Connect with us

Ongoing News

പൂഴ്ത്തിവെപ്പും കരിഞ്ചന്തയും

Published

|

Last Updated

കൊള്ളലാഭത്തിന് വേണ്ടി ഭക്ഷ്യവസ്തുക്കളില്‍ വന്‍തോതില്‍ മാരകമായ വിഷം കലര്‍ത്തുന്നവര്‍ ഒരുഭാഗത്ത്, വില്‍പ്പനച്ചരക്കുകളിലെ ന്യൂനതകള്‍ മറച്ചുവെച്ചും അളവ് തൂക്കം കുറച്ചും വില്‍ക്കുന്നവര്‍ വേറെയും. ലാഭക്കൊതിയന്മാരുടെ പിടിയിലാണ് സാധാരണക്കാര്‍. ധാര്‍മിക മൂല്യങ്ങളോ സനാതന തത്വങ്ങളോ ഭൂരിഭാഗം പേരെയും വഴിനടത്താത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടും സാമ്പത്തിക വ്യവസ്ഥിതിയുമാണ് ഇവിടെ വെളിച്ചം വീശേണ്ടത്. അളവിലും തൂക്കത്തിലും കമ്മി വരുത്തുന്നവര്‍ക്കാണ് വമ്പിച്ച നാശം. അതായത് അവര്‍ ജനങ്ങളോട് അളന്ന് വാങ്ങുമ്പോള്‍ പൂര്‍ണമായെടുക്കുന്നതും അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ കുറവ് വരുത്തുന്നതുമാണ്. തങ്ങള്‍ മരണാനന്തരം ഗൗരവതരമായൊരു ദിവസം എഴുന്നേല്‍പ്പിക്കപ്പെടുമെന്ന് അവര്‍ വിചാരിക്കുന്നില്ലേ? (ഖുര്‍ആന്‍ 83:1-5). അളവിലും തൂക്കത്തിലും കൃത്രിമം കാട്ടിയാല്‍ പരലോകത്ത് കടുത്ത ശിക്ഷയുണ്ടാകുമെന്ന് മാത്രമല്ല, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, തൂക്കം വര്‍ധിപ്പിക്കാന്‍ വേണ്ടി നനക്കുക, മായം ചേര്‍ക്കുക, വില നിലവാരം അറിയാത്തവരില്‍ നിന്ന് വഴിയില്‍ വെച്ച് തന്നെ വസ്തുക്കള്‍ വാങ്ങുക, പഴങ്ങളും ധാന്യങ്ങളും വിളവ് പാകമാകുന്നതിന് മുമ്പ് തന്നെ കച്ചവടം നടത്തുക, ഗര്‍ഭസ്ഥ ശിശുവിനെ വില്‍ക്കുക, തൊഴിലാളിയുടെ വേതനം മുഴുവന്‍ കൊടുക്കാതിരിക്കുക, വിളവ് ഉണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ കര്‍ഷകരില്‍ നിന്ന് നിശ്ചിത വിഹിതം പാട്ടം വാങ്ങുക, കാണാത്ത വസ്തുക്കള്‍ വില്‍പ്പന നടത്തുക, മൃഗങ്ങളുടെ അകിട് കെട്ടുക, കൊള്ളലാഭമെടുക്കുക, കൈക്കൂലി വാങ്ങുക-കൊടുക്കുക തുടങ്ങിയവയെല്ലാം ഇസ്‌ലാം നിരോധിക്കുന്നു. (ബുഖാരി, മുസ്‌ലിം, ഇബ്‌നു മാജ).
അതുപോലെ ഭക്ഷ്യ വസ്തുക്കള്‍ പൂഴ്ത്തിവെക്കുന്നതും കരിഞ്ചന്തക്ക് വില്‍ക്കുന്നതും കൊടിയ പാപമാണ് .
“ആരെങ്കിലും വില വര്‍ധിപ്പിക്കാന്‍ വേണ്ടി വല്ല വസ്തുവും പൂഴ്ത്തിവെച്ചാല്‍ അവന്‍ പാപിയാണ്” (ഹാകിം). അല്ലാഹുവിന്റെ ദാസന്‍ പൂഴ്ത്തിവെക്കുന്നത് വളരെ നീചമായ നടപടിയത്രെ. അവന്റെ മനഃസ്ഥിതി നോക്കുക: ചരക്കുകളുടെ നിലവാരം അല്ലാഹു താഴ്ത്തിയാല്‍ അവന്‍ കുണ്ഠിതപ്പെടും. ഉയര്‍ത്തിയാല്‍ സന്തുഷ്ടനുമാകും.” (ബൈഹഖി). “വിഭവങ്ങള്‍ വില്‍പ്പന നടത്താതെ വില വര്‍ധനയുണ്ടാകാന്‍ വേണ്ടി ജനങ്ങള്‍ക്ക് ആവശ്യമുള്ള സന്ദര്‍ഭത്തില്‍ സൂക്ഷിച്ചുവെക്കുന്നതാണ് ഇസ്‌ലാമികദൃഷ്ട്യാ പൂഴ്ത്തിവെപ്പ്. ഇപ്രകാരമാണ് ഇമാം മാലിക് (റ) വ്യാഖ്യാനിച്ചിട്ടുള്ളത്. (ഫത്ഹുല്‍ബാരി 4:348) പൂഴ്ത്തിവെക്കുവാന്‍ പാടുള്ളതല്ല (മുവത്വ 3:299) വ്യക്തികളുടെ സ്വത്തായിട്ടും നബി (സ) ജനങ്ങളുടെതെന്ന് പ്രയോഗിച്ചത് ശ്രദ്ധേയമാണ്.