അദ്ദേഹം താമസിച്ചിരുന്ന വില്ലാര്‍ഡ് ഹോട്ടലിലേക്ക് അയച്ചു. എന്നാല്‍, ഈ ഘട്ടത്തില്‍ റൈസിനെ കാണാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആഗ്രഹിച്ചിരുന്നില്ലെന്ന് നാരായണന്‍ പറഞ്ഞു. റൈസ് പിന്നീട് വിദേശകാര്യ മന്ത്രിയായിരുന്ന നട്‌വര്‍ സിംഗിനെ ചെന്നുകണ്ടു. അദ്ദേഹം റൈസിനെ മന്‍മോഹന്‍ സിംഗ് താമസിക്കുന്ന സ്യൂട്ടിലെത്തിച്ചു.
അന്താരാഷ്ട്ര പരിശോധനക്ക് വിധേയമാക്കില്ലെന്ന് ഇന്ത്യ ശഠിച്ച റിയാക്ടറുകളുടെ എണ്ണം അമേരിക്കയും അംഗീകരിച്ചതിലൂടെയാണ് ഇന്ത്യാ- അമേരിക്ക ആണവ സഹകരണ ഉടമ്പടി യാഥാര്‍ഥ്യമായത്.